UDF

2011, ഡിസംബർ 2, വെള്ളിയാഴ്‌ച

കൊച്ചിയില്‍ ഗ്ലോബല്‍ വില്ലേജ് സ്ഥാപിക്കും: മുഖ്യമന്ത്രി


               
കൊച്ചി: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ജികെഎസ്എഫ്) ഭാഗമായി കൊച്ചിക്കടുത്തു ഗ്ലോബല്‍ വില്ലേജിനു രൂപം കൊടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത്തവണത്തെ മേള കഴിഞ്ഞാലുടന്‍ അതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജികെഎസ്എഫിന്റെ അഞ്ചാം പതിപ്പ് മറൈന്‍ ഡ്രൈവില്‍ ഒരുക്കിയ ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വ്യാപാര, വ്യവസായ രംഗത്തു പുതിയ ഉണര്‍വു നല്‍കാന്‍ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനു സാധിച്ചു. നാലു വര്‍ഷമായി ഫെസ്റ്റിവല്‍ ഈ ലക്ഷ്യം നിറവേറ്റുന്നു.

ഈ വര്‍ഷം പുതുതായി ചില പരിപാടികള്‍ കൂടി ഉള്‍പ്പെടുത്തിയാണു ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ടൂറിസം മേഖലയ്ക്ക് ഉണര്‍വു നല്‍കുന്നതിനായി വിദേശീയരും സ്വദേശീയരുമായ ടൂറിസ്റ്റുകള്‍ക്കായി ദര്‍ശന്‍ യാത്ര എന്ന പേരില്‍ തീര്‍ഥാടന ടൂറിസം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

വിദേശീയരും മറ്റും കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്കുള്ള പാക്കേജുകളാണിത്. വ്യാപാരികളുടെ പൂര്‍ണമായ സഹകരണമുണ്ടെങ്കില്‍ മാത്രമേ മേള വിജയിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരളത്തിനു ലോക വാണിജ്യ ഭൂപടത്തില്‍ സ്ഥാനം നേടാനുള്ള ശ്രമങ്ങളുടെ തുടക്കമായി വേണം ജികെഎസ്എഫിനെ പരിഗണിക്കേണ്ടതെന്നു ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു.

ടൂറിസം മേഖലയില്‍ പുതിയ സാധ്യതകളാണു മേള സമ്മാനിക്കുന്നത്. ടൂറിസം സീസണ്‍ ആരംഭിച്ചു കഴിഞ്ഞു. പുറത്തുനിന്നു വരുന്നവരെക്കൂടി വ്യാപാര മേള ആകര്‍ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടേത് എന്നു കരുതി വാങ്ങാവുന്ന ഉല്‍പന്നങ്ങള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നു നടന്‍ മമ്മൂട്ടി നിര്‍ദേശിച്ചു.

ഇത്രയേറെ വ്യാപാരം നടക്കുന്ന വേളയില്‍, കേരളം എത്രത്തോളം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ആലോചിച്ചുപോകുകയാണ്. വളരെ ചുരുക്കം ഉല്‍പന്നങ്ങള്‍ മാത്രമാണ് കേരളം ഉത്പാദിപ്പിക്കുന്നത്.  പുതിയ സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ക്കു സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കെടിഡിസി പാക്കേജ് ബ്രോഷര്‍ മന്ത്രി ബാബു ജയറാമിനു നല്‍കി പ്രകാശനം ചെയ്തു.

മേളയുടെ സ്‌പോണ്‍സര്‍മാരായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, മലബാര്‍ ഗോള്‍ഡ്, എല്‍ഐസി, ടാറ്റ മോട്ടോഴ്‌സ്, ബിഗ് ബസാര്‍, ജോസ്‌കോ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്കു ഹൈബി ഈഡന്‍ എംഎല്‍എ ഉപഹാരം സമ്മാനിച്ചു.
മേളയുടെ ഭാഗമായുള്ള നറുക്കെടുപ്പുകളിലെ ജേതാക്കള്‍ക്കു സമ്മാനമായി നല്‍കുന്ന സ്വര്‍ണ നാണയത്തിന്റെ മാതൃക ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ മമ്മൂട്ടിക്കു നല്‍കി പ്രകാശനം നിര്‍വഹിച്ചു.

മന്ത്രി കെ.ബാബു, ഹൈബി ഈഡന്‍ എംഎല്‍എ, ജയറാം, മേയര്‍ ടോണി ചമ്മണി, ജികെഎസ് എഫ് ഡയറക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനുശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.

46 ദിവസം നീളുന്ന വ്യാപാരോല്‍സവത്തിന്റെ സമാപനം ജനുവരി 21 ന് മലപ്പുറത്താണു നടക്കുക. മേളയില്‍ അംഗങ്ങളായ, കേരളത്തിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു ഷോപ്പിങ് നടത്തുന്നവര്‍ക്കു മൊത്തം 101 കിലോ സ്വര്‍ണമാണു സമ്മാനം. മെഗാ സമ്മാനം ഒരു കിലോ സ്വര്‍ണം.

രണ്ടാം സമ്മാനമായി മൂന്നു പേര്‍ക്ക് അര കിലോ സ്വര്‍ണം വീതം ലഭിക്കും. കൂടാതെ, ഒട്ടനവധി സമ്മാനങ്ങളുമുണ്ട്. ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള കലാകാരന്‍മാര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാവിരുന്നുകള്‍ അവതരിപ്പിക്കും.