UDF

2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

മെച്ചപ്പെട്ട തീര്‍ത്ഥാടനകാലം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

*ശബരിമല: തിരക്ക് നിയന്ത്രിക്കാന്‍ ക്യൂ കോംപ്ലക്‌സ്, തിരിച്ചിറങ്ങാന്‍ ബെയ്‌ലി പാലം
*പമ്പ മുതല്‍ സന്നിധാനം വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വംബര്‍ ഏഴിന് ആരംഭിക്കും


തിരുവനന്തപുരം: ശബരിമലതീര്‍ത്ഥാടനകാലത്ത് ഭക്തജനങ്ങള്‍ക്ക് സുഗമമായി വന്നുപോകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനം മെച്ചപ്പെടുത്താനും തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്താനും തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരക്ക് നിയന്ത്രിക്കുന്നതിന് മരക്കൂട്ടം ശരംകുത്തി എന്നിവിടങ്ങളില്‍ ക്യൂ കോംപ്ലക്‌സ് നിര്‍മ്മിക്കും. ഒന്ന് ദേവസ്വം ബോര്‍ഡും മറ്റൊന്ന് മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുമാണ് നിര്‍മ്മിക്കുന്നത്. നവംബര്‍ 15 നകം പണി പൂര്‍ത്തിയാകും.തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനുശേഷം തിരികെയിറങ്ങുന്നതിനുള്ള ബെയ്‌ലി പാലത്തിന്റെ 700 മീറ്റര്‍ അപ്രോച്ച് റോഡിന്റെ പണി പുരോഗമിക്കുകയാണ്. പമ്പയില്‍ എമര്‍ജന്‍സി റോഡിന്റെ പണി പൂര്‍ത്തിയായതായി അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ യോഗത്തെ അറിയിച്ചു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ഏഴിന് ആരംഭിക്കും.

സ്വാമി അയ്യപ്പന്‍ റോഡില്‍ വാഹനം ഓടാന്‍ പാകത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പണി 75 ശതമാനം പൂര്‍ത്തിയായി.
ചാലക്കയം പമ്പ റോഡിന്റെ റബ്ബറൈസ്ഡ് ടാറിങ് ഈ മാസത്തിനകം പൂര്‍ത്തിയാകും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള അനാവശ്യമായ വ്യാപാരസ്ഥാപനങ്ങള്‍ എല്ലാം തന്നെ ഇത്തവണ ഒഴിവാക്കിയതായും ഇതുവഴി ആറേക്കറോളം സ്ഥലം തീര്‍ത്ഥാടകര്‍ക്ക് അധികമായി ലഭിക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് രാജഗോപാലന്‍ നായര്‍ അറിയിച്ചു. പ്രസാദവിതരണത്തിന് പുതിയ ബെയ്‌ലി പാലം വഴിയുള്ള തീര്‍ത്ഥാടനപാതയില്‍ ആറ് കൗണ്ടറുകള്‍ ആരംഭിക്കും.പുല്‍മേട്ടിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും വാഹനങ്ങള്‍ കടത്തിവിടില്ലെന്നും ഡി.ജി.പി.ജേക്കബ് പുന്നൂസ് അറിയിച്ചു. ഭക്തജനങ്ങളെ കയര്‍കെട്ടി തടയുന്നത് ഒഴിവാക്കാന്‍ പോലീസ് നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ സ്ഥിരം ബാരിക്കേഡ് നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. തിരക്കുള്ള സമയങ്ങളില്‍ ശബരിമലയിലേക്കുള്ള റോഡുകളിലെ ഗതാഗതനിയന്ത്രണത്തിന് വിമുക്തഭടന്‍മാരെയും എന്‍.സി.സി.ക്കാരെയും നിയോഗിക്കും.എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ് തുടങ്ങിയ കേന്ദ്രസേനകളുടെ സേവനം ഉറപ്പാക്കും. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ പോലീസിന്റെ സേവനം ആവശ്യപ്പെടുമെന്നും ഡി.ജി.പി.അറിയിച്ചു.

മരുന്ന് ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എം.സി.റോഡിലെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ ക്യാമറാസംവിധാനം സ്ഥാപിക്കാനും ചെങ്ങന്നൂര്‍-പന്തളം, വെഞ്ഞാറമൂട്-അടൂര്‍ പാതകളില്‍ ഇന്റര്‍സെപ്റ്റര്‍ ഉപയോഗിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചങ്ങനാശേരി ആലപ്പുഴ പാതയിലെ വശങ്ങളില്‍ എ.സി കനാലിലേക്ക് വാഹനങ്ങള്‍ മറിഞ്ഞ് അപകടമുണ്ടാകുന്നത് ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പും പോലീസും ആലോചിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, കെ.എം.മാണി, അടൂര്‍പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, ഡോ.എം.കെ.മുനീര്‍, പി.ജെ.ജോസഫ്, വി.കെ.ഇബ്രാഹിം കുഞ്ഞ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബി.ഗണേഷ്‌കുമാര്‍, എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍മാര്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.