UDF

2011, ജൂലൈ 26, ചൊവ്വാഴ്ച

സേവനാവകാശം നടപ്പാക്കുന്നത് പരിഗണനയില്‍ - മുഖ്യമന്ത്രി


തിരുവനന്തപുരം: സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള ജനങ്ങളുടെ അവകാശം ഉറപ്പാക്കുന്നതിന് വിവരാവകാശ മാതൃകയില്‍ സേവനാവകാശം നടപ്പാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലാ കലക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ സര്‍ക്കാറിന്റെ ഔദാര്യമല്ല, അവരുടെ അവകാശമാണ്. എല്ലാകാര്യങ്ങളും അറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. വികസനം സമയബന്ധിതമായിരിക്കണം. കാര്യക്ഷമതയിലും വേഗത്തിലും ഒരു ഒത്തുതീര്‍പ്പുമില്ല. ഇന്ന് ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ആറു മാസമോ ഒരു വര്‍ഷമോ കഴിഞ്ഞ്  കിട്ടാന്‍ ഇന്നുള്ള സംവിധാനങ്ങളൊന്നും ആവശ്യമില്ല. അതു കാലക്രമേണ സ്വയം നടന്നുകൊള്ളുമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു.
മാറി മാറി വരുന്ന സര്‍ക്കാറുകള്‍ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്ന കാര്യത്തില്‍ യോജിച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ 1977 ജനുവരി ഒന്നിന്  മുമ്പ് കൃഷി ഭൂമി കൈവശമുണ്ടായിരുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ 1977ല്‍ എടുത്ത തീരുമാനം ഇന്നും നടപ്പായിട്ടില്ല. ഈ വിഷയത്തില്‍ നിയമപരവും സാങ്കേതികപരവുമായ തടസ്സങ്ങള്‍ നീക്കാന്‍ കലക്ടര്‍മാര്‍ നടപടിയെടുക്കണം.

പട്ടികജാതി -വര്‍ഗക്കാരുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി ചെലവഴിച്ച തുകയുമായി തട്ടിച്ചുനോക്കുമ്പോള്‍ കാര്യമായ പ്രയോജനമുണ്ടായിട്ടില്ലെന്ന് കാണാം. ഭൂമി കൈയിലുണ്ടായിട്ടും ഈ വിഭാഗത്തിന് വിതരണം ചെയ്യാനാകാത്തതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനാണ്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ശരിയായ വിപണിവില കൊടുത്തശേഷം മാത്രമേ ഉടമസ്ഥരെ ഒഴിപ്പിക്കുകയുള്ളൂയെന്നാണ് സര്‍ക്കാര്‍ തീരുമാനം.  വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസവും തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് പകരം സംവിധാനവും ഉറപ്പാക്കും.
മാലിന്യസംസ്‌കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു