UDF

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

ബ്രഹ്‌മോസ്‌ പൊതുമേഖലയില്‍ തന്നെ

തിരുവനന്തപുരം: ബ്രഹ്‌മോസ്‌ എയ്‌റോ സ്‌പേസ്‌ ലിമിറ്റഡ്‌ പൊതുമേഖലയില്‍ തന്നെയാണെന്നും സ്‌ഥാപനം സ്വകാര്യവത്‌കരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബ്രഹ്‌മോസിന്റെ 50.5 ശതമാനം ഓഹരി പ്രതിരോധവകുപ്പിന്റെ കൈയിലാണ്‌. ബാക്കി 49.5 ശതമാനം റഷ്യന്‍ സര്‍ക്കാരിന്റേതാണ്‌. പുതിയ കമ്പനി രൂപീകരിച്ചതു ഭരണപരമായ സൗകര്യത്തിനു വേണ്ടിയാണ്‌. സ്‌ഥാപനം സ്വകാര്യവത്‌കരിക്കാനുള്ള ഒരു നീക്കവും നടക്കുന്നില്ല. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിരോധ വകുപ്പിനു കീഴിലുള്ള സ്‌ഥാപനത്തെ ചൊല്ലി ഉയരുന്ന വാര്‍ത്തകളും വിവാദങ്ങളും അവര്‍ ഗൗരവത്തോൗടെയാണ്‌ കാണുന്നത്‌. ബ്രഹ്‌മോസ്‌ സി.ഇ.ഒയും ഉദ്യോഗസ്‌ഥരും താനുമായും മന്ത്രിമാരുമായും ഇന്നലെ ചര്‍ച്ച നടത്തിയെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്‌ഥാപനത്തിന്റെ വിപുലീകരണം ഉടന്‍ ഉണ്ടാകുമെന്നു അവര്‍ അറിയിച്ചു. രണ്ടുഘട്ടങ്ങളിലായുള്ള വികസനമാണ്‌ ബ്രഹ്‌മോസ്‌ അധികൃതര്‍ ലക്ഷ്യമിടുന്നത്‌. അതിനു സര്‍ക്കാര്‍ എല്ലാവിധ സഹകരണവും വാഗ്‌ദാനം ചെയ്‌തു. ബ്രഹ്‌മോസിനു സമീപത്തുണ്ടായിരുന്ന എയര്‍ ഫോഴ്‌സിന്റെ സ്‌ഥലം കമ്പനിക്കു കൈമാറി. പകരം എയര്‍ഫോഴ്‌സിനു മുട്ടത്തറയില്‍ സര്‍ക്കാര്‍ സ്‌ഥലം അനുവദിച്ചു. ബ്രഹ്‌മോസില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.