UDF

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

അഞ്ചുവര്‍ഷം കൊണ്ട് 12 ലക്ഷം വീട്

കൃഷിക്കും ക്ഷേമത്തിനും ഐ.ടിക്കും ഊന്നല്‍
ഒരുലക്ഷം കോടിയുടെ പദ്ധതി അടങ്കല്‍
വൈദ്യുതി ഉത്പാദനം ഇരട്ടിയാക്കും
കര്‍ഷകര്‍ക്ക് സബ്‌സിഡി നേരിട്ട്


തിരുവനന്തപുരം: ഭവനരഹിതരായ 12 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചുവര്‍ഷംകൊണ്ട് വീട് നിര്‍മിച്ചുനല്‍കാനും വൈദ്യുതി മേഖലയില്‍ അഞ്ചുവര്‍ഷംകൊണ്ട് 100 ശതമാനം ഉത്പാദനവര്‍ധന കൈവരിക്കാനും ലക്ഷ്യമിടുന്ന 12-ാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖയ്ക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡ് യോഗം രൂപം നല്‍കി. 12-ാം പദ്ധതിയില്‍ കേരളം ലക്ഷ്യമിടുന്നത് 1,00,000 കോടി രൂപയ്ക്കും 1,05,000 കോടി രൂപയ്ക്കും ഇടയിലുള്ള പദ്ധതി അടങ്കലാണ്. കൃഷി, സാമൂഹ്യക്ഷേമം, ഐ.ടി. തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന സമീപനരേഖ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിക്കാനും ലക്ഷ്യമിടുന്നു.

11-ാം പദ്ധതിയില്‍ 40422 കോടി രൂപയുടെ പദ്ധതിയടങ്കലാണ് കേരളത്തിനുണ്ടായിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 150 ശതമാനത്തിന്റെ വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
വെള്ളിയാഴ്ച ചേര്‍ന്ന ആസൂത്രണ ബോര്‍ഡ്‌യോഗം രൂപംകൊടുത്ത 12-ാം പദ്ധതിയുടെ സമീപനരേഖയ്ക്ക് വിവിധതലങ്ങളില്‍ വിശദമായ ചര്‍ച്ചയ്ക്കുശേഷം അന്തിമരൂപം നല്‍കുമെന്ന് ആസൂത്രണബോര്‍ഡ് യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

സംസ്ഥാനത്ത് നടപ്പാക്കിവരുന്ന ഇ-ഗവേണന്‍സ് പദ്ധതി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ലെന്ന് ആസൂത്രണബോര്‍ഡ് യോഗം വിലയിരുത്തി. ഇ-ഗവേണന്‍സ് സമയബന്ധിതമായി നടപ്പാക്കുന്നതിനുവേണ്ട നടപടികള്‍ അടുത്ത പദ്ധതിയിലുണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഇതിന് മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റോഡുകളുടെ അറ്റകുറ്റപ്പണി, റോഡ് നിര്‍മാണം എന്നിവ നവീകരിക്കും. ഇതിനു വേണ്ട ശാസ്ത്രീയ പ്രായോഗിക സമീപനത്തിനു രൂപം നല്‍കാന്‍ ആസൂത്രണ ബോര്‍ഡ് അംഗം ഇ. ശ്രീധരന്‍ അധ്യക്ഷനായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വിവിധതരം സബ്‌സിഡികള്‍ നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളില്‍ ലഭിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ദേശീയവരുമാനത്തിന്റെ ഒരുശതമാനം മാത്രമാണ് ഐ.ടി. രംഗത്ത് കേരളത്തിന്റെ സംഭാവന. ഇതുമാറ്റി ഐ.ടി. രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ 12-ാം പദ്ധതിയിലുണ്ടാകും.

അടുത്ത അഞ്ചുവര്‍ഷംകൊണ്ട് വൈദ്യുതി ഉത്പാദനം 100 ശതമാനം വര്‍ധിപ്പിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ചെറിയ ജലവൈദ്യുത പദ്ധതികളില്‍ പരമാവധി ഉത്പാദനം സാധ്യമാക്കും. 1000 മെഗാവാട്ട് ഉത്പാദനശേഷിയുള്ള കല്‍ക്കരി വൈദ്യുതനിലയം കേരളത്തിനു പുറത്ത് സ്ഥാപിക്കാന്‍ ശ്രമിക്കും. വൈദ്യുതരംഗത്ത് 100 ശതമാനം ഉത്പാദന വര്‍ധന യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രായോഗികപ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിക്കാന്‍ ഇ. ശ്രീധരന്‍ അധ്യക്ഷനായി സമിതിയെ നിയോഗിക്കും.

വ്യത്യസ്തശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ പരിശീലനം, തൊഴില്‍ ഇവ മൂന്നും ചേര്‍ന്ന പദ്ധതിയാണ് നടപ്പാക്കുക.
കേരളത്തില്‍ വീടില്ലാത്ത 12 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചുവര്‍ഷം കൊണ്ട് വീടുനല്‍കുകയെന്നത് 12-ാംപദ്ധതിയിലെ മുഖ്യലക്ഷ്യമായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ ഭവനപദ്ധതികള്‍ ഇതിനായി പ്രയോജനപ്പെടുത്തും. ഭൂമിയുള്ളവര്‍ക്ക് വീട് നല്‍കാനുള്ളതാണ് കേന്ദ്രപദ്ധതി. അതിനാല്‍ ഭൂമി നല്‍കുന്ന ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും.

1,05,000 കോടി രൂപയുടെ പദ്ധതിയടങ്കലിന് രൂപം നല്‍കുന്നത് സംസ്ഥാനത്തിന്റെ വിഭവങ്ങളെ മാത്രമല്ല ആശ്രയിക്കുന്നതെന്നും ബാങ്കിങ്, സ്വകാര്യമേഖല തുടങ്ങിവയെയെല്ലാം ആശ്രയിക്കുമെന്നും ധനമന്ത്രി കെ.എം.മാണി പറഞ്ഞു. വിദേശികള്‍, വിദേശ ഇന്ത്യക്കാര്‍ എന്നിവരില്‍നിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ സമഗ്രപദ്ധതിക്കും രൂപം നല്‍കും. 'എമര്‍ജിങ് കേരള' പദ്ധതിക്ക് വികസന നിക്ഷേപസാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനുതകുന്ന രീതിയില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. മന്ത്രി കെ.സി. ജോസഫ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍, അംഗങ്ങളായ ഇ. ശ്രീധരന്‍, സി.പി.ജോണ്‍, ജി.വിജയരാഘവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.