UDF

2011, ഡിസംബർ 8, വ്യാഴാഴ്‌ച

മുഖ്യമന്ത്രി സൈക്കിളില്‍; പിന്നാലെ ടെക്കികളും



തിരുവനന്തപുരം: ആദ്യം ഒന്നറച്ചെങ്കിലും കൈയടി കൂടിയതോടെ മുഖ്യമന്ത്രി ആഞ്ഞുചവിട്ടി. ബാലന്‍സ് തെറ്റിയപ്പോള്‍ പോലീസിന്റെ സഹായം. കുത്തനെയുള്ള ഇറക്കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സൈക്കിളിന് വേഗം കൂടി. പിന്നാലെ അമ്പതോളം ടെക്കികള്‍ സൈക്കിളില്‍. ചുറ്റിനും ഫോട്ടോഗ്രാഫര്‍മാരുടെ പട. ടെക്‌നോപാര്‍ക്ക് വളപ്പില്‍ ഒന്നാംവളവിലെ ടാറ്റ എലെക്‌സി കാമ്പസിനു മുമ്പാകെ മുഖ്യമന്ത്രിയുടെ സെക്കിള്‍ യാത്ര അവസാനിച്ചു.

അലയന്‍സ് കോണ്‍ഹില്‍ കമ്പനിയുടെ 'വൈ നോട്ട് സൈക്കിള്‍' പരിപാടിയുടെ ഉദ്ഘാടനമായിരുന്നു ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിനുമുന്നില്‍ നടന്നത്. മുഖ്യമന്ത്രി സൈക്കിള്‍ ചവിട്ടുന്നതു കാണാന്‍ പത്തുനിലകളില്‍ നിന്നും കാഴ്ചക്കാര്‍ താഴോട്ടുനോക്കി. പലപ്പോഴും പഴമയിലേയ്ക്ക് തിരിച്ചുപോകുന്നത് നല്ലശീലങ്ങള്‍ക്കും ആരോഗ്യത്തിനും ഗുണകരമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സൈക്കിള്‍ ക്ലബ് പദ്ധതി ഉദ്ഘാടനം ചെയ്തു. 'ഐ ഹാവ് ഫര്‍ഗോട്ട് ഹൗ ടു ബൈക്ക്' എന്നു പറഞ്ഞ് അലയന്‍സ് സി.ഇ.ഒ രാകേഷ് ഗുപ്ത മുഖ്യമന്ത്രിയ്‌ക്കൊപ്പം സൈക്കിളെടുത്തു. പിന്നാലെ അമ്പതോളം ജീവനക്കാരും സൈക്കിളില്‍. പ്രോത്സാഹനം കൂടിയപ്പോള്‍ ' ഡോണ്ട് പുഷ്.....ഐ ഹാവ് ടു കോണ്‍സെന്‍ട്രേറ്റ്' എന്ന് ഒരു യുവതി പറയുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി അപ്പോള്‍ ടാറ്റായുടെ അടുത്തെത്തിയിരുന്നു.

ടെക്‌നോപാര്‍ക്കിലേയ്ക്കുള്ള റോഡുകള്‍ വികസിപ്പിക്കാന്‍ അതിവേഗം പദ്ധതി തയ്യാറാക്കിവരികയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബൈപ്പാസ് റോഡ് നാലുവരിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ടെക്‌നോപാര്‍ക്കിന്റെ വികസനം കൂടി ലക്ഷ്യമിട്ടാണ് കഴക്കൂട്ടം-ബാലരാമപുരം മോണോറെയില്‍ പദ്ധതി നടപ്പിലാക്കുന്നത്. അത് പൂര്‍ത്തിയാകുമ്പോള്‍ യാത്രാക്ലേശത്തിന് പരിഹാരമുണ്ടാകും. പരിസര മലിനീകരണം കുറയ്ക്കുന്ന ഇത്തരം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം - മുഖ്യമന്ത്രി പറഞ്ഞു. അലയന്‍സ് സഹ സി.ഇ.ഒ അമിത് ഭാസി, ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ മെര്‍വിന്‍ അലക്‌സാണ്ടര്‍, ബിസിനസ് ഡെവലപ്‌മെന്റ് സീനിയര്‍ മാനേജര്‍ എന്‍.വാസുദേവന്‍ തുടങ്ങിയവരും സംസാരിച്ചു.

തിരുവനന്തപുരം നഗരത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത് 'അതി' സൈക്കിള്‍ ക്ലബ്ബിന്റെ മേല്‍നോട്ടത്തിലാണ്. ഇതിനായി 50 സെക്കിളുകള്‍ അലയന്‍സ് നല്‍കി. പാര്‍ക്കിലെ നാലു സ്ഥലങ്ങളില്‍ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്തിരിക്കും. ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്യണം.