UDF

2011, ഡിസംബർ 19, തിങ്കളാഴ്‌ച

ഉമ്മന്‍ചാണ്ടി പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി

ഉമ്മന്‍ചാണ്ടി പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി



ബംഗളൂരു: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവാദങ്ങള്‍ കത്തിനില്‍ക്കെ ഉമ്മന്‍ചാണ്ടി തമിഴ്നാട് ധനമന്ത്രി ഒ. പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി. പുതിയ ഡാം നിര്‍മിച്ചാല്‍ തമിഴ്നാടിന് ഇപ്പോള്‍ നല്‍കുന്ന വെള്ളം തുടര്‍ന്നും നല്‍കാന്‍ നിയമനിര്‍മാണം നടത്താന്‍ കേരളം തയാറാണെന്ന് ശെല്‍വത്തെ മുഖ്യമന്ത്രി അറിയിച്ചു. ബംഗളൂരുവില്‍ ധനവിനിയോഗം സംബന്ധിച്ച ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടത്തിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലനില്‍ക്കുന്ന വിവാദത്തിനിടെ ഉന്നതതലത്തില്‍ നടന്ന ആദ്യകൂടിക്കാഴ്ചയാണിത്. നിയമനിര്‍മാണം നടത്തി വെള്ളംനല്‍കുന്നതിലുള്ള ഉറപ്പ് സുപ്രീംകോടതിയെ അറിയിക്കും. മുല്ലപ്പെരിയാര്‍ സംബന്ധിച്ച കേരളത്തിന്‍െറ ആശങ്ക തമിഴ്നാട് ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതാണ് സംസ്ഥാനത്തിന്‍െറ ആവശ്യം. അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്‍െറ ആശങ്ക കേരളത്തിന് അറിയാം. തമിഴ്നാടിന് വെള്ളമെന്നത് കേരളത്തിന്‍െറ കൂടി ആവശ്യമാണ്. പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും അയല്‍സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് എത്തുന്നത് എന്നതിനാല്‍ ഇപ്പോള്‍ നല്‍കുന്ന അതേ അളവില്‍ വെള്ളം നല്‍കാന്‍ കേരളം തയാറാണ്. പക്ഷേ, കേരളത്തിന്‍െറ ആശങ്കകൂടി തമിഴ്നാട് മനസ്സിലാക്കണം. ഡാമിന് താഴെയുള്ള നിരവധി പേരാണ് പരിഭ്രാന്തിയില്‍ കഴിയുന്നത്. പുതിയ അണക്കെട്ട് തമിഴ്നാടിനെക്കൂടി വിശ്വാസത്തിലെടുത്ത് നിര്‍മിക്കാം. വെള്ളം നല്‍കുന്നതിന് തമിഴ്നാട് എന്ത് നിബന്ധനവെച്ചാലും അത് അംഗീകരിക്കാന്‍ തയാറാണ്. എന്തെങ്കിലും തര്‍ക്കമുണ്ടാവുകയാണെങ്കില്‍ അന്തിമതീരുമാനം സുപ്രീംകോടതിക്ക് വിടാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.