UDF

2011, ജൂലൈ 31, ഞായറാഴ്‌ച

സേവനങ്ങള്‍ സാധാരണക്കാരന്റെ അവകാശമാക്കും




കൊച്ചി: സര്‍ക്കാര്‍ സേവനങ്ങള്‍ സാധാരണക്കാരന്റെ അവകാശമാക്കിമാറ്റാനുള്ള നിയമനിര്‍മ്മാണത്തെക്കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  അറിയിച്ചു. കേരളത്തെ ലോകത്തിനുമുന്നില്‍ ബ്രാന്‍ഡ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും ഇതിനായി എമര്‍ജിങ് കേരള 2012 എന്ന പേരിലുള്ള പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ(കെ.എസ്.ഐ.ഡി.സി) സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.



വികസനത്തില്‍ രാഷ്ട്രീയമായ ചേരിതിരിവുകള്‍ക്ക് സ്ഥാനമുണ്ടാകില്ല. പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കും. യോജിക്കാവുന്നതിലൊക്കെ യോജിക്കുക എന്നതാണ് സര്‍ക്കാറിന്റെ നയം. വിവാദങ്ങള്‍ വികസനത്തിന് തടസ്സമാകാത്ത വിധത്തിലുള്ള സമീപനമാകും സ്വീകരിക്കുകയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.




പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ.എസ്.ഐ.ഡി.സി ചെയര്‍മാനുമായ ടി.കെ.എ നായര്‍ സുവര്‍ണ്ണജൂബിലി പ്രഭാഷണം നടത്തി. നിക്ഷേപസൗഹൃദസംസ്ഥാനമല്ല കേരളമെന്ന ഇമേജ് മാറ്റിയെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യവസായങ്ങള്‍ പരിസ്ഥിതി സൗഹൃദമാകണമെന്നും ഊര്‍ജ്ജമേഖലയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും ടി.കെ.എ.നായര്‍ പറഞ്ഞു. 50 പ്രമുഖ സംരംഭകര്‍ പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് സ്വീകരിച്ചു. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. ബി.പി.എല്‍ കുടുംബങ്ങളില്‍ നിന്നുള്ള 50പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.