UDF

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ജോലിയില്ലാതെ മടങ്ങുന്നവര്‍ക്ക് പുനരധിവാസ പാക്കേജ്

ജോലിയില്ലാതെ മടങ്ങുന്നവര്‍ക്ക് പുനരധിവാസ പാക്കേജ്



തിരുവനന്തപുരം: വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസി മലയാളികള്‍ക്കായി പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പാക്കേജ് ആലോചിക്കുന്നതെന്ന് രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി.ഡിസംബര്‍ 29, 30 തീയതികളില്‍ തിരുവനന്തപുരത്ത് പ്രവാസി സംഗമം സംഘടിപ്പിക്കും. സര്‍ക്കാര്‍ നടപ്പാക്കുന്ന എമര്‍ജിങ് കേരളയുടെ മുന്നോടിയായി വിദേശത്തുവെച്ച് പ്രവാസി സംഘടനകളുടെ യോഗം വിളിക്കും. ഉത്സവ സീസണില്‍ എയര്‍ ഇന്ത്യ യാത്രക്കൂലി കുത്തനെ ഉയര്‍ത്തുന്നത് കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. 60 കഴിഞ്ഞ അര്‍ഹരായ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നടപ്പാക്കും. വിദേശത്ത് ജയിലില്‍ കഴിയുന്നവരുടെ മോചനത്തിനും നിയമ പരിരക്ഷക്കും ശ്രമിക്കും. വിദേശ രാജ്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെയും സ്ത്രീകളുടെയും പ്രശ്നങ്ങള്‍ എംബസികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അവരെ മടക്കിക്കൊണ്ടുവരാന്‍ നടപടിയെടുക്കും.മൃതദേഹം നാട്ടില്‍കൊണ്ടുവരാന്‍ സ്പോണ്‍സര്‍മാരും മറ്റും സഹായിക്കുന്നില്ളെങ്കില്‍ അതിനായി കാരുണ്യം എന്ന പേരില്‍ പദ്ധതി നടപ്പാക്കും. അന്യസംസ്ഥാനങ്ങളിലെ മലയാളികളുടെ ക്ഷേമകാര്യങ്ങള്‍ക്കും മലയാള പഠനത്തിനും സംവിധാനമൊരുക്കും.

പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയുടെ തുക രണ്ട് ലക്ഷമായി ഉയര്‍ത്തും. അംഗവൈകല്യമുണ്ടായാല്‍ രണ്ട് ലക്ഷം രൂപ വരെ നല്‍കും. വിദേശതൊഴിലിനായി പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവരുടെ പരിമിതമായ സാമ്പത്തിക വിഹിതവും സാങ്കേതിക പരിജ്ഞാനവും ഉപയോഗപ്പെടുത്തി ഫലപ്രദമായ പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.