UDF

2014, ഡിസംബർ 31, ബുധനാഴ്‌ച

കേരളത്തെ വികസനപാതയിലെത്തിച്ചതു ഗുരുദര്‍ശനങ്ങള്‍

കേരളത്തെ വികസനപാതയിലെത്തിച്ചതു ഗുരുദര്‍ശനങ്ങള്‍


ശ്രീനാരായണ ഗുരുവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ദര്‍ശനങ്ങള്‍ പിന്തുടര്‍ന്നതിനാലാണു കേരളം രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗുരുദേവന്‍ രചിച്ച ദൈവദശകം കൂടുതല്‍ ജനകീയമാക്കാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എണ്‍പത്തിരണ്ടാമതു ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ദൈവദശക രചനാ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള ശ്രീനാരായണ ഭക്തര്‍ പങ്കുചേരുന്ന ഈ തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നതു തന്നെ അഭിമാനകരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. നൂറു വര്‍ഷം പിന്നിടുമ്പോഴും ദൈവദശകം കോടിക്കണക്കിനാളുകളുടെ മനസ്സില്‍ ആധ്യാത്മിക തേജസ് ഉണര്‍ത്തുന്നു. കവിതയെന്ന നിലയിലും പ്രാര്‍ഥനയെന്ന നിലയിലും ദൈവദശകത്തിനു ജനമനസ്സുകളില്‍ ഉന്നത സ്ഥാനമുണ്ട്. സര്‍ക്കാര്‍ നേതൃത്വത്തില്‍ ദൈവദശകത്തിന്റെ 20,000 കോപ്പി സൗജന്യമായി വിതരണം ചെയ്തു, മലയാളത്തിലും ഇംഗ്ലിഷിലും പഠനഗ്രന്ഥം തയാറാക്കാന്‍ നടപടി തുടങ്ങി. ഇതിനായി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, പ്രഫ. എം.കെ. സാനു എന്നിവരുടെ നേതൃത്വത്തില്‍ ആറംഗ സമിതിയെ നിയമിച്ചുകഴിഞ്ഞു. 

ശിവഗിരി തീര്‍ഥാടനം തന്നെ അദ്ഭുതകരമാണ്. അഞ്ചു പേരുമായി തുടങ്ങിയ തീര്‍ഥാടനം കോടിക്കണക്കിനു വിശ്വാസികളിലേക്കു വളര്‍ന്നിരിക്കുന്നു. ആധ്യാത്മിക വളര്‍ച്ചയ്‌ക്കൊപ്പം ഭൗതിക പുരോഗതി കൂടി വേണമെന്നായിരുന്നു ഗുരുദര്‍ശനം. വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിലെ പുരോഗതിയിലൂടെ മാത്രമേ സമൂഹത്തിനു മുന്നേറാനാകൂ. ഗുരുദര്‍ശനങ്ങള്‍ക്കു കാലാതീത ശക്തിയുണ്ട്. അതുകൊണ്ടാണു രവീന്ദ്രനാഥ ടഗോര്‍ ഗുരുവിനു തുല്യരെ ഇതുവരെ കണ്ടിട്ടില്ലെന്നു പ്രശംസിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയും മുഖ്യാതിഥികളും ചേര്‍ന്നു മതസമന്വയ ജ്യോതി തെളിച്ചാണു തീര്‍ഥാടനം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നു ശിവഗിരിയിലെ സന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തില്‍ ദൈവദശകം ചൊല്ലി. ലോകമൊട്ടാകെയുള്ള ശ്രീനാരായണ ഭക്തര്‍ ഭക്ത്യാദരവുകളോടെ അതില്‍ പങ്കാളികളായി.