UDF

2014, ഡിസംബർ 12, വെള്ളിയാഴ്‌ച

സീറ്റ് വിറ്റുവെന്ന ആരോപണം നേരിടുന്ന പാര്‍ട്ടിയാണ് സി.പി.ഐ

സീറ്റ് വിറ്റുവെന്ന ആരോപണം നേരിടുന്ന പാര്‍ട്ടിയാണ് സി.പി.ഐ- മുഖ്യമന്ത്രി


തിരുവനന്തപുരം: പാര്‍ലമെന്റ് സീറ്റ് വിലയ്ക്കു വിറ്റുവെന്ന ആരോപണം നേരിടുന്ന പാര്‍ട്ടിയാണ് സി.പി.ഐയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ ആദ്യ സംഭവമാണിത്. ഇത് എവിടെയെങ്കിലും കേട്ടുകേള്‍വിയുണ്ടോ. നാണക്കേടില്ലേ നിങ്ങള്‍ക്കു സീറ്റു വില്‍ക്കാന്‍ - അദ്ദേഹം നിയമസഭയില്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ആരോപണത്തെ തുടര്‍ന്ന് സി.പി.ഐ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുമരാമത്തു മന്ത്രിയുടെ ഓഫീസിനെതിരെ കെ.ബി. ഗണേഷ്‌കുമാര്‍ ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള വി.എസ്. സുനില്‍കുമാറിന്റെ അടിയന്തര പ്രമേയ അവതരണാനുമതി തേടിയുള്ള പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ആദ്യമൊക്കെ ഇത്തരം ആരോപണം ഉന്നയിക്കേണ്ടെന്നു തീരുമാനിച്ചതാണ്. നിങ്ങള്‍ തെറ്റുചെയ്തതുകൊണ്ട് ഞങ്ങള്‍ക്കും തെറ്റുചെയ്യാമെന്ന് വരാതിരിക്കാനാണ് ഇതുവരെ പറയാതിരുന്നത്. ഒരു വിരല്‍ ഞങ്ങള്‍ക്കെതിരേ നീട്ടുമ്പോള്‍ നാലു വിരലും നിങ്ങള്‍ക്കെതിരാണെന്നു മനസിലാക്കണം. ഇതിന്റെ പേരില്‍ ലോകായുക്ത അന്വേഷണം നേരിടുന്ന പാര്‍ട്ടിയും സി.പി.ഐയാണെന്ന് ഭരണ പക്ഷാംഗങ്ങളുടെ കൈയടിക്കിടയില്‍ മുഖ്യമന്ത്രി പറഞ്ഞു.