UDF

2011, ജൂലൈ 26, ചൊവ്വാഴ്ച

ഡോക്ടര്‍മാരുടെ സമരം എന്തിന് വേണ്ടിയെന്ന് വ്യക്തമാക്കണം


ഡോക്ടര്‍മാരുടെ സമരം എന്തിന് വേണ്ടിയെന്ന് വ്യക്തമാക്കണം
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ എന്തിന് വേണ്ടിയാണ് സമരം നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചര്‍ച്ചയില്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്നിരിക്കെ തിങ്കളാഴ്ച മുതല്‍ എന്തിന്റെ പേരിലാണ് സമരം ആരംഭിച്ചതെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ സംസാരിക്കുകയും തിങ്കളാഴ്ച അന്തിമ ചര്‍ച്ച നടത്താമെന്ന് അറിയിപ്പ് നല്‍കുകയുമായിരുന്നു. ഇതിന് ശേഷമാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ജനങ്ങളെ ദ്രോഹിക്കുന്ന സമരത്തിനിറങ്ങിയത് വേദനാജനകമാണ്. ഏത് സമയത്തും ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്- മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള തീരുമാനം ബസ് ഉടമകളുമായി ചര്‍്ച്ച ചെയ്ത് ഗതാഗതമന്ത്രി അറിയിക്കും. മലബാറിലെ ഏഴു ജില്ലകളിലും തൃശൂരിലുമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 262 തസ്തികകള്‍ക്ക് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 239 ജൂനിയര്‍ ഗ്രേഡ് ടീച്ചര്‍മാരെയും 23 ഹയര്‍ ഗ്രേഡ് തസ്തികകളുമാണ് സൃഷ്ടിച്ചത്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷക്ക് നേതൃത്വം നല്‍കാന്‍ പുതിയ പൊലീസ് സൂപ്രണ്ട് തസ്തിക സൃഷ്ടിച്ചു. ആന്റി പൈറസി സെല്‍ രൂപീകരിക്കുന്നതിന് എസ്.പിയടക്കം നാല് തസ്തികകള്‍ക്ക് അംഗീകാരം നല്‍കി. ഒരു ഡി.വൈ.എസ്.പിയും രണ്ട് എസ്.പിമാരുമാണ് മറ്റ് തസ്തികകള്‍. ആവശ്യമായ മറ്റ് തസ്തികകള്‍ പൊലീസ് വകുപ്പില്‍ നിന്ന് പുനര്‍വിന്യസിക്കും.
കാസര്‍കോട് വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷനെ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വെടിവെപ്പില്‍ മരിച്ച മുഹമ്മദ് ഷഫീഖിന്റെ കുടുംബത്തിന് ഹൈകോടതി വിധി പ്രകാരം അഞ്ച് ലക്ഷം രൂപ നല്‍കാനും ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ റിട്ട് പെറ്റീഷന്‍ പിന്‍വലിക്കാനും തീരുമാനിച്ചു. ചില ശിപാര്‍ശകളുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പുതിയ മദ്യനയം അംഗീകരിച്ചു.
മഴയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണി നടത്താന്‍ ഒരു പാക്കേജ് തയ്യാറാക്കാന്‍ പൊതുമരാമത്ത് മന്ത്രിയെ ചുമതലപ്പെടുത്തി. പാക്കേജ് ലഭിക്കുന്നതനുസരിച്ച് ആവശ്യമായ തുക അനുവദിക്കും. ദേശീയപാത വികസനത്തിന് സ്ഥലമെടുക്കുന്നതിനുള്ള പാക്കേജ് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരാതിക്കാരുമായും പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചവരുമായും ചര്‍ച്ച നടത്തും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.കെ ഇബ്രാഹീം കുഞ്ഞ് എന്നിവരായിരിക്കും ചര്‍ച്ച നടത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.