UDF

2011, ഡിസംബർ 20, ചൊവ്വാഴ്ച

ജനസമ്പര്‍ക്കപരിപാടി ഗിന്നസ്‌ ബുക്കില്‍

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ഗിന്നസ്‌ ബുക്കിലേക്ക്‌. ഒരു വേദിയില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ പരാതികള്‍ക്കു പരിഹാരം കണ്ടെത്തിയതിന്റെ പേരിലാണു ജനസമ്പര്‍ക്ക പരിപാടി ഗിന്നസ്‌ ബുക്കില്‍ ഇടം കണ്ടെത്തുന്നത്‌. പത്തു ജില്ലകളിലെ ജനസമ്പര്‍ക്ക പരിപാടി പൂര്‍ത്തിയായപ്പോള്‍ ഇതിനോടകം ലഭ്യമായ കണക്കുകള്‍ പ്രകാരം 2,38,000 പരാതികള്‍ക്കു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു.

ജനങ്ങളില്‍നിന്നു നേരിട്ടു ലഭിച്ച ഏറ്റവും കൂടുതല്‍ പരാതികള്‍ക്കു തല്‍സമയം പരിഹാരം കണ്ടെത്തിയ ഭരണകര്‍ത്താവെന്ന നിലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര്‌ ഗിന്നസ്‌ ബുക്കില്‍ ഉള്‍പ്പെടും. ഇതിനു മുമ്പ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയും ആന്ധ്രാപ്രദേശിലെ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ജനങ്ങളില്‍നിന്നു നേരിട്ടു പരാതി സ്വീകരിക്കുന്ന പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നെങ്കിലും ഇത്രയധികം ജനപങ്കാളിത്തം ഉണ്ടായിരുന്നില്ല. കേരള മാതൃകയില്‍ ജനസംബര്‍ക്ക പരിപാടി ആവിഷ്‌കരിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആലോചിക്കുന്നുണ്ട്‌.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്‌, കോഴിക്കോട്‌, മലപ്പുറം, വയനാട്‌, കാസര്‍ഗോഡ്‌ ജില്ലകളിലാണു ജനസമ്പര്‍ക്ക പരിപാടി ഇതുവരെ നടന്നത്‌. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതു തൃശൂര്‍ ജില്ലയിലാണ്‌. എണ്‍പത്തിമൂവായിരത്തിലേറെ പരാതികളാണ്‌ ത്യശൂരില്‍ മുഖ്യമന്ത്രിയെ കാത്തിരുന്നത്‌.

ഇതില്‍ 48,000 പരാതികള്‍ക്കും അന്നുതന്നെ പരിഹാരം കണ്ടെത്തി.എറണാകുളം ജില്ലയിലെ ജനസമ്പര്‍ക്കപരിപാടിയാണ്‌ ഏറ്റവും ദീര്‍ഘിച്ചത്‌.

തുടര്‍ച്ചയായി 19 മണിക്കൂറാണ്‌ ഒരു വേദിയില്‍ മാത്രം നിന്നു മുഖ്യമന്ത്രി പരാതി സ്വീകരിച്ചത്‌. കോട്ടയം, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലാണ്‌ ഇനി ജനസമ്പര്‍ക്കപരിപാടി നടത്താനുള്ളത്‌. ഇന്നാണ്‌ കോട്ടയത്തെ ജനസമ്പര്‍ക്ക പരിപാടി.

കോട്ടയത്ത്‌ മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്‌ 60,429 പരാതികളാണ.്‌ തൃശൂര്‍ കഴിഞ്ഞാല്‍ കോട്ടയത്താണ്‌ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്‌. മൂന്നാം സ്‌ഥാനം മലപ്പുറത്തിനാണ്‌. വ്യക്‌തിഗത ആനുകൂല്യങ്ങളാണ്‌ ജനസമ്പര്‍ക്ക പരിപാടിയിലൂടെ വിതരണം ചെയ്യുന്നത്‌. ലഭിച്ച പരാതികളില്‍ ഭൂമിസംബന്ധമായ പരാതികളും റേഷന്‍ കാര്‍ഡിലെ എ.പി.എല്‍.-ബി.പി.എല്‍ പട്ടികയിലെ അപാകത പരിഹരിക്കണമെന്ന അപേക്ഷകളും പിന്നീടേ പരിഗണിക്കൂ.