UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

farmers എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
farmers എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021, ഡിസംബർ 9, വ്യാഴാഴ്‌ച

ഈ വിജയം ഐതിഹാസികം! കർഷകർക്ക് അഭിവാദ്യങ്ങൾ

 


ഇത് കർഷകരുടെ ഐതിഹാസിക വിജയമാണ്.

കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം കർഷകരുടെ സമരവീര്യത്തിനു മുന്നിൽ തകർന്നടിഞ്ഞു. കൊടും ചൂടും കടുത്ത ശൈത്യവും കടന്നു മറ്റൊരു ശൈത്യകാലത്തിന്റെ തുടക്കത്തിലാണ് കർഷകസമരം 

വിജയത്തിലെത്തിയത്. ഈ പോരാട്ടത്തിന് നേതൃത്വം നൽകിയ കർഷകരെ അഭിനന്ദിക്കുന്നു. 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഒരു വർഷം നീണ്ട സമരത്തിനിടെ 700 ഓളം കര്‍ഷകരാണ് കൊല്ലപ്പെട്ടത്. ഇതിന് ഉത്തരവാദികള്‍ മോദിയും ബി.ജെ.പി സര്‍ക്കാരുമാണ്. അനാഥമായ കർഷക കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തിരമായി നൽകണം. 

കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ ധീരന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കർഷക സമരം, നീതി നിഷേധിക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങൾക്ക് പോരാടാനുള്ള കരുത്തും പ്രചോദനവും നൽകുമെന്ന് എനിക്ക് ഉറപ്പാണ്.


2021, നവംബർ 20, ശനിയാഴ്‌ച

കർഷകരോഷത്തെ ഭയന്ന് പിന്മാറ്റം

 


കര്‍ഷകരോഷത്തില്‍ ആവിയാപ്പോകുമെന്നു ഭയന്നാണ് മോദി സര്‍ക്കാര്‍ കുപ്രസിദ്ധമായ കര്‍ഷക നിയമം പിന്‍വലിച്ചത്.

750 കര്‍ഷകര്‍ ചോര കൊടുത്തും ലക്ഷക്കണക്കിനു കര്‍ഷകര്‍ നീരുകൊടുത്തും കൈവരിച്ച നേട്ടമാണിത്. വെടിയുണ്ടകൊണ്ട് വീണിട്ടും ഗാന്ധിയന്‍ മാര്‍ഗത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള ഈ സമരം സമാനതകളില്ലാത്തതാണ്. കര്‍ഷകരെ അഭിനന്ദിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  ജനരോഷത്തിനു മുന്നില്‍ ഇന്ധനവിലയും കുറയ്‌ക്കേണ്ടി വരും.

#OcSpeaks

2021, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

കര്‍ഷകസമരം ചോരയില്‍ മുക്കിക്കൊല്ലുന്നു

 


സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നീണ്ട കര്‍ഷകസമരം ചോരയില്‍ മുക്കിക്കൊല്ലാനുള്ള ബിജെപിയുടെ കിരാതനടപടികള്‍ക്ക് രാജ്യം മാപ്പുനല്കില്ല.

കേന്ദ്രമന്ത്രിയുടെ മകന്‍ സമരക്കാരുടെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയാണ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയത് എന്നത് ഞെട്ടിപ്പിച്ചു.

കര്‍ഷകരെ കൊന്ന സംഭവസ്ഥലത്തേക്ക് ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെ ഓടിയെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബേഗല്‍, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിംഗ് രണ്ടവ, മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സംഭവസ്ഥലത്ത് എത്താതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധവും വിച്ഛേദിച്ചു. ഒരു ജനാധിപത്യ രാജ്യത്താണ് ഇതൊക്കെ സംഭവിക്കുന്നത്.

സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതിനു പകരം കര്‍ഷകരെ കുറ്റക്കാരാക്കി ചില ഭരണഘടനാ സ്ഥാപനങ്ങള്‍ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ചര്‍ച്ചകളും നടക്കുന്നില്ല.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു കര്‍ഷകര്‍ പത്തുമാസത്തിലധികമായി മരംകോച്ചുന്ന തണുപ്പിനെയും കടുത്ത ചൂടിനേയും മഹാമാരിയേയും അവഗണിച്ച് നടത്തിവരുന്ന സമരം രാജ്യം കണ്ട ഏറ്റവും വലിയ ഗാന്ധിയന്‍ സമരമാണ്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികനിയമത്തിനെതിരേയുള്ള ഈ സമരത്തില്‍ നൂറു കണക്കിനു കര്‍ഷകരാണ് ഇതിനോടകം ജീവത്യാഗം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെണ് ആവശ്യപ്പെടുകയാണ്.


2021, ജനുവരി 26, ചൊവ്വാഴ്ച

കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്

 


കര്‍ഷകസമരം ഇനിയും ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ അതു തീക്കളിയായി മാറും. രണ്ടു മാസമായി തെരുവില്‍ കഴിയുന്ന കര്‍ഷകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. അവരുടെ ആവശ്യങ്ങളെ അവഗണിക്കരുത്. ഇത് രാജ്യത്തോടു കാട്ടുന്ന  വഞ്ചനയാണ്. അന്നമൂട്ടുന്ന കരങ്ങളാണ് കര്‍ഷകരുടേത്.

കര്‍ഷകരെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താം എന്നു കരുതരുത്. കര്‍ഷകര്‍ക്കൊപ്പം രാജ്യവും കോണ്‍ഗ്രസും ശക്തമായി നിലയുറപ്പിക്കും.

കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ മടിക്കുന്തോറും ഇതു കോര്‍പറേറ്റുകള്‍ക്കുള്ള കരിനിയമമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്.

റിപ്പബ്ലിക് ദിനത്തില്‍ കവചിത വാഹനങ്ങളെക്കാള്‍ ശ്രദ്ധേയമായത് കര്‍ഷകരുടെ ട്രാക്ടറാണെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിയണം.



2021, ജനുവരി 12, ചൊവ്വാഴ്ച

സുപ്രീം കോടതി സ്‌റ്റേ: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കണം

 


കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നു കണ്ടെത്തിയ സുപ്രീം കോടതി കാര്‍ഷിക നിയമം സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്‍ണമായി പിന്‍വലിക്കണം.

ഏകപക്ഷീയമായി വിദഗ്ധസമിതിയെ നിയമിച്ചും വീണ്ടും കോടതിയിലേക്ക് കര്‍ഷകരെ വലിച്ചിഴച്ചും ഇനിയും അവരെ ദ്രോഹിക്കരുത്. വിദഗ്ധസമിതിയംഗങ്ങള്‍ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണ്. കര്‍ഷകര്‍ക്ക് സ്വീകാര്യമായ വിദഗ്ധസമിതിയാണ് വേണ്ടത്. കര്‍ഷകര്‍ക്കുവേണ്ടി കൊണ്ടുവന്ന നിയമത്തെ കര്‍ഷകര്‍ തന്നെ എതിര്‍ക്കുമ്പോള്‍, ഇതു കര്‍ഷകര്‍ക്കുവേണ്ടിയുള്ള നിയമമല്ലെന്നു വ്യക്തം.

കനത്ത മഴയിലും മഞ്ഞിലും തണുപ്പിലും സുദീര്‍ഘമായ സഹനസമരം നടത്തി വരുന്ന കര്‍ഷകരെ അഭിവാദ്യം ചെയ്യുന്നു. കര്‍ഷകര്‍ക്കിത് ജീവന്മരണ പോരാട്ടമാണ്. കര്‍ഷകരോടൊപ്പം അടിയുറച്ചുനിന്ന് കോണ്‍ഗ്രസ് കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരേയുള്ള പോരാട്ടം തുടരുകയും ചെയ്യും. 

2020, നവംബർ 30, തിങ്കളാഴ്‌ച

കര്‍ഷക സമരം കണ്ടില്ലെന്ന് നടിക്കുന്നത് തീക്കളി

 


കനത്ത മഞ്ഞിലും തണുപ്പിലും രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി നടത്തിവരുന്ന പ്രക്ഷോഭം കണ്ടില്ലെന്നു നടക്കുന്ന മോഡി ഭരണകൂടം തീക്കളിയാണ് നടത്തുന്നത്. പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍  തമ്പടിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്കു പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍കൂടി എത്തുന്നതോടെ 'ഡല്‍ഹി ചലോ മാര്‍ച്ച്' കര്‍ഷകസാഗരമായി മാറും.

കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്താതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി തടസങ്ങള്‍ ഉണ്ടാക്കി. എല്ലാ റോഡുകളും ബ്ലോക്ക് ചെയ്തു. കര്‍ഷകര്‍ക്കു നേരേ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.  റോഡുനീളെ മുള്‍വേലി ഉയര്‍ത്തി. 9 സ്‌റ്റേഡിയങ്ങള്‍  ജയിലാക്കി അതിലടയ്ക്കാന്‍ ശ്രമിച്ചു. യുദ്ധസമാനമായ അന്തരീക്ഷമാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചത്  

ഹം ഹോംഗെ കാമ്യാബ് (അതിജീവിക്കും നമ്മള്‍) എന്ന മുദ്രാവാക്യം തൊണ്ടകീറി പാടിയാണ്  കര്‍ഷകര്‍ രാത്രികളെ അതിജീവിക്കുന്നത്. ട്രാക്ടര്‍ വെളിച്ചത്തില്‍ അവര്‍ ഭക്ഷണം പാകം ചെയ്യുന്നു. ഇവരെ സഹായിക്കാന്‍ ആയിരക്കണക്കിന് സ്ത്രീകളും എത്തി.  ആറുമാസം വരെ പ്രക്ഷോഭം നയിക്കാനുള്ള കരുത്തുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലുള്ളത്.

കര്‍ഷകരെ കേള്‍ക്കാന്‍ മോഡി ഭരണകൂടം തയാറാകുന്നില്ല.  കര്‍ഷകരുടെ രക്ഷയ്ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം കൊണ്ടുവന്നത് എന്ന് പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍  ആവര്‍ത്തിച്ചു. അതു കര്‍ഷകര്‍ക്കു ബോധ്യപ്പെടേണ്ടേ?  അല്ലെങ്കില്‍ ചര്‍ച്ചയിലൂടെ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ടേ?

കഴിഞ്ഞ സെപ്റ്റംബര്‍ 17ന് പാര്‍ലമെന്റ് പാസാക്കിയ 3 കര്‍ഷക നിയമങ്ങളാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് വലിച്ചെറിഞ്ഞത്. ഇവ കര്‍ഷകതാത്പര്യങ്ങള്‍ ഹനിക്കുന്നതാണെന്ന് കര്‍ഷകര്‍ വിശ്വസിക്കുന്നു.

'ജയ്ജവാന്‍ ജയ്കിസാന്‍' എന്നത് ലാല്‍ ബഹദൂര്‍ ശാസ്ത്രിയിലൂടെ ഇന്ത്യവിളിച്ച മുദ്രാവാക്യമാണ്. എന്നാല്‍, കര്‍ഷകവിരോധമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര.



