UDF

2012, മാർച്ച് 29, വ്യാഴാഴ്‌ച

മന്ത്രിതര്‍ക്കങ്ങള്‍ യു.ഡി.എഫ്. ചര്‍ച്ച ചെയ്യും

മന്ത്രിതര്‍ക്കങ്ങള്‍ യു.ഡി.എഫ്. ചര്‍ച്ച ചെയ്യും 


 


ന്യൂഡല്‍ഹി: മന്ത്രി ഗണേശ്കുമാറുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ളയുടെ ആവശ്യവും അഞ്ചാം മന്ത്രിക്കായുള്ള ലീഗിന്റെ ആവശ്യവും യു.ഡി.എഫ്. ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

കെ.ബി. ഗണേശ്കുമാര്‍ ഉള്‍പ്പെടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെക്കുറിച്ചും തനിക്ക് നല്ല അഭിപ്രായമാണെന്നും എല്ലാവരും സമര്‍ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് മുസ്‌ലിം ലീഗ്. ആവശ്യമുന്നയിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ യു.ഡി.എഫാണ് തീരുമാനം എടുക്കുക. പരസ്​പരം ചര്‍ച്ചചെയ്തും എല്ലാവരുടെയും അഭിപ്രായമാരാഞ്ഞും തീരുമാനം എടുക്കുന്നതാണ് യു.ഡി.എഫിന്റെ ശൈലി. അനൂപ് ജേക്കബിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചോദ്യത്തിനും ഇക്കാര്യങ്ങള്‍ യു.ഡി.എഫ്. തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി മുഖ്യമന്ത്രി ചൊവ്വാഴ്ച ചര്‍ച്ച നടത്തി. പിറവം തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ , നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് എന്നിവ ചര്‍ച്ചാവിഷയമായി.

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മലയാളികളെ മോചിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി വിദേശകാര്യ സെക്രട്ടറി രഞ്ചന്‍ മത്തായിയുമായി മുഖ്യമന്ത്രി ടെലിഫോണില്‍ ബന്ധപ്പെട്ടു.