UDF

2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

വല്ലാര്‍പാടം പദ്ധതി: അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി

വല്ലാര്‍പാടം പദ്ധതി: അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി
               


തിരുവനന്തപുരം: വല്ലാര്‍പാടം ട്രാന്‍സ്ഷിപ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കു സ്ഥലവും വീടും വിട്ടുകൊടുത്തവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

ആകെ 50.3 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ 297 കുടുംബങ്ങള്‍ക്കാണു വീടും പുരയിടവും നഷ്ടമായത്. മാതൃകാപരമായി ഇവരെ പുനരധിവസിപ്പിക്കും. നാലു മുതല്‍ ആറു വരെ സെന്റ് നല്‍കി. വീട് ആകുന്നതുവരെ പ്രതിമാസം 5000 രൂപ വീട്ടുവാടക ഇനത്തില്‍ ലഭിക്കും. സാധനങ്ങള്‍ മാറ്റുന്നതിനും മറ്റുമായി പതിനായിരം രൂപ നല്‍കി. വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഇവര്‍ക്കു ലഭ്യമാക്കുമെന്നും എസ്. ശര്‍മയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മുഖ്യമന്ത്രി മറുപടി നല്‍കി.

നഷ്ടപരിഹാരത്തുക ആദായനികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വികസന ആവശ്യത്തിനു സ്ഥലം നല്‍കിയശേഷം അതിനു ലഭിക്കുന്ന തുകയ്ക്ക് ആദായനികുതി നല്‍കണമെന്നു പറഞ്ഞാല്‍ അതു ശരിയല്ല. ദുബായ് പോര്‍ട്ടുമായി ചേര്‍ന്നാണു പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. അര്‍ഹരായവര്‍ക്കു തൊഴില്‍ നല്‍കണമെന്ന ആവശ്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. റയില്‍വേയുടെ നഷ്ടപരിഹാരത്തുക ലഭിച്ചെങ്കിലും ദേശീയപാത അതോറിറ്റിയുടെ തുക കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.