
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ വിവാദ സത്യവാങ്മൂലം നല്‍കിയതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി മന്ത്രിസഭായോഗത്തില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നു രാവിലെ പുതുപ്പള്ളിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെ വന്നു കണ്ടപ്പോളാണ് അദ്ദേഹം എ.ജിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് മുഖ്യമന്ത്രി എ.ജിയോട് നിര്‍ദേശിച്ചിരിക്കുന്നത്. എ.ജിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ലെന്നും തന്നെ മാത്രം കണ്ട് എ.ജി കാര്യങ്ങള്‍ വിശദീകരിച്ചതുകൊണ്ട് കാര്യമില്ലെന്നും എല്ലാവരോടും ഇക്കാര്യങ്ങള്‍ വിശദീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയിലെ സത്യവാങ്മൂലം വിവാദമായ പശ്ചാത്തലത്തില്‍ എ.ജിയും രണ്ട് അഡീഷണല്‍ എജിമാരും മുഖ്യമന്ത്രിയെ പുതുപ്പള്ളിയിലെ വീട്ടിലെത്തിക്കണ്ടിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും പറ്റിയാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ബദല്‍ നടപടികളെക്കുറിച്ച് കോടതി ചോദിച്ചപ്പോളാണ് എ.ജി വിവാദമായ മറുപടി നല്‍കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ അതിലുള്ള വെള്ളം ഇടുക്കി, ചെറുതോണി, കുളമാവ് തുടങ്ങിയ മൂന്നു ഡാമുകളിലായി ഉള്‍ക്കൊള്ളാമെന്നാണ് എ.ജി. വിശദീകരിച്ചത്. ഇതേത്തുടര്‍ന്ന് എ.ജിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാവുകയും എ.ജി രാജിവെക്കണമെന്ന് ആവശ്യമുയരുകയും ചെയ്തിരുന്നു.