UDF

2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

വനിതയെ ആക്രമിച്ചത് നാട്ടിനപമാനം - മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും പ്രതിപക്ഷം വെള്ളിയാഴ്ച വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റംചെയ്ത സംഭവം നാട്ടിനാകെ അപമാനമാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ''എന്റെ നാല്‍പ്പത്തൊന്നു വര്‍ഷത്തെ നിയമസഭാ ജീവിതത്തില്‍ ഒരിക്കലും ഇത്തരം ഒരു സംഭവത്തിനു ദൃക്‌സാക്ഷിയാകേണ്ടി വന്നിട്ടില്ല'' - അദ്ദേഹം വ്യക്തമാക്കി

''സംഘര്‍ഷഭരിതമായ സംഭവങ്ങള്‍ മുമ്പും സഭയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു വനിതയെ ആക്രമിക്കുന്ന സംഭവം ആദ്യമായാണ്. വാച്ച് ആന്‍ഡ് വാര്‍ഡ് ആക്രമിച്ചു എന്നാണ് പ്രതിപക്ഷം പറയുന്നത്. ഞങ്ങളാരും അത് കണ്ടിട്ടില്ല. എന്നാല്‍ ഇരുപക്ഷവും അവരുടെ വാദവുമായി നില്‍ക്കുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വീഡിയോദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ഞങ്ങള്‍ സ്​പീക്കറോട് ആവശ്യപ്പെടുന്നത്''. - മുഖ്യന്ത്രി പറഞ്ഞു

''നിയമസഭയില്‍ എന്തും കാണിക്കാം എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. അതംഗീകരിക്കാന്‍ പറ്റില്ല. കഴിഞ്ഞ സമ്മേളനകാലത്ത് വോട്ടിങ് സംബന്ധിച്ച് അവര്‍ ഉയര്‍ത്തിയ വിവാദവും അങ്ങനെയായിരുന്നു. സത്യം പുറത്തുവന്നപ്പോള്‍ ഓടി യൊളിക്കുകയാണ് അവര്‍ ചെയ്തത്. നിര്‍ഭാഗ്യകരമായ സമീപനമാണ് അവര്‍ ഈ സമ്മേളനത്തിലുടനീളം കൈക്കൊണ്ടിട്ടുള്ളത്. ഇല്ലാത്തപ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സഭ തടസ്സപ്പെടുത്തുകയാണ് അവര്‍ ചെയ്തത്''.

''കുറ്റം ചെയ്യുന്നവരെ സര്‍ക്കാര്‍ ഒരിക്കലും സംരക്ഷിക്കില്ല. അതുപോലെ തെറ്റുചെയ്യാത്തവരെ ശിക്ഷിക്കയുമില്ല. അതാണ് സര്‍ക്കാറിന്റെ നിലപാട്. റാഗിങ്മൂലം രണ്ടുവര്‍ഷം നഷ്ടപ്പെട്ട കുട്ടിക്ക് പഠിക്കാനുള്ള അവസരം ഉണ്ടാക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അതിനാണ് പ്രതിപക്ഷം ബഹളം വെയ്ക്കുന്നത്. അത്തരം ഭീഷണിക്കുമുന്നില്‍ വഴങ്ങില്ല. പ്രതിപക്ഷത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പക്ഷെ അവര്‍മാത്രം പറയുന്നതാണ് ശരിയെന്ന നിലപാട് ശരിയല്ല. അതംഗീകരിക്കാനും പറ്റില്ല'' - മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ടെ സംഭവത്തില്‍ അഡീഷണല്‍ സെക്രട്ടറിക്ക് ശബരിമല സംബന്ധിച്ച് അടിയന്തര യോഗത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് കോഴിക്കോട്ട് പോയി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയാഞ്ഞത്. അല്ലാതെ മനഃപൂര്‍വം വൈകിപ്പിക്കുന്നതല്ല. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടും നടപടി എടുക്കാതെ മറ്റൊരു റിപ്പോര്‍ട്ടിനായി ഒരാളെ ചുമതലപ്പെടുത്തിയതെന്തിനാണെന്ന ചോദ്യത്തിന് അക്കാര്യം റിപ്പോര്‍ട്ട് വരുമ്പോള്‍ വിശദീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ വനിതാമെമ്പറായ കെ.കെ. ലതികയെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തു എന്ന ആരോപണം ശരിയല്ലെന്നു കെ.എം. മാണി പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ലതിക മാറി നില്‍ക്കകയായിരുന്നു. അവരുടെ ദേഹത്ത് ആരും സ്​പര്‍ശിക്കുന്ന സാഹചര്യമുണ്ടായിട്ടില്ല- കെ.എം. മാണി പറഞ്ഞു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




Minister PK Kunjalikutty at question hour