UDF

2014, ഡിസംബർ 13, ശനിയാഴ്‌ച

നല്ലസിനിമകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

നല്ലസിനിമകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

തിരുവനന്തപുരം: ലോകക്കാഴ്ചകളുടെ വെള്ളിവെട്ടവുമായി രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ലാളിത്യവും വിശിഷ്ടാതിഥികളുടെ സാന്നിധ്യം നല്‍കിയ പ്രൗഢിയും സമ്മേളിച്ച കനകക്കുന്ന് നിശാഗന്ധിയിലെ ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സമഗ്രസംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌ക്കാരം ഇറ്റാലിയന്‍ സിനിമാ ഇതിഹാസം മാര്‍ക്കോ ബലൂച്ചിയോക്ക് സമ്മാനിച്ചു. 

രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം തുടങ്ങി മനുഷ്യനെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും സിനിമയെന്ന ജനകീയ കല കൈകാര്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോകോത്തരസിനിമകള്‍ മലയാളിയുടെ അഭിരുചിയെ രൂപവത്കരിച്ചു. സിനിമാപ്രേമികളെ സൃഷ്ടിച്ചതില്‍ കേരളത്തില്‍ നടക്കുന്ന രാജ്യാന്തരചലച്ചിത്രോത്സവം നിര്‍ണായക പങ്കുവഹിച്ചു. 

വലിയ സംവിധായകരെയും മികച്ച സിനിമകളെയും സൃഷ്ടിക്കുന്നതില്‍ ഇത്തരം ചലച്ചിത്രമേളകള്‍ വഹിച്ച പങ്ക് വലുതാണ്. ഇതുവരെയുള്ള ചലച്ചിത്രമേളകള്‍ക്കെല്ലാം അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക മാത്രമേ സര്‍ക്കാര്‍ ചെയ്തിട്ടുള്ളു. വിജയിപ്പിച്ചത് ജനമാണ്. നല്ലസിനിമകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചലച്ചിത്രമേളയുടെ ഏകീകൃതസ്വഭാവത്തിനായി ഫെസ്റ്റിവല്‍ കോംപ്ലക്‌സ് സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പഴയ മലയാളം സിനിമകളുടെ പ്രിന്റുകള്‍ നശിക്കുന്നതിനാല്‍ ഇവ സംരക്ഷിക്കുന്നതിന് ഫിലിം ആര്‍ക്കൈവ്‌സ് തുടങ്ങും. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെയാണ് ഫിലിം ആര്‍ക്കൈവ്‌സ് തുടങ്ങുന്നത്. സിനിമകള്‍ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

മാര്‍ക്കോ ബലൂച്ചിയോ വിശിഷ്ടാതിഥിയായി. അദ്ദേഹത്തിന് സമഗ്രസംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌കാരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മാനിച്ചു.