UDF

2011, ജൂലൈ 27, ബുധനാഴ്‌ച

നിയമം അനുവദിക്കുന്ന എല്ലാ കുടിയേറ്റക്കാര്‍ക്കും പട്ടയം: മുഖ്യമന്ത്രി



Imageതിരുവനന്തപുരം: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജില്ലാകളക്ടര്‍മാരുടെയും സെക്രട്ടറിമാരുടെയും വകുപ്പുമേധാവികളുടെയും വാര്‍ഷികയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടിയന്തിരസാഹചര്യങ്ങള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വേങ്ങര അപകടത്തില്‍ പന്ത്രണ്ട് മണിക്കൂറിലേറെ ജീവനുവേണ്ടി യാചിച്ച ഒരാളെ നമുക്ക് രക്ഷിക്കാനായില്ല. എന്തൊക്കെ സംവിധാനങ്ങളുണ്ടായിരുന്നെങ്കില്‍ അത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നോ അതൊക്കെ സജ്ജമാക്കാന്‍ ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ക്രൈസിസ് മാനേജ്‌മെന്റ് ജില്ലാ കളക്ടര്‍മാരുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അക്കാര്യത്തില്‍ എന്തു സഹായത്തിനും സര്‍ക്കാര്‍ സദാ സന്നദ്ധമാണെന്നും അറിയിച്ചു. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട സേവനം പൊതുജനങ്ങളുടെ നിയമപരമായ അവകാശമാക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഭരണത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാട് നൂറുദിനപരിപാടിയില്‍ വ്യക്തമാണ്. സുതാര്യതയും വേഗതയുമാണ് ഗവണ്‍മെന്റിന്റെ മുഖമുദ്ര. പൊതുജനങ്ങളെ സംബന്ധിച്ച് ഇന്ന് കിട്ടേണ്ട സേവനങ്ങള്‍ നാളേക്ക് മാറ്റിവെക്കാനാകില്ല. ഇക്കാര്യത്തില്‍ എല്ലാ സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും ബാധ്യതയുണ്ട്. വികസന പ്രവര്‍ത്തനങ്ങളായാലും, ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളായാലും സമയബന്ധിതമായി നടപ്പാക്കാന്‍ കളക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
നിയമപരമോ സാങ്കേതികമോ ആയ തടസ്സമില്ലാത്ത കേസുകളില്‍ 1977 ജനുവരി ഒന്നിനു മുമ്പുള്ള എല്ലാ കുടിയേറ്റ കര്‍ഷകര്‍ക്കും  പട്ടയം നല്‍കുന്ന നടപടി ത്വരിതപ്പെടുത്തുവാന്‍ മുഖ്യമന്ത്രി കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. കയ്യേറ്റമൊഴിപ്പിക്കുന്നതിലും ഇതു സംബന്ധിച്ച് കോടതിയില്‍ കേസ് നടത്തുന്ന കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സര്‍ക്കാരിന്റേത്. ആദിവാസികള്‍ക്കും പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്കും വേണ്ടി ചെലവഴിച്ചതിന്റെ ചെറിയൊരംശം പ്രയോജനം മാത്രമേ അവര്‍ക്ക് ലഭിച്ചിട്ടുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇക്കാര്യം പ്രത്യേകം വിലയിരുത്തണമെന്ന് നിര്‍ദ്ദേശിച്ചു. ആറളം ഫാമിലെ ഭൂമിവിതരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഇത്തരത്തിലുള്ള ഒരു പരാജയമാണ്- മുഖ്യമന്ത്രി പറഞ്ഞു.അടിസ്ഥാനസൗകര്യവികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ശരിയായ മാര്‍ക്കറ്റ് വില നല്‍കുക, വില നല്‍കിയശേഷം മാത്രം താമസക്കാരെ ഒഴിപ്പിക്കുക, വീട് നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കുക, തൊഴില്‍നഷ്ടം സംഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍-പൊതുമേഖലാസ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴില്‍ലഭ്യമാക്കുക, പുതുതായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ഉപഭോക്താക്കളായി ഭൂമി നഷ്ടമാകുന്നവരെ പരിഗണിക്കുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ നയം.
 
അനധികൃതമായ മണലൂറ്റ് ഗുരുതരമായ സാമൂഹ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കണം. ഇതിനായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങള്‍ ഉദ്യോഗസ്ഥര്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ജനങ്ങള്‍ക്ക് ആവശ്യമായ സേവനം കൃത്യസമയത്ത് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. സേവനങ്ങള്‍ ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. റെറ്റ് ടു സര്‍വീസ് ആക്ട് നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളാണ് സംസ്ഥാനത്തുള്ളത്. മാലിന്യ സംസ്‌കരണത്തിലെ പിഴവ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് മറ്റുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ള ഉദാത്ത മാതൃകകള്‍ കണ്ടെത്തി അവ സംസ്ഥാനത്ത് നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കണം.