UDF

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

മരുന്നു കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെയും മരുന്നിന്റെയും വില ക്രമാതീതമായി ഉയരുകയാണെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്. വിപണിയില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നും വളത്തിനും മറ്റുമുള്ള സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാനം ശബ്ദമുയര്‍ത്തുന്നില്ലെന്നും ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

വി.എസ്.സുനില്‍കുമാറാണ് ഇതുസംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി യത്. ഇന്ത്യയില്‍ ബമ്പര്‍ വിളവെടുപ്പ് നടന്നിട്ടും അരിയടക്കമുള്ള സാധനങ്ങളുടെ വില കുറഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി. വളത്തിന്റെ വില നിര്‍ണയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് കേന്ദ്രം കൈമാറിയതോടെ കര്‍ഷകരുടെ ചരമക്കുറിപ്പെഴുതി. വളത്തിന് നാമമാത്രമായി നല്‍കുന്ന സബ്‌സിഡിക്കാകട്ടെ വില്പന നികുതിയും ഏര്‍പ്പെടുത്തിയിരിക്കയാണ്. ഇപ്പോള്‍ കരാര്‍ കൃഷിസമ്പ്രദായം ഏര്‍പ്പെടുത്താന്‍ പോകുന്നു. മരുന്നിന്റെ വില കമ്പനികള്‍ സീസണ്‍ അനുസരിച്ച് വര്‍ധിപ്പിക്കുകയാണെന്നും സുനില്‍കുമാര്‍ കുറ്റപ്പെടുത്തി.

നൂറു ദിവസത്തിനുള്ളില്‍ തന്നെ ഒരു രൂപയ്ക്ക് അരി നല്‍കി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് കൈത്താങ്ങായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അരിക്ക് മുന്‍ വര്‍ഷം ഇതേസമയത്തുണ്ടായിരുന്ന വിലതന്നെയാണ് ഇപ്പോഴുമുള്ളത്. വളത്തിന്റെ സബ്‌സിഡി കൂട്ടാഞ്ഞതിനാല്‍ വില കൂടിയിട്ടുണ്ട്. എന്നാല്‍ നെല്ല്, തെങ്ങ് കൃഷികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ സബ്‌സിഡി നല്‍കിവരുന്നു.

മരുന്നു കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. അമിതമായ ചൂഷണമാണ് കമ്പനികള്‍ നടത്തുന്നത്. ക്യാന്‍സറിന് സര്‍ക്കാര്‍ 700 രൂപയ്ക്ക് വാങ്ങിനല്‍കുന്ന മരുന്നിന് കമ്പനികള്‍ 10,000 രൂപ ഈടാക്കുന്നു. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനെ കൂടുതല്‍ ശക്തമാക്കി ഈ രംഗത്ത് ഇടപെടാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭതുടങ്ങിയശേഷം ആദ്യമായാണ് ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യം പ്രതിപക്ഷം കൊണ്ടുവരുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.