UDF

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

നിര്‍മലിന്റെ പ്രവേശനം: ഉത്തരവാദിത്തം ഏറ്റെടുക്കുന്നു

നിര്‍മലിന്റെ പ്രവേശനം: ഉത്തരവാദിത്തം ഏറ്റെടുക്കുന്നു



തിരുവനന്തപുരം: കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളജില്‍ നിര്‍മല്‍ മാധവ് പ്രവേശനം നേടിയതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ഇക്കാര്യത്തില്‍ വിദ്യാഭ്യാസ സെക്രട്ടറി ഉള്‍പ്പെടെ മറ്റാരെയും കുറ്റപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് എസ്.എഫ്.ഐ നടത്തിയ ഉപരോധസമരത്തിന് നേരെയുണ്ടായ പോലീസ് വെടിവെപ്പ് അങ്ങേയറ്റം ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് വെടിവെപ്പ് സംബന്ധിച്ചു ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷത്തിനു നിന്ന് എ.പ്രദീപ് കുമാര്‍ എം.എല്‍.എയാണു നോട്ടീസ് നല്‍കിയത്.

കോഴിക്കോട്ടെ സാഹചര്യം അങ്ങേയറ്റം രൂക്ഷമായിരുന്നു. സര്‍ക്കാര്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പൊലീസ് ഇടപെട്ടത്. മനുഷ്യാവകാശ കമ്മീഷന്റെ വാഹനം വരെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിക്കാനായിരുന്നു അസി.കമ്മീഷണര്‍ രാധാകൃഷ്ണ പിള്ള സംഭവസ്ഥലത്തെത്തിയത്- മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

നിര്‍മ്മലിന് പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പഠിപ്പിക്കുമെന്നും നിര്‍മ്മലിനെ ഒരു കോളേജിലും പഠിപ്പിക്കില്ലെന്ന നിലപാട് എസ്.എഫ്.ഐ തിരുത്തണമെന്നും നിര്‍മലിന്റെ കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തുടര്‍ന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമരക്കാര്‍ക്കു നേരെ വെടിവച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സംഭവം സംബന്ധിച്ചു ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും നടപടി അതിനു ശേഷമേ ഉണ്ടാകുകയുള്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്നു സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇതിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്കു പിരിയുകയാണെന്ന് സ്‌പീക്കര്‍ അറിയിക്കുകയായിരുന്നു.