കൊച്ചി: വൃക്ക മാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വൃക്കമാറ്റിവെയ്ക്കല്‍ നടപടിക്രമങ്ങള്‍ ചുവപ്പ് നാടയില്‍ കുടുങ്ങി നീണ്ടുപോകുന്നതിനാലാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ വൃക്ക - നേത്ര ചികിത്സയ്ക്കുള്ള പുതിയ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൃക്ക മാറ്റിവെക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നീണ്ടുപോകുന്നത് മൂലം രോഗികള്‍ക്ക് ജീവന്‍ തന്നെ നഷ്ടമാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നിയമ നടപടികളില്‍ കഴിയാവുന്നത്ര അയവ് വരുത്താന്‍ ശ്രമിക്കും. രോഗിയുടെ ജീവന്‍ രക്ഷിക്കുകയെന്നതിനാണ് പ്രാമുഖ്യം നല്‍കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അതിനൂതന ചികിത്സാ സൗകര്യങ്ങള്‍ വരെ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയില്‍ ഓപ്പറേഷന്റെയും തുടര്‍ന്നുള്ള മരുന്നിന്റെയും ചെലവ് താങ്ങാന്‍ പാവപ്പെട്ട രോഗികള്‍ക്ക് കഴിയുന്നില്ല. ഇതിനെല്ലാം പരിഹാരവും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ബാബു, പി.രാജീവ് എം.പി., എം.എല്‍.എ.മാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആസ്പത്രിയിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ.മുഹമ്മദ് ഇക്ബാല്‍ പുതിയ സൗകര്യങ്ങളെ കുറിച്ച് വിശദീകരിച്ചു. മെഡിക്കല്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ പി.വി.ആന്റണി സ്വാഗതവും മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പി.വി.ലൂയിസ് നന്ദിയും പറഞ്ഞു.
വൃക്ക-നേത്രരോഗങ്ങളുടെ ചികിത്സയ്ക്കായി അത്യാധുനിക സൗകര്യങ്ങളാണ് ആസ്പത്രിയില്‍ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 24 രോഗികള്‍ക്ക് ഡയാലിസിസ് നടത്താന്‍ ഇവിടെ കഴിയും. ആധുനിക ക്ലിനിക്കല്‍ ചെക്കപ്പ് മേഖല, അതിനൂതന സൗകര്യങ്ങളോടു കൂടിയ നേത്ര ചികിത്സാ വിഭാഗം എന്നിവയും പുതിയ സമുച്ചയത്തിന്റെ ഭാഗമാണ്.
2011, ഡിസംബർ 28, ബുധനാഴ്‌ച
Home »
ഉമ്മന്‍ചാണ്ടി
» വൃക്ക മാറ്റിവയ്ക്കല്‍ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കും - മുഖ്യമന്ത്രി
വൃക്ക മാറ്റിവയ്ക്കല്‍ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കും - മുഖ്യമന്ത്രി
