തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ എന്ത് നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ മുമ്പിലുള്ള ആദ്യ സാധ്യത നടക്കാതെ വന്നാല്‍ രണ്ടാം സാധ്യതയിലേക്ക് പോകേണ്ടിവരും. എന്നാല്‍ തമിഴ്‌നാടിന് ഇപ്പോള്‍ കിട്ടുന്ന വെള്ളം തുടര്‍ന്നും നല്‍കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പുതിയ ഡാമിനായി അവര്‍ സമ്മതിക്കുമെന്നാണ് കരുതുന്നത്. തമിഴ്‌നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന പ്രത്യേക നിയമസഭായോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വെള്ളം നല്‍കാമെന്ന നമ്മുടെ നിര്‍ദേശത്തിന്റെ യുക്തിയും പ്രസക്തിയും മനസ്സിലാക്കിയാണ് പ്രധാനമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടത്. അതേ തുടര്‍ന്നാണ് ഒരുവിധ ചര്‍ച്ചക്കുമില്ല, സുപ്രീംകോടതി വിധി അടസ്ഥാനമാക്കാമെന്ന നിലപാടില്‍ നിന്ന് തമിഴ്‌നാടിന് മാറ്റമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിലെ ഈ ചര്‍ച്ച കേരളത്തിന്റെ നിലപാട് ലോകത്തെ അറിയിക്കാനാണ്. രാജ്യത്തുണ്ടായ നദീജലതര്‍ക്കങ്ങളെല്ലാം വെള്ളം കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ വെള്ളം തര്‍ക്കവിഷയമേയല്ല. ഇപ്പോള്‍ നല്‍കുന്നയളവില്‍ തുടര്‍ന്നും വെള്ളം നല്‍കുമെന്ന് ഏത് വിധേനയുള്ള ഉറപ്പും അവര്‍ക്ക് നല്‍കാന്‍ സംസ്ഥാനം തയ്യാറാണ്. വെള്ളം തരാമെന്ന് പറഞ്ഞിട്ടും സുരക്ഷിതത്വമെന്ന നമ്മുടെ ആവശ്യം അവര്‍ അംഗീകരിക്കാത്തതില്‍ ദുഃഖമുണ്ട്. ലോകത്ത് എവിടെയെല്ലാം ആണവനിലയങ്ങളുണ്ട്. എന്നാല്‍ കൂടംകുളത്തെ നിലയത്തെ സുരക്ഷിതത്വത്തിന്റെ പേരില്‍ അവര്‍ എതിര്‍ക്കുന്നു. ഒരു സാഹചര്യവും നൂറ് ശതമാനം സുരക്ഷിതമല്ല.
ഉദ്യോഗസ്ഥ, മന്ത്രി, മുഖ്യമന്ത്രിതല ചര്‍ച്ചക്ക് തമിഴ്‌നാട് തയ്യാറാകണം. കരാര്‍ നിലനില്‍ക്കുന്നതിനാല്‍ അത് കാര്യമാക്കേണ്ടെന്ന നിലപാടിനോട് യോജിപ്പില്ല. ഈ പ്രശ്‌നത്തില്‍ കരാര്‍ നിലനില്‍ക്കുന്നുവെന്നതും സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതും കേരളത്തിന്റെ പരിമിതിയാണ്. 2009-ല്‍ തന്നെ റൂര്‍ക്കി ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പൊതുചര്‍ച്ചക്ക് അത് വിധേയമാക്കാഞ്ഞതിനെ തങ്ങള്‍ കുറ്റപ്പെടുത്താത്തത് പരിമിതികള്‍ മനസ്സിലാക്കിയാണ്-മുഖ്യമന്ത്രി പറഞ്ഞു.
എ.ജി. കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലത് കൂടുതല്‍ വ്യക്തമാക്കാനുണ്ട്. സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് അക്കാര്യം പരിശോധിച്ചത്. വ്യക്തമാക്കാനുള്ള കാര്യങ്ങള്‍ കോടതി മുമ്പാകെ വ്യക്തമാക്കുക തന്നെ ചെയ്യും. മന്ത്രിസഭാ ഉപസമിതിയെ തന്നെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2011, ഡിസംബർ 10, ശനിയാഴ്‌ച
Home »
ഉമ്മന്‍ചാണ്ടി
,
oommen chandy
» തമിഴ്‌നാടിന്റെ നിലപാടില്‍ മാറ്റം കണ്ടുതുടങ്ങിയത് പ്രധാനമന്ത്രി ഇടപെട്ടതിനാല്‍ : മുഖ്യമന്ത്രി
തമിഴ്‌നാടിന്റെ നിലപാടില്‍ മാറ്റം കണ്ടുതുടങ്ങിയത് പ്രധാനമന്ത്രി ഇടപെട്ടതിനാല്‍ : മുഖ്യമന്ത്രി
