UDF

2011, ഡിസംബർ 7, ബുധനാഴ്‌ച

ഉമ്മന്‍ചാണ്ടി A politician turning Statesman


ഉമ്മന്‍ചാണ്ടി A politician turning Statesman


ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദത്തിലെ രണ്ടാമൂഴത്തിന്റെ തുടക്കം പലതുകൊണ്ടും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ആദ്യ സര്‍ക്കാരിനെ 'ഫാസ്റ്റ് പാസഞ്ചര്‍' എന്നു വിശേഷിപ്പിക്കാമെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ 'സൂപ്പര്‍ ഫാസ്റ്റ്' വേഗതയിലാണ് നീങ്ങുന്നത്.

ഇടതുമുന്നണി സര്‍ക്കാരിന് കീറാമുട്ടി ആയിരുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് അംഗീകാരം, കൊച്ചി മെട്രോ റെയിലിന് അനുമതി, ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കു വേണ്ട മെച്ചപ്പെട്ട സൗകര്യങ്ങള്‍, ഒരു രൂപയ്ക്ക് ഒരു കിലോ അരി, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനു വേണ്ടി സ്ഥലം നല്‍കിയ മൂലമ്പള്ളി നിവാസികളുടെ നീണ്ട സമരത്തിനുള്ള പരിഹാരം എന്നു തുടങ്ങി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികളില്‍ ഫയലുകള്‍ നീങ്ങുന്ന കാര്യത്തില്‍ വരെ ഈ സൂപ്പര്‍ ഫാസ്റ്റ് വേഗത ദൃശ്യമാണ്.

ഉമ്മന്‍ചാണ്ടിയിലെ മാറ്റം
ദീര്‍ഘവീക്ഷണത്തോടും എല്ലാ വിഭാഗം ജനങ്ങളുടെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ടും പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു രാഷ്ട്രീയക്കാരന്‍ രാജ്യതന്ത്രജ്ഞന്റെ (statesman) തലത്തിലേക്ക് ഉയരുന്നത്. ഇന്നത്തെ ഉമ്മന്‍ചാണ്ടിയില്‍ കാണുന്ന ഒരു സവിശേഷതയും അതാണ്. അദ്ദേഹം അടുത്തകാലത്ത് എടുത്ത ചില നടപടികള്‍ നമുക്ക് പരിശോധിക്കാം.

സര്‍ക്കാര്‍ ആറു മാസം പൂര്‍ത്തിയാക്കിയ അവസരത്തില്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച അടുത്ത ഒരു വര്‍ഷത്തെ കര്‍മപദ്ധതിയില്‍ ഭരണവും ജനക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള പല പദ്ധതികളും അടങ്ങിയിട്ടുണ്ട്. ചെറുകിട പദ്ധതികളില്‍ നിന്നുള്ള ശുദ്ധജലവിതരണം,
മാലിന്യനിര്‍മാര്‍ജനം, ബസ് ഷെല്‍റ്റര്‍, പബ്ലിക് ടോയ്‌ലറ്റ് എന്നിവയുടെ നിര്‍മാണവും പരിപാലനവും തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സിയാല്‍ (കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനി) മാതൃകയില്‍ നാലു കമ്പനികളുടെ രൂപീകരണം, സി.ബി.ഐയുടെ മാതൃകയില്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിന് പുതിയ അന്വേഷണ ഏജന്‍സി, പച്ചക്കറിവില നിയന്ത്രിക്കുന്നതിന് 400 ന്യായവില കേന്ദ്രങ്ങള്‍ എന്നിവ പുതിയ കര്‍മപദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു.

വിദഗ്ധരുടെ സേവനം
കേരളത്തിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്നതിന് വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുവേണ്ടി ഉമ്മന്‍ചാണ്ടി എടുത്ത നടപടികള്‍ ശ്ലാഘനീയമാണ്. ഭരണരംഗത്ത് ദീര്‍ഘകാലം പരിചയമുള്ള മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറിനെ കേരള പ്ലാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാനായി നിയമിച്ചു. ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച മാനേജ്‌മെന്റ് വിദഗ്ധന്‍ സാം പിട്രോഡയെ കേരളത്തിന്റെ വികസനകാര്യങ്ങളില്‍ മുഖ്യ ഉപദേഷ്ടാവായി നിയമിക്കാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. ഇന്ത്യയുടെ 'മെട്രോ മാന്‍' എന്നറിയപ്പെടുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്റ്റര്‍ ഇ. ശ്രീധരനെ കൊച്ചി മെട്രോയുടെ സാരഥ്യം
ഏല്‍പ്പിക്കുന്നതിനും കേരള സര്‍ക്കാര്‍ നടപടികള്‍ എടുത്തുവരുന്നു.