2020, ഒക്‌ടോബർ 27, ചൊവ്വാഴ്ച

കർഷകർക്കു വേണ്ടാത്ത സംവിധാനം സർക്കാർ കർഷകരുടെമേൽ അടിച്ചേൽപ്പിക്കുന്നു

നെല്ലു സംഭരണം നടക്കാത്തതുമൂലം പ്രതിസന്ധിയിലായ കുട്ടനാട്ടിലെ കർഷകരെ സന്ദർശിച്ചു.

കർഷകർക്കു വേണ്ടാത്ത സംവിധാനം സർക്കാർ കർഷകരുടെമേൽ അടിച്ചേൽപ്പിക്കകയാണ്.സഹകരണ സംഘങ്ങൾ വഴി നെല്ല് എടുക്കുന്നതിനോടു കർഷകർക്കു താൽപര്യമില്ല. നിലവിലുള്ള കുറ്റമറ്റ സംവിധാനമാണു സപ്ലൈകോയുടേത്. അതു തുടരണം.

രാഷ്ട്രീയത്തിനതീതമായി കുട്ടനാട്ടിലെ സഹകരണ സംഘങ്ങൾ ഒന്നടങ്കം നെല്ല് എടുക്കാനുള്ള സംവിധാനം ഇല്ലെന്ന് അറിയിച്ച സാഹചര്യത്തിൽ സപ്ലൈകോ വഴിയുള്ള നെല്ലു സംഭരണം തുടരണം. ഇന്നു മുഖ്യമന്ത്രിയുമായി പ്രശ്നം ചർച്ച ചെയ്യുന്നതാണ്.

നെടുമുടി കൃഷിഭവൻ പരിധിയിലെ പൂതിയോട്ടു വരമ്പിനകം, മുട്ടനാവേലി, വെണ്ണേലി, പുളിക്കക്കാവ് കായിപ്പാടം എന്നീ പാടശേഖരങ്ങളാണ് സന്ദർശിച്ചത്.

2020, മേയ് 24, ഞായറാഴ്‌ച

വയ്പ്പകൾക്ക് മൊറോട്ടോറിയം കാലപരിധി ആഗസ്റ്റ് 31 വരെ നീട്ടാനുള്ള ബാങ്കിന്റെ തീരുമാനം സ്വാഗതാർഹമാണ്


പക്ഷെ അതുകൊണ്ട് കാർഷിക മേഖലയ്ക്കും എം.എസ്.എം.ഇ മേഖലയ്ക്കും കാര്യമായ പ്രയോജനം ഉണ്ടാവില്ല. ഒന്നാമത്തെ കാര്യം നോട്ടുനിരോധന പ്രഖ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കൂണിന്മേൽ കുരു എന്ന പോലെ കോവിഡ് രോഗ വ്യാപനം സാമ്പത്തിക രംഗത്തെ നിശ്ചലമാക്കി. മാർച്ച് 1 മുതൽ മൂന്ന് മാസമായി സമ്പത്ഘടന ചലനരഹിതമാണ്. എല്ലാം  പൂട്ടികെട്ടി എല്ലാവരും വീട്ടിൽ ഇരിക്കുകയാണ്. ക്രയശേഷി ഇല്ലാതെയായി. സാമ്പത്തിക രംഗവും വ്യാപാര മേഖലയും സ്തംഭിച്ചു. ഇതിൽ നിന്നും മോചനം ഇല്ലാതെ ഒരു വയ്പ്പയും തിരിച്ചടക്കാൻ ആവാത്ത സ്ഥിതിയാണ് . 

സാമ്പത്തിക പാക്കേജുകളിൽ ഉൾപ്പെടുത്തി സമൂഹത്തിലെ ഏറ്റവും താഴെകിടയിൽ ഉള്ളവർക്ക് നേരിട്ട് പൈസ എത്തിക്കുകയാണ് സർക്കാർ തയ്യാറാവണം .  മൊറോട്ടോറിയം കാലഘട്ടത്തിലെ   പലിശ മുഴുവൻ എഴുതി തള്ളുകയും 25 ലക്ഷം രൂപയോ അതിൽ കുറവായിട്ടുള്ള വിദ്യാഭ്യാസ വായ്‌പ അടക്കം ഉള്ള എല്ല വയ്പ്പകളുടെ കാപ്പിറ്റൽ ലോൺ സംഖ്യയിൽ നിന്ന്  5 ലക്ഷം രൂപയെങ്കിലും കുറവ് ചെയ്യാനും കേന്ദ്ര ഗവർണമെന്റ് തയ്യാറാകണം.അല്ലാതെ മൊറോട്ടോറിയം കാലാവധി നീട്ടുന്നത് ഒരു കാലിലെ മന്ത് മറുകാലിലേക്കു മാറ്റുന്നതിന് തുല്യമായിരിക്കും.

