UDF

2014, ഡിസംബർ 23, ചൊവ്വാഴ്ച

മദ്യനയത്തില്‍ ഇനി മാറ്റം ഇല്ല

മദ്യനയത്തില്‍ ഇനി മാറ്റം ഇല്ലെന്ന് മുഖ്യമന്ത്രി


 മദ്യനയം മാറ്റത്തിന്റെ കാര്യത്തില്‍ ഇനി പുനഃപരിശോധന ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാഹ്യസമ്മര്‍ദമല്ല, സാമൂഹികയാഥാര്‍ഥ്യമാണു സര്‍ക്കാര്‍ തീരുമാനത്തിന് അടിസ്ഥാനമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ വിമര്‍ശനത്തെ ലാക്കാക്കി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ബാഹ്യസമ്മര്‍ദത്തിനു വഴങ്ങി എന്നു സുധീരന്‍ ആരോപിച്ചിരുന്നു.

മദ്യനയം സംബന്ധിച്ച് അന്തിമതീരുമാനം എടുത്തുകഴിഞ്ഞു. വിവിധ തലങ്ങളില്‍ വിശദചര്‍ച്ചയ്ക്കുശേഷമാണ് സുവ്യക്തമായ തീരുമാനം. ഇത്തരം വിവാദങ്ങളില്‍ സര്‍ക്കാരിനെ തളച്ചിടാനും ആര്‍ക്കും കഴിയില്ല. പരിഹരിക്കപ്പെടേണ്ട ഒട്ടേറെ വിഷയങ്ങള്‍ ഇനിയും കാത്തിരിക്കുന്നു. മദ്യനയത്തില്‍ പ്രായോഗികത നോക്കിയും പൊതുനന്മ ലക്ഷ്യമിട്ടും മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളൂ.

ടൂറിസം, തൊഴില്‍ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണു മാറ്റങ്ങള്‍. ഇതുപ്രകാരം 24,787 പേര്‍ക്കാണു ജോലി നഷ്ടപ്പെട്ടത്. കേരളവുമായി മല്‍സരിക്കുന്ന ശ്രീലങ്കയിലേക്കു വിദേശ ടൂറിസ്റ്റുകള്‍ പോകുന്ന സാഹചര്യമാണ്. ബീയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുമ്പോള്‍ കേരളത്തെ ലഹരിയില്‍ മുക്കുന്ന വിദേശനിര്‍മിത മദ്യമാണ് ഇല്ലാതാകാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്കു നല്‍കിയ ലേഖനത്തില്‍ സുധീരന്റെ വിമര്‍ശനങ്ങളെയാണു മുഖ്യമന്ത്രി ഖണ്ഡിക്കുന്നതും.