UDF

2014, ഡിസംബർ 24, ബുധനാഴ്‌ച

പാലിയേറ്റീവ് കെയര്‍ നഴ്‌സ്മാര്‍ക്കു ശമ്പള വര്‍ധന

പാലിയേറ്റീവ് കെയര്‍ നഴ്‌സ്മാര്‍ക്കു ശമ്പള വര്‍ധന: മുഖ്യമന്ത്രി

പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്കു മുഖ്യമന്ത്രിയുടെ ക്രിസ്മസ് സമ്മാനം. വേതനം 2000 രൂപയായിരുന്നതു 10,000 രൂപ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പഞ്ചായത്തിന്റെയും ആരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ രോഗീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അവശരും നിത്യരോഗികളുമായി കിടക്കുന്നവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും മീനടം പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് മുന്‍കൈ എടുത്തു നടത്തിയ പരിപാടി കിടപ്പുരോഗികള്‍ക്കു ക്രിസ്മസ് കാലത്തു സന്തോഷവും പ്രത്യാശയും പകരുന്നതായി മാറി. 60 കിടപ്പുരോഗികള്‍ സംഗമത്തില്‍ പങ്കെടുത്തു.

ഉച്ചഭക്ഷണവും ക്രിസ്മസ് കേക്കും നല്‍കിയാണു രോഗികളെ മടക്കി അയച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം. സ്‌കറിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഫില്‍സണ്‍ മാത്യൂസ് മുഖ്യപ്രഭാഷണവും നടത്തി.