UDF

Monday, March 5, 2012

കടലിലെ കൊല:നയതന്ത്രത്തിന്റെ മറവില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല

കടലിലെ കൊല:നയതന്ത്രത്തിന്റെ മറവില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല

കടലില്‍ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവങ്ങളില്‍ നയതന്ത്രത്തിന്റെ പേരില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നടുക്കടലില്‍ ക്രൂരമായ കൊലപാതകമാണ് ഉണ്ടായത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ വിട്ടുവീഴ്ചയില്ല. കേസ് ശക്തമായി, കുറ്റമറ്റ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തീര സുരക്ഷക്ക് കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പല്‍ വെടിവച്ചുകൊന്നതും കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലെ തൊഴിലാളികള്‍ മരിച്ചതും അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.  സര്‍ക്കാര്‍ നടപടികളില്‍ തൃപ്തരാകാതെ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നസംഭവത്തില്‍ ഇറ്റലിക്കാരുടെ ഒരു വാദവും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇന്ത്യന്‍ നിയമത്തിന് കീഴടങ്ങണമെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പിഴവില്ല.
വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് 33 കിലോമീറ്റര്‍ യാത്ര ചെയ്താണ് നീണ്ടകരയില്‍ എത്തിയതെന്നാണ് ബോട്ടുകാരുടെ മൊഴി. 20.5 കിലോമീറ്റര്‍ തീരത്ത് നിന്ന് ദൂരമുണ്ടെന്നും തൊഴിലാളികള്‍ മൊഴി നല്‍കിയിരുന്നു.


12 മൈല്‍ കഴിഞ്ഞാല്‍ തങ്ങള്‍ക്ക് ഇന്ത്യന്‍ നിയമം ബാധകമല്ലെന്നായിരുന്നു ഇറ്റലിയുടെ വാദം. 12 മൈല്‍ അപ്പുറത്ത് കപ്പലിനുള്ളില്‍ കുറ്റം നടന്നാല്‍ ബാധകമല്ല. എന്നാല്‍ പുറത്തുള്ള രണ്ട് പേരെ വെടിവെച്ച് കൊന്നാല്‍ ഇന്ത്യന്‍ നിയമം ബാധകമാണ്. പൊലീസ് കസ്റ്റഡിയില്‍ കിട്ടുന്നവരോട് മാന്യമായാണ് പെരുമാറിയതെന്ന് പ്രതികളെ ജയിലിലടയ്ക്കാതെ ഗെസ്റ്റ്ഹൗസില്‍ താമസിപ്പിക്കുന്നെന്ന ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.


ചോദ്യം ചെയ്യാന്‍ കോടതി വിട്ടുനല്‍കുന്നവരെ സൗകര്യമുള്ളസ്ഥലത്ത് കൊണ്ട് താമസിപ്പിക്കുന്നത് സാധാരണമാണ്. കല്ലുവാതുക്കല്‍കേസിലെ പ്രതികളെയും ഇങ്ങനെ പൊലീസ് സെല്ലില്‍ താമസിപ്പിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ തെളിവുകളും കിട്ടിയിട്ടുണ്ട്. ആയുധങ്ങളും പിടിച്ചു. കപ്പിത്താനെ അറസ്റ്റ് ചെയ്യണമോ എന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. ബോധപൂര്‍വം ആരെയും പ്രതിയാക്കില്ല. എല്ലാം സുതാര്യമായിരിക്കും.
ആലപ്പുഴ ഭാഗത്ത് കപ്പലിടിച്ചുണ്ടായ അപകടത്തില്‍ സംശയാസ്പദമായ കപ്പല്‍ ചെന്നൈയില്‍ എത്തിച്ച് പരിശോധിക്കും. ഇതിനായി ഉദ്യോഗസ്ഥര്‍ പുറപ്പെട്ടിട്ടുണ്ട്. തകര്‍ന്ന് മുങ്ങിയ ബോട്ട് 47 മീറ്റര്‍ താഴെയാണ്. അതില്‍ വിശദ പരിശോധന നടത്താന്‍ നേവിയുടെ കപ്പല്‍ പോകും. ആഴത്തില്‍ പോയി പരിശോധിക്കാന്‍ പോര്‍ട്ട് ട്രസ്റ്റിലെ വിദഗ്ധരുടെ സേവനം ഉപയോഗിക്കാന്‍ ശ്രമിക്കും.


വിവരം യഥാസമയം കിട്ടാത്തതിനാല്‍ കപ്പല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആ സമയം അതുവഴിപോയ എല്ലാ കപ്പലുകളും നിരീക്ഷിച്ചു. സംശയമുള്ള നാല് കപ്പലില്‍ മൂന്നും പരിശോധിച്ചു. ഇനി ഒരു കപ്പല്‍ കൂടിയുണ്ട്. അവരുടെ നടപടി സംശയാസ്പദമാണ്. മരിച്ച സന്തോഷിന്റെ മൃതദേഹം സ്പീഡ്ബോട്ടിലേക്ക് മാറ്റാന്‍ കഴിയാത്ത സാഹചര്യമാണ് കടലിലുണ്ടായിരുന്നത്. അതിനാലാണ് മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.