UDF

2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ഹൈവെ സ്പീഡ് റെയില്‍വേ നടപ്പാക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി

ഹൈവെ സ്പീഡ് റെയില്‍വേ നടപ്പാക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്ന് മുഖ്യമന്ത്രിതിരുവനന്തപരും മംഗലാപുരം ഹൈ സ്പീഡ് റെയില്‍വേ പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്ത സംരംഭമായോ സ്വകാര്യ മേഖലയുമായി ചേര്‍ന്നോ നടപ്പാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍കിട ചരക്കുഗതാഗത തുറമുഖമായി വിഴിഞ്ഞത്തെ വളര്‍ത്തിയുെടുക്കുന്നതിന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ഉടനേ നല്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജലമാലിന്യ നിര്‍മാര്‍ജനം ഫലപ്രദമായി നടപ്പാക്കിയാല്‍ കുടിവെള്ള മലിനീകരണം ഒഴിവാക്കാന്‍ സാധിക്കുമെന്നും 12 -ാം പദ്ധതിയില്‍ ഈ വിഷയം ഗൌരമായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ദേശീയതലത്തില്‍ കുടിനീര്‍ മിഷന്‍ രൂപീകരിക്കണം. രാജ്യത്തിന്റെ എല്ലാ ഭാഗത്തും കുടിനീര്‍ എത്തിക്കുന്നതിന് മുന്‍ഗണന വേണം. ഇതിന് യോജ്യമായ സങ്കേതികവിദ്യ വികസിപ്പിച്ച് ജനങ്ങളിലെത്തിക്കണം. കാര്‍ഷിക മേഖലയില്‍ ഉല്പാദനക്ഷമതയ്ക്ക് പ്രാധാന്യം കൊടുക്കണം. കേരളത്തില്‍ മണ്ണും കാലാവസ്ഥയും പരിശോധിച്ച് അഗ്രോ-ഇക്കോളജിക്കല്‍ യൂണിറ്റുകള്‍ തിരിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിനും അനുയോജ്യമായ കാര്‍ഷിക പാക്കേജുകള്‍ നടപ്പാക്കി ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷി, മൃഗസംരക്ഷണം, പാല്‍, മത്സ്യം തുടങ്ങിയ വിവിധ മേഖലകളെ സയോജിപ്പിച്ച് കാര്‍ഷകരുടെ വരുമാനം കൂട്ടാനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഗവേഷണത്തിന് സംസ്ഥാനത്തെ കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണം. കാര്‍ഷികോല്പന്നങ്ങള്‍ക്ക് വില സ്ഥിരതാ ഫണ്ട് ഉടനെ ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അക്കാദമിക് സ്ഥാപനങ്ങളെയും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെയും വ്യാവസായിക മുന്നേറ്റത്തില്‍ പങ്കാളിയാക്കണം. സി.എസ്.ഐ.ആര്‍, ഡി.ആര്‍.ഡി.ഒ, ഐ.സി.എം.ആര്‍, ഡി.എസ്.ടി തുടങ്ങിയ ശാസ്ത്ര സ്ഥാപനങ്ങളുടെ പക്കലുള്ള സാങ്കേതിക വിദ്യകള്‍ വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കണം. വിദ്യഭ്യാസ മേഖലയിലെ രണ്ടാം തലമുറ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ഓരോ പ്രാഥമികരോഗ്യകേന്ദ്രവും വാര്‍ഡുകള്‍ തോറും ഓരോ സബ്സെന്ററും തുറക്കണം. കേരളത്തിന്റെ ഈ പ്രത്യേക ആവശ്യം ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഏകീകൃത ഔഷധനയം രൂപീകരിക്കണം. മരുന്നുകളുടെ വില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. ഇടനിലക്കാര്‍ വന്‍ലാഭമെടുക്കുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദാരിദ്യ്രരേഖ പുനര്‍നിര്‍വചിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിരവധി പദ്ധതികളുടെ ഗുണഭോക്താക്കള്‍ ഇപ്പോള്‍ ദാരിദ്യരേഖയ്ക്കു താഴെയുള്ളവര്‍ മാത്രമാണ്. ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം നടത്തുകയും അര്‍ഹമായ എല്ലാവര്‍ക്കും ആനുകൂല്യം ലഭ്യമാക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.