UDF

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

എഴുത്താശാനായി ഉമ്മന്‍ചാണ്ടി; കുസൃതിയുമായി കുരുന്ന്

തിരുവനന്തപുരം: പുതുപ്പള്ളിക്കാരന്‍ കുരുന്നിന്റെ കുസൃതിക്ക് മുന്നില്‍ ഉമ്മന്‍ചാണ്ടി ഒന്നു പകച്ചു. അച്ഛന്റെ മടിയിലിരുന്ന വര്‍ഗീസ് സാബുവിന്റെ നാവില്‍ ആദ്യക്ഷരം പകരാനായിരുന്നു ആചാര്യനായ മുഖ്യമന്ത്രിയുടെ ശ്രമം. സ്വതഃസിദ്ധമായ വേഗത്തിലായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കൈതട്ടിമാറ്റിയായിരുന്നു പുതുപ്പള്ളിക്കാരന്റെ കുസൃതി. അപ്രതീക്ഷിതമായ എതിര്‍പ്പില്‍ ഉമ്മന്‍ചാണ്ടിയും ഒന്നുപതറി. പൊട്ടിച്ചിരിയോടെ വീണ്ടും അദ്ദേഹം കുരുന്നിനോട് അടുത്തു. അല്‍പ്പനേരത്തെ പിണക്കത്തിനൊടുവില്‍ മുഖ്യമന്ത്രിയോട് കുരുന്ന് ഇണങ്ങി. പൊന്‍മോതിരം കൊണ്ട് വര്‍ഗീസ്‌സാബുവിന്റെ നാവില്‍ അദ്ദേഹം അക്ഷരമെഴുതി. പിന്നീട് കൈപിടിച്ചും ഹരിശ്രീ കുറിപ്പിച്ചു. പുതുപ്പള്ളി കുറ്റിക്കല്‍ ഹൗസില്‍ സാബുവിന്റെ മകനാണ് രണ്ടരവയസ്സുകാരനായ വര്‍ഗീസ് സാബു.

വൈലോപ്പിള്ളി സംസ്‌കൃതിഭവനും ദേശീയബാലതരംഗവും സബര്‍മതിയും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരംഭത്തില്‍ അഞ്ചുകുട്ടികള്‍ക്കാണ് മുഖ്യമന്ത്രി അക്ഷരമെഴുതിച്ചത്. വിസ്മയവിനോദ്, അലിംഅക്തര്‍, എം.ജെ.മഹാദേവന്‍, ദേവനാരായണന്‍ എന്നിവരെയും അദ്ദേഹം അക്ഷരവിദ്യ തുടങ്ങിച്ചു. ബുധനാഴ്ച രാവിലെ 6.15 നാണ് മുഖ്യമന്ത്രി വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെത്തിയത്. പുതുശ്ശേരി രാമചന്ദ്രന്‍, ഡോ.എം.ആര്‍.തമ്പാന്‍, ഡോ. ബഷീര്‍ മൗലവി, ഗിരിജാ ചന്ദ്രന്‍ എന്നിവരും കുട്ടികളെ എഴുത്തിനിരുത്തി. നൃത്തം, ചിത്രകല എന്നിവയിലും വിദ്യാരംഭം നടന്നു. എണ്‍പതോളം കുട്ടികള്‍ അക്ഷരമെഴുതി.