UDF

2014, ഡിസംബർ 21, ഞായറാഴ്‌ച

എയര്‍കേരള: ആഭ്യന്തര സര്‍വീസിന് സാധ്യതാപഠനം നടത്തും

എയര്‍കേരള: ആഭ്യന്തര സര്‍വീസിന് സാധ്യതാപഠനം നടത്തും

നെടുമ്പാശ്ശേരി: എയര്‍കേരള ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നതിനായി സാധ്യതാ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമായി 15 സീറ്റുള്ള വിമാനമുപയോഗിച്ച് സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളെയും, സമീപ വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്. സാധ്യതാ പഠനത്തിനായി വിദഗ്ധ ഏജന്‍സിയിയെ ചുമതലപ്പെടുത്തും. 5 വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയാലേ ഗള്‍ഫ് സര്‍വീസിന് അനുമതി കിട്ടൂ എന്നതിനാല്‍ ഗള്‍ഫ് സര്‍വീസ് എന്ന ലക്ഷ്യവുമായി എയര്‍കേരള മുന്നോട്ടു പോകും.

സിയാലിന്റെ ലാഭത്തില്‍ 5 കോടിയുടെ വര്‍ധന ഉണ്ടായതായി കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (6 മാസം) 69 കോടി രൂപയുടെ ലാഭമുണ്ടായി. മുന്‍വര്‍ഷമിത് 64 കോടിയായിരുന്നു. ഓഹരി ഉടമകള്‍ക്ക് 4:1 എന്ന അനുപാതത്തില്‍ അവകാശ ഓഹരി നല്‍കും. പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മ്മാണം 2015 ഡിസംബറില്‍ പൂര്‍ത്തിയാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.