2019, നവംബർ 25, തിങ്കളാഴ്‌ച

നെല്‍സംഭരണം: 1450 കോടി ഉടനേ നല്കണം


നെല്‍ സംഭരിച്ച ഇനത്തില്‍ സര്‍ക്കാര്‍ 1450 കോടി രൂപ ബാങ്കുകള്‍ക്കു കുടിശിക വരുത്തിയതുമൂലം നെല്‍കര്‍ഷകര്‍ റവന്യൂ റിക്കവറി നേരിടുകയാണ്. തുക അടയിന്തരമായി നല്കാന്‍ സർക്കാർ നടപടി എടുക്കണം. സിവില്‍ സപ്ലൈസ് വകുപ്പ് നെല്ല് സംഭരിച്ച് ബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക് പണം നല്‍കുകയാണ് പതിവ്. നെല്ല് ഏറ്റെടുത്ത ശേഷം മില്ലുടമകള്‍ നല്‍കുന്ന പാഡി റസിപ്റ്റ് ഷീറ്റ് (PRS) ബാങ്കുകളില്‍ ഹാജരാകുമ്പോള്‍ ലോണ്‍ വ്യവസ്ഥയില്‍ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പണം നല്‍കുന്നു. ലോണ്‍ തുകയും നിര്‍ദ്ദിഷ്ട പലിശയും സര്‍ക്കാര്‍ നേരിട്ടാണ് ബാങ്കുകള്‍ക്ക് തിരിച്ചടക്കുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഏറ്റെടുത്ത നെല്ലിന്റെ തുകയായ 1450 കോടി രൂപ സര്‍ക്കാര്‍ ഇതുവരെയും ബാങ്കുകള്‍ക്ക് നല്‍കിയിട്ടില്ല. ഇതേതുടര്‍ന്ന് PRS ഹാജരാക്കിയ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ഈ വര്‍ഷത്തെ പണം നല്‍കിയിട്ടുമില്ല.

ലോണ്‍ വ്യവസ്ഥയില്‍ കഴിഞ്ഞവര്‍ഷം ലഭ്യമാക്കിയ തുകയും പലിശയും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് റിക്കവറി നോട്ടീസ് നല്‍കുകയാണ്.

സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള കുടിശ്ശിഖ എത്രയും വേഗം ലഭ്യമാക്കി റവന്യൂ റിക്കവറി നടപടികളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കണം. മില്ലുടമകള്‍ കര്‍ഷകര്‍ക്ക് നല്‍കിയ PRS സ്വീകരിച്ച് തുക വിതരണം ചെയ്യാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നൽകുകയും വേണം.


2016, ജനുവരി 15, വെള്ളിയാഴ്‌ച

വായ്പകള്‍ സഹായകരമല്ലെങ്കില്‍ കാര്‍ഷികമേഖല തകരും


തിരുവനന്തപുരം: കാര്‍ഷികവായ്പകള്‍ സഹായകരമല്ലെങ്കില്‍ കാര്‍ഷികമേഖല തകരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നബാര്‍ഡിന്റെ സംസ്ഥാന വായ്പാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ മുടക്കമില്ലാതെ തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ ഒഴിവാക്കിക്കൊടുക്കണം. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ഇടപെടല്‍ ഉണ്ടാകും. കൃഷി, ധന, സഹകരണ വകുപ്പുകള്‍ ചേര്‍ന്ന് ഇതിനായി പദ്ധതി തയ്യാറാക്കി നബാര്‍ഡിന് സമര്‍പ്പിക്കും.

ഹ്രസ്വകാല കാര്‍ഷികവായ്പക്ക് നല്‍കുന്ന നാല് ശതമാനം പലിശ സബ്‌സിഡി തുടരും. ദീര്‍ഘകാല കാര്‍ഷിക വായ്പകള്‍ക്ക് ഇളവ് നല്‍കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണനയിലാണ്.
ദീര്‍ഘകാല വായ്പക്ക് പലിശ 12-13 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കാന്‍ നബാര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും- മുഖ്യമന്ത്രി പറഞ്ഞു.

2016-17-ല്‍ ബാങ്കുകള്‍ 1,19,391.95 കോടി രൂപ വായ്പ നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് നബാര്‍ഡ് വിഭാവനം ചെയ്യുന്നത്. നടപ്പ് വര്‍ഷത്തെക്കാള്‍ 11 ശതമാനമാണ് വര്‍ധന. സംസ്ഥാനതല ഫോക്കസ് പേപ്പര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു.

2016, ജനുവരി 13, ബുധനാഴ്‌ച

റബ്ബര്‍ സംഭരണത്തിന് പുതിയ വഴി കണ്ടെത്തും


തിരുവനന്തപുരം: റബ്ബര്‍ സംഭരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ ആരാഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്ക് 150 രൂപ ഉറപ്പാക്കാനുള്ള പദ്ധതിയാണ് വിലസ്ഥിരതാ പദ്ധതിയിലൂടെ സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടുള്ളത്. മറ്റൊരു സംസ്ഥാനത്തും കാര്‍ഷിക മേഖലയില്‍ ഇത്തരം പദ്ധതി നടപ്പാക്കിയിട്ടില്ല.

റബ്ബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളെക്കൂടി സഹകരിപ്പിച്ച് റബ്ബര്‍ സംഭരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇതിന് അവരുടെ നിര്‍ദേശം ക്ഷണിച്ചിട്ടുണ്ട്. സംഭരണത്തിന് അവര്‍ക്ക് മതിയായ ശൃംഖല ഇല്ലെന്നതാണ് പ്രശ്‌നം. ഈ സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ പോലെയുള്ള സ്ഥാപനങ്ങളെ പദ്ധതിയുമായി ബന്ധപ്പെടുത്താനാകുമോ എന്നതടക്കമുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആരായുന്നുണ്ടെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

റബ്ബര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും സാമ്പത്തിക പ്രയാസം കണക്കിലെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. വിപണിവിലയുടെ വ്യത്യാസമുള്ള തുകയാണ് പദ്ധതിയില്‍ ചേര്‍ന്ന കര്‍ഷകര്‍ക്ക് നല്‍കുന്നത്. കിലോയ്ക്ക് 53 രൂപ വരെ സബ്‌സിഡിയായി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ബുധനാഴ്ച ഇത് 50 രൂപയായിരുന്നു.

