UDF

2011, ജൂലൈ 31, ഞായറാഴ്‌ച

നഗരവികസനത്തിനുള്ള വായ്‌പാ നിരക്കുകള്‍ കുറയ്ക്കണം

തിരുവനന്തപുരം: കേരള സംസ്ഥാന നഗരവികസന പദ്ധതിയുടെ വായ്പാനിരക്കുകള്‍ പരമാവധി കുറയ്ക്കാന്‍ ഏഷ്യന്‍ വികസന ബാങ്കും (എ.ഡി.ബി) കേന്ദ്ര സാമ്പത്തികകാര്യ വകുപ്പും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. എ.ഡി.ബി. സഹായത്തോടെ നടപ്പാക്കുന്ന വികസനപദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ച് കേന്ദ്ര സാമ്പത്തികകാര്യ വകുപ്പും എ.ഡി.ബിയും സംയുക്തമായി സംഘടിപ്പിച്ച അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കേരളത്തിലെ അഞ്ച് നഗരങ്ങളുടെ വികസനവും സേവന നിലവാരവും ഉയര്‍ത്തുകയെന്നതാണ് കേരള സംസ്ഥാന നഗരവികസന പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എങ്കിലും പ്രാദേശിക സാഹചര്യങ്ങള്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഗണിച്ച് എ.ഡി.ബിയുടെ ചില നിരക്കുകള്‍ വായ്പ വാങ്ങിയ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ കുറവുവരുത്തണം. ഈ വായ്പകളുടെ തിരിച്ചടവ് സംസ്ഥാന സര്‍ക്കാരുകളുടെ മാത്രം ഉത്തരവാദിത്വമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും-ഉമ്മന്‍ചാണ്ടി പറഞ്ഞു.


കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ച് വളരെ വിശാലവും ഉയര്‍ന്നതുമായ ഒരു കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഈ വികസനലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്ന കാര്യങ്ങളില്‍ എ.ഡി.ബിക്ക് കേരളത്തെ സഹായിക്കാനാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വികസനാനുഭവങ്ങള്‍ പകര്‍ന്നുതന്നും പുതിയ ആശയങ്ങള്‍ പങ്കുവെച്ചും വായ്പകള്‍ നല്‍കിയും ഈ സഹായം ലഭ്യമാക്കാനാകും. 'എല്ലാവര്‍ക്കും കുടിവെള്ളം' എന്ന എ.ഡി.ബിയുടെ മുദ്രാവാക്യം കേരളത്തെ ആകര്‍ഷിക്കുന്നുണ്ട്. കേരളത്തിലെ ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും എ.ഡി.ബിയില്‍ നിന്നും സാമ്പത്തിക-സാങ്കേതിക സഹായം സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


കേരളം 44 നദികളുടെ സാന്നിധ്യംകൊണ്ട് അനുഗൃഹീതമാണ്. ഇതിനുപുറമേ കായലുകളും തോടുകളും കനാലുകളും കേരളത്തെ ജലസമ്പന്നമാക്കുന്നു. ഭൂഗര്‍ഭജലവിതാനം താഴാതെ സംരക്ഷിക്കുന്നതിലും ഈ ജലസ്രോതസുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മുന്‍കാലത്ത് ഈ നദികള്‍ യാത്രയ്ക്കും ചരക്കുകടത്തിനും ഉപയോഗപ്പെട്ടിരുന്നു.  ഇവ മെച്ചപ്പെടുത്തനായാല്‍ ചരക്കുകടത്തിലും ടൂറിസം മേഖലയിലും നേട്ടങ്ങള്‍കൈവരിക്കാനാകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.


ജനങ്ങള്‍ക്ക് ഗുണമേന്മയുള്ളതും സമയബന്ധിതവുമായ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേവനഅവകാശ നിയമത്തിന് രൂപംനല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉദ്ഘാടനത്തിനുശേഷം പ്രതിനിധികളുമായി നടത്തിയ സംവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരുകളില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയാണ് അര്‍പ്പിച്ചിരിക്കുന്നത്. ഈ പ്രതീക്ഷയോട്  നീതിപുലര്‍ത്തുകയെന്നതും ഈ നിയമനിര്‍മാണത്തിന്റെ പിറകിലുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.


കേരളത്തിലെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുന്നതിന് ഗ്യാസ് തെര്‍മല്‍ പ്രോജക്ടാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഇതുവരെയും വികസനത്തിന്റെ വെളിച്ചം എത്താത്ത പ്രദേശങ്ങളില്‍ വസിക്കുന്നവരും ഒരുതരത്തിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളുടെയും ഗുണഫലങ്ങള്‍ ലഭിക്കാത്തവരുമായ ജനവിഭാഗങ്ങളുടെ ഉന്നതി ലക്ഷ്യമിട്ട് 'ആശ്രയ' പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേന്ദ്ര സാമ്പത്തികകാര്യവകുപ്പ് സെക്രട്ടറി എല്‍.എം.വാസ് അധ്യക്ഷതവഹിച്ചു. സാമ്പത്തികകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി വേണു രാജാമണി സ്വാഗതവും എ.ഡി.ബി ഡയറക്ടര്‍ ഹുണ്‍കിം നന്ദിയും പറഞ്ഞു.