UDF

2011, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

റോഡപകടം: പരിക്കേറ്റവരെ സഹായിക്കുന്നവരെ പോലീസ് ബുദ്ധിമുട്ടിക്കരുത്

തിരുവനന്തപുരം: റോഡപകടങ്ങളില്‍പെടുന്നവരെ രക്ഷിച്ച് ആസ്​പത്രിയില്‍ എത്തിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന നിര്‍ദേശം പോലീസിന് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സി.പി. മുഹമ്മദ് എം.എല്‍.എ.യുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അപകട രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ആസ്​പത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതിനുമായി തുക വകയിരുത്തും.

ടിപ്പര്‍ ലോറി മുഖേനയുള്ള അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി ടിപ്പര്‍ ലോറികള്‍ ഓടിക്കുന്നതിന് സമയക്രമീകരണം ഏര്‍പ്പെടുത്തും. സ്‌കൂള്‍ പരിസരങ്ങളില്‍ വേഗപരിധി ലംഘിക്കുന്നവര്‍ക്കും മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും. സ്​പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങളില്‍ പരിശോധന നടത്തി നടപടിയെടുക്കും. വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍മൂലം റോഡപകടങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരാനായിട്ടുണ്ട്. 2007-ല്‍ 38432 അപകടങ്ങള്‍ ഉണ്ടായ സ്ഥാനത്ത് 2010 ല്‍ 33734 ആയി കുറഞ്ഞിട്ടുണ്ട്. 2011 സപ്തംബര്‍ 25 വരെ 24529 അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2007 ല്‍ 3615 പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടു. 2010 ല്‍ ഇത് 3688 ആയി. 2011 സപ്തംബര്‍ 25 വരെ 2756 പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടു. അപകടങ്ങളുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് കൂടുന്നത് റോഡ് സുരക്ഷയില്‍ നാം ജാഗരൂകരാകേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.