UDF

2011, ഡിസംബർ 17, ശനിയാഴ്‌ച

പരാതികളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തും: മുഖ്യമന്ത്രി


പരാതികളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തും: മുഖ്യമന്ത്രി



കാസര്‍കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍  ലഭിച്ച പരാതികളിന്‍മേല്‍ സ്വീകരിച്ച നടപടികളെകുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്താന്‍  സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  കാസര്‍കോട് കലക്ടറേറ്റില്‍ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാലു ജില്ലകളില്‍ കൂടി ജനസമ്പര്‍ക്ക പരിപാടി കഴിയാനുണ്ട്. അതു കഴിയുന്നതോടെ ജനസമ്പര്‍ക്കത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കും. ഇതുവരെ  നടപടി സ്വീകരിക്കാനാവാതെ  ബാക്കിയായ അപേക്ഷകളില്‍ ഏതെങ്കിലും വിധത്തില്‍ അനുകൂലമായ നടപടി എടുക്കാനാകുമോ എന്നായിരിക്കും  രണ്ടാംഘട്ടത്തില്‍ ആലോചിക്കുക. ഇതിനുവേണ്ടി ഉദ്യോഗസ്ഥരുടെയും സന്നദ്ധസംഘടനകളടെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനു നിലവിലെ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യണം എന്നുണ്ടെങ്കില്‍ അതും ചെയ്യും. ജനസമ്പര്‍ക്കത്തിലെ തീരുമാനം സംബന്ധിച്ചു എംഎല്‍എമാരുടെയും തദ്ദേശസ്ഥാപന തലവന്‍മാരുടെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന സോഷ്യല്‍ ഓഡിറ്റിങ്ങിനാണ് ആലോചിക്കുന്നത്.

ആരെയും കാണാനല്ല  ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നത്. മറിച്ചു തങ്ങളുടെ പരാതി കേള്‍ക്കാന്‍ മന്ത്രിമാരും എംഎല്‍എമാരും ഉണ്ടെന്ന വിശ്വാസം കൊണ്ടാണ്. ഓരോ പരാതിയും അനുഭാവപൂര്‍വം പരിഗണിക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങളെ അവഗണിക്കുന്നു എന്ന ധാരണ അപകടകരമാണ്. പരാതി പരിഹരിക്കുന്നതില്‍  രാഷ്ട്രീയമായ വേര്‍തിരിവ് പാടില്ല. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോപണങ്ങളില്‍ നിന്നു കയ്യൊഴിയാന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഭരണാധികാരികള്‍ക്കു കഴിയില്ലെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മുപ്പതിനായിരം പരാതികളാണ് വിവിധ വിഭാഗങ്ങളിലായി ലഭിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി മരിച്ച 53 പേരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷംരൂപ വീതം ജനസമ്പര്‍ക്ക പരിപാടിയില്‍ വിതരണം ചെയ്തു. അറുന്നൂറ് പേര്‍ക്കു പട്ടയവും ചികില്‍സാ ധസസഹായത്തിനു ലഭിച്ച അപേക്ഷകളില്‍ ഒരുകോടിയോളം  രൂപയും വിതരണം ചെയ്തു. 2009 നവംബര്‍ 15ന് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ചെറുവത്തൂര്‍ കൈതക്കാട്ടെ മുഹമ്മദ് ഷഫിഖിന്റെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയുടെ ധനസഹായം ഷഫീഖിന്റെ പിതാവ് മുസ്തഫ ഹാജിക്കു മുഖ്യമന്ത്രി നല്‍കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ആയിരക്കണക്കിനു രോഗികള്‍ ആംബുലന്‍സിലും വീല്‍ചെയറിലും മറ്റുമായി ജനസമ്പര്‍ക്കത്തിന് എത്തിയിരുന്നു. ഇവരുടെ സമീപത്തേയ്ക്ക് സ്‌റ്റേജില്‍ നിന്നിറങ്ങി ചെന്നു മുഖ്യമന്ത്രി പരാതികള്‍ കേട്ടു. രാത്രി വൈകിയാണ് പരിപാടി സമാപിച്ചത്.