ക്ഷേത്ര സ്വത്തിന്റെ സംരക്ഷണം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി ശേഖരത്തിന്റെ കാര്യത്തില്‍ ഹിന്ദു ജനതയുടെയും തിരുവിതാംകൂര്‍ രാജവംശത്തിന്റെയും ജനങ്ങളുടെയും മൊത്തത്തിലുള്ള വികാരങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടുള്ള നടപടികളാണ് ഉമ്മന്‍ചാണ്ടി എടുത്തത്.
ശബരിമലയുടെ കാര്യമെടുക്കാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പു തന്നെ സര്‍ക്കാരിന് ആവുന്ന എല്ലാ നടപടികളും എടുത്തു. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയില്‍ സമ്മര്‍ദം ചെലുത്തി ശബരിമലയില്‍ നിന്ന് ദര്‍ശനം കഴിഞ്ഞ് അയ്യപ്പ ഭക്തര്‍ക്ക് പുറത്തേക്ക് പോകുന്നതിന് പട്ടാളത്തെക്കൊണ്ട് ഒരു പാലവും പൊലീസ് ഹൗസിംഗ് വിഭാഗത്തെക്കൊണ്ട് അപ്രോച്ച് റോഡും പണിയിച്ചു. തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പു തന്നെ നാലു കിലോമീറ്റര്‍ മല ചവിട്ടി കയറിയാണ് ഉമ്മന്‍ചാണ്ടി ആ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

അടിസ്ഥാനസൗകര്യ വികസനം
കേരളത്തിന്റെ വികസനത്തിനും വ്യവസായവല്‍ക്കരണത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടണം എന്ന ദീര്‍ഘവീക്ഷണത്തോടെയാണ് ഉമ്മന്‍ചാണ്ടി സ്മാര്‍ട്ട് സിറ്റി പദ്ധതിയും കൊച്ചി മെട്രോ പദ്ധതിയും ത്വരിതപ്പെടുത്തുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വ്യവസായ തലസ്ഥാനം എന്ന നിലയില്‍ കൊച്ചിയുടെ വികസന സാധ്യത മുന്നില്‍ കണ്ട് അവിടെ വിഭാവനം ചെയ്തിട്ടുള്ള ഓരോ വികസന പദ്ധതികളിലും വ്യക്തിപരമായ താല്‍പ്പര്യമാണ് ഉമ്മന്‍ ചാണ്ടി കാണിക്കുന്നത്. ഈ പദ്ധതികള്‍ സംബന്ധിച്ച ആലോചനാ യോഗങ്ങളില്‍ വ്യക്തിപരമായ സാന്നിധ്യം ഉറപ്പാക്കുന്നു. അദ്ദേഹം കൊച്ചിയോട് ഇപ്പോള്‍ കാണിക്കുന്ന സ്‌നേഹം കണ്ടാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം പുതുപ്പള്ളി വിട്ട് കൊച്ചിയില്‍ മല്‍സരിക്കുമോ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുകയില്ല.

കൊച്ചിയുടെ കാര്യത്തില്‍ മാത്രമല്ല വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയില്‍ തുടങ്ങിയ പദ്ധതികളിലും അതീവ ശുഷ്‌കാന്തി കാണിക്കുന്നുണ്ടണ്ട്. പുതിയ റോഡ് പദ്ധതികള്‍ക്ക് സ്ഥലം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിന് കേരളം അഭിമുഖീകരിച്ചിരുന്ന പ്രതിബന്ധങ്ങള്‍ ഒഴിവാക്കുവാന്‍ സഹായിക്കും.

വിലനിയന്ത്രണം
കേരളത്തിലെ പൊതു വിതരണമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനാണ് ബി.പി.എല്‍കാര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ അരി എന്ന പദ്ധതി റേഷന്‍ കടകള്‍ വഴി ഇത്ര വേഗം നടപ്പാക്കുക വഴി ഉമ്മന്‍ചാണ്ടി തുടക്കമിട്ടിരിക്കുന്നത്. റേഷന്‍ കടകള്‍ വഴി കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് നിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടുന്നു എന്നത് ഒരു വലിയ കാര്യമാണ്. അവശ്യസാധനങ്ങളുടെ വില വര്‍ധന ഒരു പരിധി വരെ തടയുന്നതിന് ഇത് സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം പരിപാടികള്‍ ഒരു 'പോപ്പുലിസ്റ്റ്' നടപടികളായി മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഘടകകക്ഷികളെ നിയന്ത്രിച്ചില്ലെങ്കില്‍ അവര്‍ മുഖ്യമന്ത്രിക്ക് പേരുദോഷം വരുത്തിവെക്കും. ഭരണതലത്തിലെ അഴിമതി തടയുക, മറുനാടന്‍ മലയാളികളില്‍ നിന്നു വരുന്ന ഭീമമായ നിക്ഷേപം കേരളത്തിന്റെ വ്യവസായിക വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിനിയോഗിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ അടിയന്തരമായി പതിയേണ്ടിയിരിക്കുന്നു.

ചുരുക്കത്തില്‍, അടുത്ത ഒരു വര്‍ഷത്തേക്കല്ല അടുത്ത 20 വര്‍ഷത്തെ കേരളത്തിന്റെ സമഗ്ര വികസനത്തെയാണ് ഉമ്മന്‍ചാണ്ടണ്ടി ലക്ഷ്യം വെക്കേണ്ടണ്ടത്. കാരണം, ജയിംസ് ഫ്രീമാന്‍ പറഞ്ഞതുപോലെ, ഒരു രാഷ്ട്രീയക്കാരന്‍ അടുത്ത തെരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കുമ്പോള്‍, രാജ്യതന്ത്രജ്ഞന്‍ അടുത്ത തലമുറയെപ്പറ്റി ചിന്തിക്കുന്നു.