UDF

2011, ജൂലൈ 27, ബുധനാഴ്‌ച

സ്ത്രീകളുടെ പരാതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം-മുഖ്യമന്ത്രി


തിരുവനന്തപുരം: ആദിവാസികളുടെയും സ്ത്രീകളുടെയും പരാതികള്‍ക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലാ കലക്ടര്‍മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശനനടപടി കൈക്കൊള്ളണം.  ചില സന്ദര്‍ഭങ്ങളില്‍ പരാതികള്‍ സ്വീകരിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചസംഭവിക്കുന്നുണ്ട്.
വനമേഖല കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനം ശക്തമാകുന്നുവെന്ന വാദം ഗൗരവമായി കാണണം. ആദിവാസികളുടെ പരാതികളില്‍ നടപടികളുണ്ടാകാത്തതാണ് ഇത്തരം സംഘടനകള്‍ വളരാന്‍ പ്രധാന കാരണം. ഇത് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ഗുണ്ടാവിരുദ്ധ നിയമം കര്‍ശനമായി നടപ്പാക്കണം. നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞശേഷം പുറത്തിറങ്ങുന്നവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പെടുന്നുണ്ട്. ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കണം. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കല്‍ കാലാവധി ദീര്‍ഘിക്കിപ്പിക്കണം. പുതിയ ഗുണ്ടാപ്പട്ടിക തയാറാക്കി കര്‍ശനനടപടി കൈക്കൊള്ളണം.
ഗുണ്ടകളുടെ നഴ്‌സറിയായി മണല്‍മാഫിയകളുടെ പ്രവര്‍ത്തനം മാറുകയാണ്. മണല്‍മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ കടവുകള്‍ കേന്ദ്രീകരിച്ച് തടയണം. അതിനായി കടവ്കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ പല ജില്ലകളിലും വ്യാപകമായി  മണല്‍ലോറികള്‍ പിടിച്ചെടുക്കുന്നുവെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
മണല്‍ മാഫിയയെ തടയാനെന്ന രീതിയില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കും നിര്‍മാണമേഖലക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിലയില്‍ മണല്‍ലോറികള്‍ പിടിച്ചിടരുത്.

മണിചെയിന്‍ മാതൃകയിലുള്ള തട്ടിപ്പുകളും ഗുണ്ടാആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം. കേസുകളുടെ അന്വേഷണം പൂര്‍ത്തീകരിച്ച് കോടതികളില്‍ കുറ്റപത്രവും എഫ്.ഐ.ആറും സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതായി പരാതിയുണ്ട്. അത് പരിഹരിക്കണമെന്നും ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു.