മുല്ലപ്പെരിയാര്‍: സംഘര്‍ഷം ഒഴിവാക്കാന്‍ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി

തമിഴ്‌നാടിനു വെള്ളം നല്‍കാന്‍ കേരളത്തിലുള്ളവര്‍ ഒറ്റക്കെട്ടാണെന്ന കാര്യം അവിടത്തെ രാഷ്ട്രീയ നേതൃത്വം മനസിലാക്കണമെന്നും അണക്കെട്ട് സംബന്ധിച്ചു കേരളത്തിനുള്ള സുരക്ഷാ ആശങ്ക പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതാണ് നമ്മുടെ നിലപാട്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മഹത്തരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം വേണം. അതേസമയം അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ഭീതിജനകമായ അന്തരീക്ഷം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനസമ്പര്‍ക്ക പരിപാടിക്കു ശേഷം സര്‍ക്കാരിന്റെ നയങ്ങളിലും സമീപനങ്ങളിലും പൊളിച്ചെഴുത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ എല്ലാ പരാതികളും പരിഹരിക്കാനായില്ലെങ്കിലും ഒരു പരാതി പോലും പരിഗണിക്കാതെ പോകരുതെന്നാണ് പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടികളില്‍ ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രത്യേക അവലോകനം നടത്തും. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടപ്പാക്കാന്‍ കഴിയാത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല പങ്കുള്ളത്. നിലവിലെ പല നിയമങ്ങളും തടസ്സം നില്‍ക്കുന്നു. ഇവ സംബന്ധിച്ചാണ് നയപരമായ തീരുമാനമെടുക്കുക. അദ്ദേഹം പറഞ്ഞു.
ജനസമ്പര്‍ക്കം ഒരൊറ്റ പരിപാടിയില്‍ ഒതുങ്ങുന്നില്ല. തുടര്‍ നടപടികളുണ്ടാകും. ഇത്തരം പരിപാടികള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെ ക്രിയാത്മകമായി പരിഗണിക്കാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കും. എല്ലാവരുടെയും പങ്കാളിത്തവും കൂട്ടായ പ്രവര്‍ത്തനവുമുണ്ടായാല്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. അതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. കെ. ശിവദാസന്‍ നായര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.