UDF

2011, ജൂലൈ 31, ഞായറാഴ്‌ച

മുഖ്യമന്ത്രിക്ക് വേഗത, ഭരണയന്ത്രത്തിന് വിമുഖത

മുഖ്യമന്ത്രിക്ക് വേഗത, ഭരണയന്ത്രത്തിന് വിമുഖത
 
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ രണ്ടുമാസം പിന്നിടുമ്പോള്‍ മുഖ്യമന്ത്രി അതിശയിപ്പിക്കുന്ന വേഗതയിലാണ്. എന്നാല്‍ ഭരണയന്ത്രം  ഉമ്മന്‍ചാണ്ടിക്കൊപ്പമെത്താനാകാതെ മുടന്തുന്നു. ഘടകകക്ഷികളുടെ പ്രത്യേക  താല്‍പര്യങ്ങള്‍ക്കു പുറമേ ഉദ്യോഗസ്ഥതലത്തിലെ മുന്‍ഭരണത്തിന്റെ  അവശേഷിപ്പുകളും മധ്യതല ഉദ്യോഗസ്ഥവൃന്ദത്തിലെ രാഷ്ട്രീയതാല്‍പര്യങ്ങളും  ചേര്‍ന്ന പൊരുത്തക്കേടുകളാണ് വേഗത കുറക്കുന്നത്.എങ്കിലും  മുന്‍സര്‍ക്കാറിന്റെ നേട്ടങ്ങളെ മറികടക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ
ശ്രമങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയതായി ഭരണ ഏകോപനത്തിനായി കെ.പി.സി.സി  രൂപവത്കരിച്ച സമിതി വിലയിരുത്തുന്നു.   ഭരണതലത്തെ ഉദ്ദീപിപ്പിക്കാനാണ്  നൂറുദിന പരിപാടി പ്രഖ്യാപിച്ചത്. പരിപാടിക്കനുസൃതമായി വേഗത പ്രകടിപ്പിച്ചത്  മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും മാത്രമാണ്.

ഘടകകക്ഷികള്‍ മാത്രമല്ല, കോണ്‍ഗ്രസിലെ മന്ത്രിമാരും ആ നിലവാരത്തിലേക്ക്  ഉയര്‍ന്നില്ല. ചിലരാകട്ടെ അബദ്ധങ്ങളില്‍ ചാടുകയുംചെയ്തു. കാലിക്കറ്റ്  സര്‍വകലാശാലാ വൈസ് ചാന്‍സലറെ നിശ്ചയിക്കാനുള്ള ചുമതല മുസ്‌ലിം ലീഗിന്  നല്‍കിയത് പരസ്‌പരധാരണയുടെ അടിസ്ഥാനത്തിലാണ്.

എന്നാല്‍ അനുയോജ്യമായ നിയമനം നടത്തുന്നതിലുണ്ടായ പരാജയം സര്‍ക്കാറിന്  തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് നിയമനം  നടന്നുമില്ല. ഒരുമാസത്തിനുള്ളില്‍ മികച്ച വ്യക്തിയെകണ്ടെത്തി നിയമനം  നടത്താത്തപക്ഷം മുഖ്യമന്ത്രി പിന്നെയും പ്രശ്‌നത്തിലിടപെട്ടേക്കാം.

ബജറ്റായിരുന്നു മറ്റൊരു തിരിച്ചടി. നിയമസഭയില്‍ ബജറ്റിന്  കോണ്‍ഗ്രസില്‍നിന്ന് തന്നെ എതിര്‍പ്പുണ്ടായി. സഭാതലത്തിലെ ഭരണപക്ഷത്തിന്റെ ഈ  തിരിഞ്ഞുകുത്തല്‍ പ്രതിപക്ഷത്തിന് വേണ്ടവിധം മുതലാക്കാനായില്ല എന്ന്  സര്‍ക്കാറിന് ആശ്വസിക്കാം. ബജറ്റിനെതിരെ പ്രതിഷേധമുയര്‍ത്തിയ കോണ്‍ഗ്രസ്  മന്ത്രിമാരെ പാട്ടിലാക്കാന്‍ നിയമസഭയില്‍ സ്‌പീക്കര്‍ കാണിച്ച സാമര്‍ഥ്യം  ധനമന്ത്രിക്കു തുണയായി.

എന്നാലും ബജറ്റിനേറ്റ കളങ്കത്തില്‍നിന്ന് മോചിപ്പിക്കാന്‍ ധനമന്ത്രി  വോട്ടോണ്‍ അക്കൗണ്ട് ചര്‍ച്ചാവേളയില്‍ നടത്തിയ തിരുത്തലുകള്‍ക്കും  കഴിഞ്ഞില്ല. കോണ്‍ഗ്രസ് അംഗങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി അവതരിപ്പിച്ച  ധവളപത്രം കൊണ്ടുണ്ടായ മാനക്കേടിനും പരിഹാരമായില്ല. ബദല്‍ ധവളപത്രംകൊണ്ട്  പ്രതിപക്ഷം അതിനെ നേരിടുകയുംചെയ്തു.

ഉന്നതോദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി പൂര്‍ണമായിട്ടില്ല. ഇതാണ് വേഗത  കുറക്കുന്നതെന്ന അഭിപ്രായം കെ.പി.സി.സി ഉണ്ടാക്കിയ ഏകോപനസമിതിക്കുണ്ട്.  അതിനാല്‍ നൂറുദിന പരിപാടിയില്‍ ഉദ്യോഗസ്ഥരുടെ നിലപാടും പ്രവര്‍ത്തനവും  വിലയിരുത്തി മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍  ഒരുങ്ങുന്നത്.നൂറുദിനത്തിന് ശേഷം പൂര്‍ണമായ അഴിച്ചുപണി പ്രതീക്ഷിക്കാം.

എന്നാല്‍ മധ്യതല ഉദ്യോഗസ്ഥരില്‍ ഭരണപക്ഷത്തെ അനുകൂലിക്കുന്ന  വിഭാഗത്തിന്റെ ഇടപെടലുകളും നിലപാടും ഗുണകരമല്ലെന്നതാണ്   വിലയിരുത്തല്‍.മുന്‍ സര്‍ക്കാറിന്റെ കാലത്ത് പ്രധാന പദവികളിലിരുന്ന  ഉദ്യോഗസ്ഥരോട് പകപോക്കല്‍ വേണ്ടെന്നതാണ് മുഖ്യമന്ത്രിയടക്കമുള്ള  കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടെങ്കിലും എല്ലാവരെയും മാറ്റണമെന്ന് സംഘടനകള്‍  ശഠിക്കുന്നു. ഈ ശാഠ്യം അവരുടെ മെല്ലെപ്പോക്കിനും മറ്റ് ജീവനക്കാരുടെ  വിമുഖതക്കും ഇടവരുത്തുന്നതായും വിലയിരുത്തപ്പെടുന്നു.പരിചയസമ്പന്നതയും  വൈദഗ്ധ്യവുമുള്ള മന്ത്രിമാര്‍ കുറവാണെന്നതാണ് ഏകോപനസമിതിയുടെ മറ്റൊരു  വിലയിരുത്തല്‍.

എന്നാലും മികച്ച നിലവാരത്തിലേക്ക് മന്ത്രിസഭയെ ഉയര്‍ത്താനാകുമെന്ന  വിശ്വാസത്തിലാണ് മുഖ്യമന്ത്രി. നൂറുദിവസംകൊണ്ട് മുന്‍ മന്ത്രിസഭയെ  മറികടക്കുംവിധം നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ്  അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.