UDF

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

സ്മാര്‍ട്ട്‌സിറ്റി: ആദ്യഘട്ടം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകും


കൊച്ചി: സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ആദ്യഘട്ടം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കാക്കനാട്ടെ പദ്ധതി പ്രദേശത്ത് സ്മാര്‍ട്ട്‌സിറ്റിയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് കൊണ്ട് 'സ്മാര്‍ട്ട്‌സിറ്റി കൊച്ചി പവലിയന്റെ' നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരടക്കമുള്ള ജന പ്രതിനിധികളും പദ്ധതിയുടെ സംരംഭകരായ ടീകോമിന്റെ ഉന്നത മേധാവികളും നാട്ടുകാരുമെല്ലാം തിങ്ങി നിറഞ്ഞ വേദിയില്‍ മുഖ്യമന്ത്രി സ്വിച്ച് ഓണ്‍ നിര്‍വഹിച്ചതോടെ പുറത്തെ ഭൂമിയില്‍ ജെ.സി.ബി.ഉപയോഗിച്ച് പ്രതീകാത്മകമായി മണ്ണ് നീക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു.

സ്മാര്‍ട്ട്‌സിറ്റി പവലിയന്റെ നിര്‍മ്മാണം മൂന്നര മാസത്തിനകം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് ശേഷം ഒന്നാം ഘട്ടത്തിലുള്‍പ്പെട്ട കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങും. 20 മാസത്തിനകം കെട്ടിടം പണി പൂര്‍ത്തിയാകും. രണ്ട് വര്‍ഷത്തിനകം സ്മാര്‍ട്ട്‌സിറ്റി ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഗ്രൂപ്പ് സി.ഇ.ഒ. അബ്ദുള്‍ ലത്തീഫ് അല്‍മുല്ല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പദ്ധതി ഇനി ഒരു തരത്തിലും വൈകില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള പദ്ധതിയാണിത്. കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പദ്ധതി കൂടിയാണിത്. അതിനാല്‍ തന്നെ കേരള സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി പൂര്‍ത്തിയാക്കാന്‍ ടീകോം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് സ്മാര്‍ട്ട്‌സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതിക്കാവശ്യമായ തുക മാറ്റിവച്ചതായി ടീകോം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.