മൂന്നര ലക്ഷത്തോളം കര്‍ഷകര്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും പകുതിപ്പേര്‍ക്കും ആനുകൂല്യം യഥാസമയം നല്‍കാനായിട്ടില്ല.

സംഭരണത്തിന് വേറെയും വഴികള്‍ ആലോചിക്കാന്‍ കാരണവും ഇതാണ്. ഒക്ടോബര്‍ വരെ ലഭിച്ച അപേക്ഷകളിലാണ് നടപടി സ്വീകരിച്ചത്. അന്‍പത് കോടിയില്‍പ്പരം രൂപ സബ്‌സിഡിയായി നല്‍കി. 300 കോടി രൂപയാണ് വിലസ്ഥിരതാ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്.


2015, ഡിസംബർ 27, ഞായറാഴ്‌ച

ഉപാധിരഹിത പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം


തൊടുപുഴ: മലയോരകര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡിസെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാര്‍ഷികമേള ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇതുവരെ വലിയൊരു ശതമാനം കര്‍ഷകര്‍ക്ക് പട്ടയങ്ങള്‍ നല്‍കി. ബാക്കിയുള്ളവര്‍ക്ക് പട്ടയങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചും വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ഗൗരവമായാണു ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷികമേഖലയിലുണ്ടാകുന്ന തളര്‍ച്ച കേരളത്തെ സാരമായി ബാധിക്കും. റബ്ബര്‍, നാളികേരം, നെല്ല് എന്നിവ പ്രതിസന്ധി നേരിടുകയാണ്. ഇവയുടെ നിലനില്പ് ഭദ്രമാക്കാന്‍ സര്‍ക്കാര്‍ വളരെയധികം പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

രാജ്യത്തെ റബ്ബര്‍ ഉത്പാദനത്തിന്റെ 90 ശതമാനവും കേരളത്തിലാണ്. ചെറുകിട കര്‍ഷകരാണ് റബ്ബര്‍ ഉത്പാദകരില്‍ ഭൂരിപക്ഷവും. ഇവരുടെ സാമ്പത്തികനില തകരുന്നത് കേരളത്തെ അസ്ഥിരപ്പെടുത്തും. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കിലോഗ്രാമിന് 150 രൂപ കര്‍ഷകന് ഉറപ്പാക്കി 300 കോടി രൂപ സബ്‌സിഡി ഇതിനോടകം അനുവദിച്ചുകഴിഞ്ഞു. വിപണിയില്‍ റബ്ബര്‍വില എത്ര താഴോട്ടുപോയാലും 150 രൂപ വില കര്‍ഷകന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ നിലപാട് അംഗീകരിച്ചു

 ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തി

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണതൃപ്തിയുണ്ട്. അന്തിമവിജ്ഞാപനം രണ്ട് മാസത്തേക്ക് കൂടി നീട്ടിവെക്കേണ്ടി വരുമെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

ചർച്ചയുടെ ഫലമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ച മറ്റു കാര്യങ്ങൾ ഇവയാണ്:

  • കഴിഞ്ഞ വർഷം മാർച്ച് 10നു പുറത്തിറക്കിയ കരട് വിജ്‌ഞാപനത്തെ അടിസ്‌ഥാനമാക്കിയാവും തുടർനടപടികൾ. കേരളത്തിന്റെ 119 വില്ലേജുകളാണു വിജ്‌ഞാപന പരിധിയിലുൾപ്പെടുക.
  • വില്ലേജിനെ മുഴുവനായി ഇഎസ്‌എയായി കണക്കാക്കാനാവില്ലെന്ന കേരളത്തിന്റെ നിലപാട് അംഗീകരിച്ചു. ഒരു വില്ലേജിൽ തന്നെ ഇഎസ്‌എയും അല്ലാത്ത പ്രദേശവുമുണ്ടാകും.
  • പശ്‌ചിമഘട്ടത്തിലുൾപ്പെടുന്ന വനഭൂമിയത്രയും ഇഎസ്‌എയിൽ പെടുത്തും. ആൾത്താമസവും കൃഷിയുമില്ലാതെ വനത്തോടു ചേർന്നുള്ള സർക്കാർ വക ഭൂമിയും ഇഎസ്‌എയിൽ ഉൾപ്പെടുത്തും.

കരട് വിജ്‌ഞാപനത്തിന്റെ കാലാവധി അവസാനിക്കാറായതിനാൽ ചില വിശദീകരണങ്ങൾ വേണമെന്നു കേന്ദ്രം ആവശ്യപ്പെട്ടതിനാലാണു നേരിട്ടുവന്നത്. കേരളത്തിന് ആശങ്കപ്പെടാൻ തക്കതായി ഒന്നുംതന്നെയില്ല. കരട് വിജ്‌ഞാപനത്തിന്റെ കാലാവധി ഒൻപതിന് അവസാനിക്കുമെന്നും ബാക്കി നടപടികൾക്ക് ഒന്നുരണ്ടു മാസം വേണമെന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. കരട് വിജ്‌ഞാപനത്തിന്റെ പ്രശ്‌നം എങ്ങനെ നേരിടണമെന്നതു കേന്ദ്രത്തിന്റെ പ്രശ്‌നമാണ് – മുഖ്യമന്ത്രി വിശദീകരിച്ചു.

119 ഗ്രാമങ്ങളില്‍ പരിസ്ഥിതി പ്രാധാന്യമുള്ളതും അല്ലാത്തതുമായ പ്രദേശങ്ങളുണ്ടാകും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ വിജ്ഞാപനം നീളും.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നയിച്ച സംശയങ്ങള്‍ക്ക് കേരളം മറുപടി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരടങ്ങുന്ന സംഘമാണ് പ്രകാശ് ജാവ്‌ദേക്കറുമായി ചര്‍ച്ച നടത്തിയത്.

2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

റബ്ബര്‍ കര്‍ഷകരെ സഹായിക്കാനുള്ള ബാധ്യത കേന്ദ്രം ഏറ്റെടുക്കണം

റബ്ബര്‍ സബ്‌സിഡി അക്കൗണ്ടിലേക്ക് 

രണ്ടുഹെക്ടര്‍ വരെ ഭൂമിയുള്ളവരെ ഭൂനികുതി വര്‍ധനയില്‍നിന്ന് ഒഴിവാക്കും 

റബ്ബര്‍ കര്‍ഷകരെ സഹായിക്കാനുള്ള ബാധ്യത റബ്ബര്‍ബോര്‍ഡ് വഴി കേന്ദ്രം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ സംസ്ഥാനത്തിന് സാമ്പത്തിക സഹായം നല്‍കണം. റബ്ബര്‍ സെസില്‍ നിന്ന് വരുമാനം കിട്ടുന്നത് കേന്ദ്രത്തിനാണ്. സഹായം ചോദിച്ച് കേന്ദ്രത്തിന് പലവട്ടം നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇക്കാര്യത്തിന് ഇനിയും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും സമീപിക്കും. ഇപ്പോള്‍ 300 കോടിരൂപയാണ് സബ്‌സിഡിക്കായി സംസ്ഥാനം നീക്കിവെച്ചിരിക്കുന്നത്. ഇത് ഉടന്‍ തീര്‍ന്നു പോകും. എന്നാലും പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

റബ്ബര്‍ വിലസ്ഥിരതാ ഫണ്ടില്‍നിന്നുള്ള സബ്‌സിഡി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭൂനികുതി വര്‍ദ്ധനയില്‍ ഇളവ് പരിഗണിക്കാമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. ഇത് മന്ത്രിസഭ അംഗീകരിച്ചു. ഇതിനുള്ള നടപടികള്‍ക്ക് മന്ത്രിസഭ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉടന്‍ ഉത്തരവുണ്ടാവും മുഖ്യമന്ത്രി തുടര്ന്നു. 


2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

കേരളത്തിന്റെ മികച്ച വികസന പദ്ധതികളിൽ ഒന്നാണ് നീര.


കേരളത്തിന്റെ ഏറ്റവും മികച്ച വികസന പദ്ധതികളിൽ ഒന്നാണ് നീര. ഇന്നലെ പ്രവർത്തനം ആരംഭിച്ച കുറ്റ്യാടി നാളികേര ഉത്പാദക കമ്പനിയുടെ നീര പ്ലാന്റ് കോഴിക്കോട് ജില്ലയിലെ ആദ്യത്തെ നീര ഉല്പ്പാദന കേന്ദ്രമാണ്. പ്രതിദിനം 8,000 ലിറ്റർ നീര സംസ്ക്കരിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ്. 35,000 കേര കർഷകരാണ് ഇതിൽ പങ്കാളികൾ ആവുന്നത്. 400 നീര ടെക്നീഷ്യന്മാർക്ക് നീര സംസ്കരണത്തിൽ പരിശീലനം കൊടുത്തു കഴിഞ്ഞു.

ഓരോ വർഷവും പത്തു ലക്ഷം തെങ്ങുകളിൽ നിന്ന് നീര ശേഖരിക്കാനാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്. അഞ്ചു വർഷം കൊണ്ട് 50 ലക്ഷം തെങ്ങുകൾ ആണ് ഗവൺമെന്റിന്റെ ലക്‌ഷ്യം.

2015, ജൂലൈ 29, ബുധനാഴ്‌ച

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കര്‍ഷകരെ വഴിയിലേക്ക് വലിച്ചെറിയില്ല


 പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല നിര്‍ണ്ണയം സംബന്ധിച്ച് ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ കഴിഞ്ഞ രണ്ട് കൊല്ലം സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ എന്തുകൊണ്ട് ആക്ഷേപം പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  മുന്‍ കേന്ദ്രസര്‍ക്കാറും ഇപ്പോഴത്തെ സര്‍ക്കാരും അംഗീകരിച്ച നിലപാടാണിതെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നശേഷം 123 വില്ലേജുകളിലെ വനഭൂമി മാത്രം വേര്‍തിരിച്ചെടുത്ത് ഉമ്മന്‍ വി ഉമ്മന്‍ സമിതി തയാറാക്കിയ കഡസ്ട്രല്‍മാപ്പ് രണ്ട് വര്‍ഷം മുമ്പ് അംഗീകരിച്ച് കേന്ദ്രത്തിന് നല്‍കിയതാണ്. ആ മാപ്പിനെതിരെ ഒരു പരാതിയും എവിടെയുമുണ്ടായിട്ടില്ല.

വനംവകുപ്പും അത് അംഗീകരിച്ചതാണ്. കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകരെ വഴിയിലേക്ക് വലിച്ചെറിയുന്ന സമീപനം ഒരിക്കലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ ഒറ്റ അഭിപ്രായമേയുള്ളൂ. അത് കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കുകയാണ്.

