UDF

2011, ഒക്‌ടോബർ 18, ചൊവ്വാഴ്ച

കുട്ടനാട്ടിലെ മാലിന്യ പ്രശ്‌നം: മൂന്ന് പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടനാട് പാക്കേജും വേമ്പനാട് ഇക്കൊ ഡെവലപ്മന്റ് അതോറിറ്റിയും അഞ്ച് നദികളുടെ ശുചീകരണവും സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിയായിരിക്കും നടപ്പാക്കുകയെന്ന് മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍, കൊടൂര്‍ നദികളുടെ ശുചീകരണമാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ഇതിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ഏജന്‍സിയെ കണ്ടെത്തും. ജനവരിക്കകം ഏജന്‍സിയെ നിശ്ചിയിച്ച് നടപടികള്‍ തുടങ്ങും. ഈ പദ്ധതിക്ക് കേന്ദ്രത്തിന്റെ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നദികളുടെ ശുചീകരണത്തിന് ഗംഗാശുചീകരണ മാതൃകയിലാണ് പദ്ധതി ആവിഷ്‌കരിക്കുക. ഈ പദ്ധതികള്‍ക്കായി 100 കോടി രൂപയുടെ കേന്ദ്ര സഹായമുണ്ട്. പത്ത് കോടി ഇതിനകം ലഭിച്ചു. പണം ഈ പദ്ധതിക്കൊരു പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കീടനാശിനിയുടെ അമിതമായ ഉപയോഗമാണ് കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്‌നത്തിന് പ്രധാന കാരണം. തണ്ണീര്‍മുക്കം ബണ്ട് ശാസ്ത്രീയമായി ഉപയോഗപ്പെടുത്തണം. ഇതിനായി ഓരിന്റെ അംശവും ജലനിരപ്പും നിശ്ചയിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. ചെന്നൈ ഐ.ഐ.ടി ഇക്കാര്യത്തെക്കുറിച്ച് പഠിച്ചുവരുന്നു. വേമ്പനാട് ആവാസ് യോജന പദ്ധതിക്ക് ലോകബാങ്കിന്റെ സഹായവും ലഭിക്കും. മുഖ്യമന്ത്രി പറഞ്ഞു.

കുട്ടനാട്ടിലെ വെള്ളത്തില്‍ കീടനാശിനിയുടെ അംശം അമിതമായ നിലയില്‍ കാണുന്നുണ്ട്. ഈയവസ്ഥ മാറ്റിയെടുക്കണം. ഈ പദ്ധതികള്‍ നടപ്പാകുന്നതോടുകൂടി കുട്ടനാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത് -മുഖ്യമന്ത്രി പറഞ്ഞു.