UDF

2014, ഡിസംബർ 25, വ്യാഴാഴ്‌ച

ഭരണം നിലനിർത്തും

ഭരണം നിലനിർത്തും

അധികാരം നഷ്ടപ്പെടുമ്പോഴുള്ള സ്ഥിതി എല്ലാവര്‍ക്കും ബാധകം

കരുണാകരന് ഒറ്റപ്പെടലുണ്ടായിട്ടില്ല

ആരുമായും ഏറ്റുമുട്ടലിനില്ല


തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷവും പരോക്ഷവുമായ മറുപടികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യത കുറഞ്ഞുവെന്ന സുധീരന്റെ നിലപാലിനെ തള്ളിയ അദ്ദേഹം യു.ഡി.എഫ്. ഭരണം നിലനിര്‍ത്തുമെന്നും പറഞ്ഞു.

മദ്യനയം ജനങ്ങളെ ബോധ്യപ്പെടുത്തി വിജയിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുപോലും കിട്ടില്ലെന്നായിരുന്നു പ്രചാരണം. പക്ഷേ, പന്ത്രണ്ട് സീറ്റില്‍ ജയിച്ചില്ലേ?-അദ്ദേഹം ചോദിച്ചു.

അധികാരം നഷ്ടപ്പെടുമ്പോള്‍ കൂടെ ആരുമുണ്ടാവില്ലെന്ന സ്ഥിതി എല്ലാവര്‍ക്കും ബാധകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുസംബന്ധിച്ച് സുധീരന്റെ പരാമര്‍ശത്തിലൂന്നിയായിരുന്നു ചോദ്യം. പക്ഷേ, താന്‍ പറഞ്ഞത് ഒരു പൊതു യാഥാര്‍ഥ്യമാണെന്നും സുധീരനുള്ള മറുപടിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെ. കരുണാകരന് രാഷ്ട്രീയ ജീവിതത്തിനൊടുവില്‍ ഒറ്റപ്പെടല്‍ ഉണ്ടായതായി കരുതുന്നില്ലെന്നും ഇതുസംബന്ധിച്ച് സുധീരന്‍ പറഞ്ഞതിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കരുണാകരന്‍ എക്കാലവും പ്രായോഗിക നിലപാടുകളാണ് കൈക്കൊണ്ടിരുന്നത്.

മദ്യലോബിയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ സുധീരന്റെ നിലപാടിനെ അദ്ദേഹം വീണ്ടും തള്ളി. മദ്യലോബിക്ക് കീഴടങ്ങുന്ന സര്‍ക്കാരല്ല ഇത്. ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനശാലകള്‍ പുതുതായി അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് ആരും പറഞ്ഞിട്ടായിരുന്നില്ല. സര്‍ക്കാരിന്റെ നൂറുദിവസത്തെ പരിപാടിയില്‍ മദ്യത്തിനെതിരായ നിലപാടിന് മുന്‍ഗണന നല്‍കിയിരുന്നു.

മദ്യനയത്തില്‍ കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതുനയവും നടപ്പിലാക്കുമ്പോള്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഉയരും. അതനുസരിച്ച് മാറ്റങ്ങള്‍ വരുത്തും. അത് മാത്രമാണ് ഇപ്പോഴുമുണ്ടായത്.

എ.കെ. ആന്റണി ചാരായ നിരോധനം കൊണ്ടുവന്നതിന് പിന്നാലെ ബിവറേജസ് വില്പനശാലകള്‍ തുറക്കേണ്ടിവന്നു. പ്രായോഗിക സമീപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തീരുമാനം. പക്ഷേ, അന്ന് ഈ വില്പനശാലകളിലൂടെ വിദേശമദ്യം വില്‍ക്കുന്നതിനെ എതിര്‍ക്കാത്തവര്‍ ഇപ്പോള്‍ ബിയര്‍-വൈന്‍ വില്പനയെ എതിര്‍ക്കുകയാണ്.

കെ.സി.ബി.സി. പോലുള്ള സംഘടനകളുടെ എതിര്‍പ്പ് ചൂണ്ടിക്കാണിച്ചപ്പോള്‍ ബിവറേജസ് വില്പനശാലകള്‍ തുറന്നതിനെ അവര്‍ എന്തുകൊണ്ട് അന്ന് എതിര്‍ത്തിരുന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇപ്പോള്‍ മാത്രമാണ് എതിര്‍പ്പ്.

കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നത ചൂണ്ടിക്കാണിച്ചപ്പോള്‍ ആരുമായും ഏറ്റുമുട്ടലിനില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിനോടുപോലും ഏറ്റുമുട്ടലിന് പോകാറില്ല. ഏറ്റുമുട്ടാതെ ഒഴിഞ്ഞുമാറി പോകുന്നതാണ് രീതി.

പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി വധി സംബന്ധിച്ച് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.