വനംവകുപ്പ് ഇപ്പോള്‍ സംരക്ഷിച്ചുവരുന്ന വനഭൂമി മാത്രമേ പരിസ്ഥിതിലോല പരിധിയില്‍പെടൂ എന്ന നിലപാട് വനംവകുപ്പിന്റെ നിലവിലുള്ള വനംകേസുകളെ ദുര്‍ബലമാക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയെന്തെങ്കിലും നിയമപ്രശ്‌നം വന്നാല്‍ അവസരത്തിനൊത്ത് തീരുമാനമുണ്ടാകുമെന്നായിരുന്നു മറുപടി.

ഗ്രോ മോര്‍ ഫുഡ് പദ്ധതിയുടെ ഭാഗമായി മലയോരങ്ങളില്‍ പോയി കൃഷിചെയ്ത് ജീവിച്ചുതുടങ്ങിയ കര്‍ഷകരാണ് ഇപ്പോഴും അവിടെയുള്ളത്. 1977 ജനുവരി ഒന്നിന് മുമ്പുള്ള കൈയേറ്റങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്. അതിന് ശേഷം കൈയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കര്‍ശനമായി തടയാന്‍ നടപടിയെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂലൈ 24, വെള്ളിയാഴ്‌ച

ഓണത്തിന് വിലകുറയും; വിപണി ഇടപെടലിന് 96 കോടി രൂപ


 ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി വിപണി ഇടപെടലിന് 96 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 64 കോടിയും കണ്‍സ്യൂമര്‍ ഫെഡിന് 25 കോടിയും ഹോര്‍ട്ടി കോര്‍പ്പിന് ഏഴുകോടിയുമാണ് അനുവദിച്ചിരിക്കുന്നത്.

ഈ മൂന്നുസ്ഥാപനങ്ങളും വിപണി ഇടപെടലിന് വേണ്ടി ആവശ്യപ്പെട്ട മുഴുവന്‍ തുകയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഈ മൂന്നുസ്ഥാപനങ്ങളും നടപടികള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. 

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് 20 ലക്ഷം ഓണക്കിറ്റുകള്‍ സപ്ലൈകോ നല്‍കും. എ.പി.എല്‍-ബി.പി.എല്‍ വേര്‍തിരിവില്ലാതെ 83 ലക്ഷം കുടുംബങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഒരുകിലോ പഞ്ചസാര അധികം നല്‍കും. സംസ്ഥാനത്തെ 25 ലക്ഷം  വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുകിലോ വീതം അരി സ്‌കൂളുകള്‍ വഴി  സൗജന്യമായി വിതരണം ചെയ്യും.

സംസ്ഥാനത്തെ പട്ടികവര്‍ഗക്കാര്‍ക്ക് ഓണക്കാലത്ത് സൗജന്യമായി 15 കിലോ അരിയും എട്ടിനം പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യും. 1.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കുന്നത്. കിറ്റ് ഒന്നിന് 687.43 രൂപ ചെലവാകും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10.41 കോടി രൂപ സിവില്‍ സപ്ലൈസ് കോര്‍പറേഷന് നല്‍കും.

 ജയ അരി, ചെറുപയര്‍, പഞ്ചസാര, മുളകുപൊടി, ശര്‍ക്കര, വെളിച്ചെണ്ണ, ഉപ്പ്, പരിപ്പ്, ചായപ്പൊടി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാളികേരത്തിനു പ്രത്യേക താങ്ങുവില നിശ്ചയിച്ച് കൃഷിഭവനുകള്‍ വഴിയുള്ള നാളികേര സംഭരണ പദ്ധതി തുടരുന്നതിന് 20 കോടി രൂപ കൃഷിവകുപ്പിന് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നാളികേരത്തിന്റെ കൈകാര്യ ചെലവ്, സംഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന താത്ക്കാലിക ജീവനക്കാര്‍ക്കുള്ള ശമ്പളം എന്നിവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കാണ് ഈ തുക.

കൃഷിഭവന്‍ വഴി കിലോയ്ക്ക് 25 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കാനാണ് തീരുമാനം. ഇപ്പോള്‍ നാളികേരത്തിന്റെ വില പൊതുവിപണയില്‍ കിലോയ്ക്ക് 15 രൂപ മുതല്‍ 19 രൂപ വരെയാണ്. ഈ പദ്ധതി നടപ്പാക്കുന്നതിന് ഒരു ക്വിന്റല്‍ നാളികേരത്തിന്  500 രൂപ ക്രമത്തില്‍ കൈകാര്യ ചെലവും കൃഷി ഭവനുകളില്‍ നിയമിച്ചിരിക്കുന്ന താത്ക്കാലിക ജീവനക്കാരുടെ ശമ്പളവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

 ഇവയ്ക്ക് ഒരു വര്‍ഷത്തേക്ക് 20 കോടി രൂപ ചെലവാകുന്ന സാഹചര്യത്തിലാണ് ഇത്രയും തുക അനുവദിച്ചത്. നാളികേരത്തിന്റെ വില ഇടിഞ്ഞതിനെ തുടര്‍ന്ന് 2013 ജനുവരിയിലാണ് കൃഷിഭവനുകളിലൂടെ നാളികേരം സംഭരിക്കുന്ന നൂതന പദ്ധതിക്ക് തുടക്കമിട്ടത്. കിലോ 14 രൂപയ്ക്ക് അന്നു സംഭരണം നടത്തിയതിനെ തുടര്‍ന്ന് 2014 ഏപ്രിലില്‍ നാളികേരത്തിന്റെ വില കിലോ 32 രൂപയായി ഉയര്‍ന്നിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ നാഫെഡ് വഴിയുള്ള കൊപ്ര സംഭരണമാണ് നാളികേര വിപണിയിലെ പ്രധാന വിപണി ഇടപെടല്‍. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയില്‍ നാഫെഡ് മുഖേന സംസ്ഥാന സംഭരണ ഏജന്‍സികളായ കേരഫെഡ്, മാര്‍ക്കറ്റ് ഫെഡ് എന്നിവ വഴിയാണ് കൊപ്രാസംഭരണം നടത്തിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവില സംസ്ഥാനത്തെ നാളികേര ഉല്പാദനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ തീരെ അപര്യാപ്ത്വവുമായിരുന്നു.

