
കൊച്ചി മെട്രോ റെയില്‍ പദ്ധതി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കുതിച്ച് ചാട്ടമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.കൊച്ചി മെട്രോ റെയില്‍ അനുബന്ധ പദ്ധതി നിര്‍മാണോദ്ഘാടനം എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി വിജയമായാല്‍ കേരളത്തിന്റെ തെക്ക്- വടക്ക് ജില്ലകളെ ബന്ധിപ്പിച്ച് അതിവേഗ കോറിഡോര്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ സാഹചര്യമൊരുങ്ങും.ഇത്തരം പദ്ധതികള്‍ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരും.അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം,ആരോഗ്യം എന്നിവയില്‍ മുന്നിലെത്താന്‍ രാഷ്ട്രീയാധീതമായ പ്രവര്‍ത്തനം പൊതുപ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാകണം.ദല്‍ഹി മെട്രോ റെയില്‍ എം.ഡി ഇ. ശ്രീധരന്റെ സാന്നിധ്യവും നേതൃത്വവും പദ്ധതിയുടെ കരുത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
4500 കോടി മുതല്‍ മുടക്കുള്ള പദ്ധതി സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ഗുണം ചെയ്യുമെന്ന് തുടര്‍ന്ന് ചടങ്ങില്‍ സംസാരിച്ച വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.
കേവലം 1500 കോടിക്ക് തീര്‍ക്കാമായിരുന്ന പദ്ധതി ആറുവര്‍ഷം വൈകിപ്പിച്ച് 4500 കോടി മുതല്‍ മുടക്കിലെത്തിച്ചത് വികസനത്തെ പിന്നോട്ട് വലിച്ചെന്ന് പി. രാജീവ് എം.പി അഭിപ്രായപ്പെട്ടു. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ സ്‌പെഷല്‍ ഓഫിസര്‍ ടോം ജോസ് പദ്ധതിയുടെ അവതരണം നിര്‍വഹിച്ചു.കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ.വി. തോമസ്, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എക്‌സൈസ് മന്ത്രി കെ. ബാബു, സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ്, മേയര്‍ ടോണി ചമ്മണി എന്നിവര്‍ സംസാരിച്ചു.