UDF

2011, ഒക്‌ടോബർ 5, ബുധനാഴ്‌ച

രാജി ഒന്നിനും പരിഹാരമല്ലെന്ന്

തിരുവനന്തപുരം: രാജികൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരമാവില്ലെന്നും അന്വേഷിച്ച് സത്യം കണ്ടെത്തുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ ഹൈക്കോടതി പരാമര്‍ശത്തില്‍ അദ്ദേഹം രാജിവെയ്‌ക്കേണ്ടതുണ്ടോ എന്ന ചോദ്യത്തോട് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകന്‍ വി.എ. അരുണ്‍ കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നടപടി എടുത്ത വി.എസ്. തനിക്കും തന്റെ ഓഫീസിനുമെതിരായ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കിയെന്നായിരുന്നു ഹൈക്കോടതി പരാമര്‍ശം.

വി.എസിന്റെ മകന്‍ അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന് പറഞ്ഞതിനാലാണ് എഴുതി നല്‍കിയത്. എന്നാല്‍ എഴുതിനല്‍കിയപ്പോള്‍ അദ്ദേഹം നിലപാട് മാറ്റി ഏകപക്ഷീയമായ നിലപാട് എടുത്തു. ലോകായുക്തയുടെ അധികാര പരിധിയില്‍ വരാത്ത അന്വേഷണമാണ് ലോകായുക്തക്ക് വിട്ടത്. അന്നേ താന്‍ പറഞ്ഞതാണ് ഇപ്പോള്‍ ഹൈക്കോടതി പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വി. എസി നെതിരെ വിജിലന്‍സ് അന്വേഷണം വേണമോ എന്ന കാര്യത്തില്‍ വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് മറുപടി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍. ബാലകൃഷ്ണപിള്ള തന്റെ സ്റ്റാഫില്‍പ്പെട്ട ഒരാളെ വിളിച്ചിട്ടുണ്ടെന്ന കാര്യം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പിള്ളയുടെ ഫോണ്‍ വിളി അന്വേഷണത്തിന് പ്രതിപക്ഷ നേതാവ് പറയുന്ന വിധം അന്വേഷണോദ്യോഗസ്ഥരെ കൂടെക്കൂടെ മാറ്റണമെങ്കില്‍ ഒരു ഉദ്യോഗസ്ഥനെ പോലും നിയമിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പരാതി കിട്ടിയപ്പോള്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വാളകം ആര്‍.വി.വി. ഹൈസ്‌കൂളില്‍ അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ അധ്യാപകന്റ മൊഴി നിര്‍ണായകമാവുമെന്നാണ് കരുതിയത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ഉണ്ടായില്ല. അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്ന് സ്‌കൂളിനെ സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.