അതുകൊണ്ട് ഈ സംവിധാനം കേരളത്തില്‍ ഫലപ്രദമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേനയുള്ള സംഭരണം ഫലപ്രദമായി നടപ്പാക്കിയത്.

2015, ജൂലൈ 19, ഞായറാഴ്‌ച

ഈ ഓണത്തിനുള്ള മുഴുവൻ പച്ചക്കറികളും ഇവിടെ തന്നെ വിളയിക്കും



ഈ ഓണത്തിന് കേരളം മുഴുവൻ സദ്യ ഉണ്ണുന്നത് ഇവിടെ വിളയിച്ച, തികച്ചും സുരക്ഷിതമായ പച്ചക്കറികൾ ഉപയോഗിച്ചായിരിക്കും.

ഓണത്തിനുള്ള മുഴുവൻ പച്ചക്കറികളും ഇവിടെ തന്നെ വിളയിക്കാൻ കൃഷി വകുപ്പ് സമഗ്ര പദ്ധതി തയ്യാറാക്കുന്നു. ഇപ്പോൾ തന്നെ കേരളം പച്ചക്കറി ഉത്‌പാദനത്തിൽ 70% സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ആവശ്യമുള്ള 20 ലക്ഷം ടണ്‍ പച്ചക്കറിയിൽ 17 ലക്ഷം ടണ്‍ ഇവിടെ വിളയിക്കുന്നുണ്ട്. മൂന്ന് ലക്ഷം ടണ്‍ കൂടി ഉത്‌പാദിപ്പിക്കാൻ കഴിഞ്ഞാൽ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല.

ഇതിനാവശ്യമുള്ള വിത്തുകൾ 50 ലക്ഷം വീടുകളിലേക്ക് എത്തിക്കുന്ന ശ്രമത്തിലാണ് സർക്കാർ. 800 ക്ലസ്റ്ററുകൾ, വലിയ നഴ്സറികൾ, 800 റൈൻ ഷെൽറ്ററുകൾ, സന്നദ്ധ സംഘടനകൾ എന്നിവയെല്ലാം ഏകോപിപ്പിച്ചു ജൈവ പച്ചകറി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി കഴിഞ്ഞു. 

2015, ജൂലൈ 18, ശനിയാഴ്‌ച

Panel set up to separate cultivable land from forest area


 A meeting chaired by Chief Minister Oommen Chandy decided to submit to the Centre a report on Ecologically Sensitive Area (ESA) in which temporary subdivision numbers have been allotted to cultivable land, which has come within the survey number of forest land.

The meeting decided to reject the map prepared by the Forest Department and to submit a map prepared by Oommen V. Oommen instead, along with the survey numbers.

It has also been decided to constitute special committees in 119 villages to demarcate agricultural land that falls within forest areas. The Panchayath President will be the chairman of the special committees. If any farmland has fallen in forest land, it will be distinguished and given a separate number. The Centre won't accept the map prepared by the Forest Department, the Chief minister said.

The special committees were set up following Centre's instruction to produce survey numbers of 123 villages, which were included in ecologically sensitive areas. The committees will conduct survey in the villages on July 23 and 24. The committee is aiming to separate farmlands if they have fallen in forest land and allot different survey numbers to them.

In view of the latest developments, the High Range Samrakshana Samithi informed that the hartal they had called for in Idukki on Monday has been called off.

2015, ജൂലൈ 7, ചൊവ്വാഴ്ച

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താന്‍ അനുവദിക്കില്ല


തിരുവനന്തപുരം: ഇടുക്കി പെരുവന്താനം വില്ലേജിലെ ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ എസ്‌റ്റേറ്റില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പൊതു വഴി അടക്കാനും ഗേറ്റ് വെച്ച് ടോള്‍ ഏര്‍പ്പെടുത്താനുമുള്ള തോട്ടം ഉടമയുടെ ആവശ്യം അംഗീകരിക്കില്ല. മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിയും ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.

ഒരു തോട്ടം ഉടമ ജനങ്ങളെ ബന്ദിയാക്കുന്ന നിലപാടിനെതിരെ കര്‍ശന നടപടിയെടുക്കും. കോടതി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെരുവന്താനം എസ്‌റ്റേറ്റില്‍ ഗേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഗേറ്റ് സ്ഥാപിക്കാനെത്തിയ എ ഡി എമ്മിനെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം മുന്‍നിര്‍ത്തിയായിരുന്നു പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് അവതരാണാനുമതി തേടിയത്.

എ ഡി എമ്മിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ഇ എസ് ബിജിമോള്‍ തന്നെയാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. 

ഹൈക്കോടതി ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതിനാലാണ് ഗേറ്റ് പുനസ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മേഖലയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കമ്പനിയുടെ നിലപാടിനെതിരാണ്. ആരാണ് ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നതെന്ന മത്സരത്തില്‍ ഒന്നാമതെത്താന്‍ നടത്തിയ വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് അവിടെ അരങ്ങേറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.