UDF

2014, ഡിസംബർ 13, ശനിയാഴ്‌ച

മാണി രാജി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി

മാണി രാജി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി

 ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തതിനാല്‍ മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ തള്ളി. രാഷ്ട്രീയ കടന്നാക്രമണത്തില്‍നിന്നു മാണിയെ സംരക്ഷിക്കുകതന്നെ ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു യുഡിഎഫിന്റെയും തന്റെയും ഉറച്ച തീരുമാനമാണ്. മാണി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നു തങ്ങള്‍ക്കെല്ലാം ബോധ്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.

മാണിയെ കുറ്റക്കാരനായി വിജിലന്‍സ് കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. വിജിലന്‍സിന് ഒരു ഡ്രൈവര്‍ നല്‍കിയ മൊഴിവച്ചു മന്ത്രി രാജിവയ്ക്കണമെന്നു പറഞ്ഞാല്‍ അതെത്ര ബാലിശമാണെന്നു  പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുളള മറുപടിയില്‍ മുഖ്യമന്ത്രി ചോദിച്ചു.

അങ്ങനെയെങ്കില്‍ നിങ്ങളുടെ ഒരു എംഎല്‍എയ്‌ക്കെതിരെയും ഡ്രൈവറുടെ മൊഴി ഉണ്ടല്ലോ? മുന്‍മന്ത്രി എളമരം കരീമിനെതിരെ  ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പേരു പരാമര്‍ശിക്കാതെ ഉമ്മന്‍ ചാണ്ടി ചോദിച്ചു. ലളിതകുമാരി കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പുതിയ വിധി വന്നശേഷമുള്ള നിയമപരമായ സാഹചര്യം കണക്കിലെടുത്താണു മാണിക്കെതിരെ  കേസെടുത്തത്. ഈ വിധി അനുസരിച്ചു പൊലീസിനു കേസ് എടുക്കാവുന്ന വകുപ്പുണ്ടോ എന്നു മാത്രമാണ് ആദ്യം പരിശോധിക്കുന്നത്. അതു മാത്രമാണ് ഈ കേസിലും  ഉണ്ടായത്. ബാര്‍ ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ടു മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനത്തില്‍ മാണിക്കു പ്രത്യേകമായ പങ്കൊന്നുമില്ല. ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അതു മന്ത്രിസഭയെ നയിക്കുന്ന തനിക്കു മാത്രമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.