UDF

2014, ഡിസംബർ 25, വ്യാഴാഴ്‌ച

ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ബോധവത്കരണം ആവശ്യം


ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ബോധവത്കരണം ആവശ്യം

തിരുവനന്തപുരം: ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ജനങ്ങളുടെ ഇടയില്‍ വ്യാപകമായ ബോധവത്കരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.ദേശീയ ഉപഭോക്തൃ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ബോധവാന്‍മാരാകണം.

ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മിതമായ വിലയ്ക്ക് സമയത്ത് ലഭിക്കുന്നതിനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്പന്നങ്ങള്‍ക്കായി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് നമ്മുടെ സംസ്ഥാനം. എന്നാല്‍ ഉത്പന്നങ്ങള്‍ കയറ്റിയയയ്ക്കുന്നതിനെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ 2012, 2013 വര്‍ഷത്തെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 2012ലെ ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതിയും രണ്ടാം സ്ഥാനം പാലക്കാട് കണ്‍സ്യൂമര്‍ അസോസിയേഷനും നേടി. 2013ലെ ഒന്നാം സമ്മാനം പാലക്കാട് കണ്‍സ്യൂമര്‍ അസോസിയേഷനും രണ്ടാം സ്ഥാനം ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറത്തിനും മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതിയും സ്വന്തമാക്കി. സ്‌കൂളുകളിലെ ഉപഭോക്തൃ ക്ലബുകള്‍ക്കുള്ള കണ്‍സ്യൂമര്‍ കിറ്റും മുഖ്യമന്ത്രി വിതരണം ചെയ്തു.