UDF

2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

ടെലിവിഷന്‍ അക്കാദമി സ്ഥാപിക്കും -മുഖ്യമന്ത്രി



തിരുവനന്തപുരം: ദൃശ്യമാധ്യമരംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ പ്രസ് അക്കാദമിയുടെ മാതൃകയില്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ കീഴില്‍ ടെലിവിഷന്‍ അക്കാദമി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദൃശ്യമാധ്യമരംഗത്തെ വ്യവസായമായി പരിഗണിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദൃശ്യമാധ്യമ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നതിന് പ്രത്യേകം കമ്മറ്റി രൂപവത്കരിക്കുന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചു. ഇലക്‌ട്രോണിക് മീഡിയ പാര്‍ക്ക് സ്ഥാപിക്കുന്നതിന് കളമശ്ശേരി എച്ച്.എം.ടി കാമ്പസില്‍ സ്ഥലം കണ്ടെത്തും. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കുന്നതിന് മന്ത്രി കെ.സി.ജോസഫ് ചെയര്‍മാനായി രൂപവത്കരിച്ച പോലീസ് മീഡിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ദൃശ്യമാധ്യമപ്രതിനിധികളെയും ഉള്‍പ്പെടുത്തും.

സ്ത്രീകളെ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ പ്രത്യേക കരുതലും ശ്രദ്ധയും ഉണ്ടാകണം. അങ്ങനെയല്ലാതെ വാര്‍ത്ത നല്‍കിയതിന്റെ ദുരനുഭവവുമായി തന്നെ വന്നുകണ്ടവരുടെ ദുരനുഭവങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമുദായ സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ പോസിറ്റീവായ വാര്‍ത്തകള്‍ നല്‍കണം. നാടിന്റെ വികസനം ദൃശ്യമാധ്യമങ്ങളുടെ അജണ്ടയിലുണ്ടാകണം. പന്ത്രണ്ടാം പദ്ധതിയുടെ കരട് സമീപനരേഖ സംബന്ധിച്ച് മാധ്യമങ്ങള്‍ക്കും തങ്ങളുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഇതിനായി നവംബര്‍ 16ന് യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.