UDF

2014, ഡിസംബർ 23, ചൊവ്വാഴ്ച

കെഎസ്ആര്‍ടിസി പെന്‍ഷന്‍ നാളെ മുതല്‍; സമരം ഒത്തുതീര്‍ന്നു



കെഎസ്ആര്‍ടിസി പെന്‍ഷന്‍ നാളെ മുതല്‍; സമരം ഒത്തുതീര്‍ന്നു 



 കെഎസ്ആര്‍ടിസിയില്‍ മൂന്നു മാസത്തെ പെന്‍ഷന്‍ കുടിശിക നാളെ മുതല്‍ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അംഗീകൃത ട്രേഡ് യൂണിയനുകളുടെ യോഗത്തില്‍ തീരുമാനം. പെന്‍ഷന്‍കാര്‍ നടത്തിവന്ന സമരം ഇതേത്തുടര്‍ന്ന് ഒത്തുതീര്‍ന്നതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

പെന്‍ഷന്‍ കുടിശികയില്‍ പ്രതിമാസം 15,000 രൂപ വരെയാണു തല്‍ക്കാലം എല്ലാവര്‍ക്കും നല്‍കുന്നത്. ആദ്യ ഗഡു നാളെയും ബാക്കി രണ്ടു ഗഡുക്കള്‍ ഫെബ്രുവരി 15നകവും നല്‍കും. ഈ മാസങ്ങളിലെ 15,000 രൂപയ്ക്കു മുകളിലുള്ള പെന്‍ഷന്‍ തുക ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി നല്‍കും. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പെന്‍ഷന്‍ അതതു മാസങ്ങളില്‍ 15,000 രൂപ ക്ലിപ്തപ്പെടുത്തി വിതരണം ചെയ്യും. ഈ മാസങ്ങളിലെ അധിക തുക ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നല്‍കും.

മറ്റു തീരുമാനങ്ങള്‍


* അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ പെന്‍ഷന്‍ ഫണ്ട് നിലവില്‍ വരും. ഇതിനായി കോര്‍പറേഷനും സര്‍ക്കാരും പ്രതിമാസം 20 കോടി വീതം നിക്ഷേപിക്കും.

* കെഎസ്ആര്‍ടിസി സര്‍ക്കാരില്‍ നിന്നെടുത്ത വായ്പ ഓഹരി മൂലധനമാക്കി മാറ്റും.

* കോര്‍പറേഷന്റെ ബാധ്യത തീര്‍ക്കാന്‍ 200 കോടി അധികവായ്പ എടുക്കാന്‍ സര്‍ക്കാര്‍ ജാമ്യം നില്‍ക്കും. കെടിഡിഎഫ്‌സി വായ്പ ദീര്‍ഘകാലമാക്കും.

* നഷ്ടത്തിലോടുന്ന ഷെഡ്യൂളുകളില്‍ 25% നിര്‍ത്തലാക്കുകയും പുന:ക്രമീകരിക്കുകയും ചെയ്യും.

* കോര്‍പറേഷനിലെ മധ്യതല മാനേജ്‌മെന്റ് തസ്തികകളില്‍ 40% നേരിട്ടു നിയമനം.

* കോര്‍പറേഷന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധനെ നിയോഗിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും.