UDF

2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

ഗണേഷിന്റെ പ്രസ്താവന; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു

ഗണേഷിന്റെ പ്രസ്താവന; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു



തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ അസഭ്യവര്‍ഷം നടത്തിയ മന്ത്രി ഗണേഷ്‌കുമാറിന്റെ നടപടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഖേദം പ്രകടിപ്പിച്ചു. ഗണേഷിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമായി പോയെന്നും ഇത് ഒരിക്കലും സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തിലാണ് വി.എസിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഗണേഷിനോട് പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഇതുസംബന്ധിച്ച് സഭയില്‍ വിശദീകരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച സഭ ആരംഭിച്ചപ്പോള്‍ തന്നെ ഗണേഷ് നടത്തിയ അഭിപ്രായപ്രകടനത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്‌പീക്കര്‍ സഭാനടപടികളിലേക്ക് കടക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നേരത്തെ ഇത്തരത്തില്‍ പ്രസ്താവന നടത്തിയ ഗണേഷ്‌കുമാറിന്റെ പിതാവും മുന്‍മന്ത്രിയുമായ ബാലകൃഷ്ണപിള്ളയെ പുറത്താക്കാന്‍ കരുണാകരന്‍ കാട്ടിയ ധൈര്യം ഉമ്മന്‍ചാണ്ടിക്കുണ്ടോ എന്നാണ് അറിയേണ്ടതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തുടര്‍ന്ന് ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും പ്രതിപക്ഷം ബഹളം വെക്കാന്‍ തുടങ്ങി. ഗണേഷ്‌കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സഭക്ക് പുറത്തു പറഞ്ഞ കാര്യത്തിന് സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ കഴിയില്ലെന്ന് സ്‌പീക്കര്‍ അറിയിച്ചു.