UDF

2011, ഡിസംബർ 17, ശനിയാഴ്‌ച

ജനസമ്പര്‍ക്ക പരിപാടിക്ക് സോഷ്യല്‍ ഓഡിറ്റിങ് ഏര്‍പ്പെടുത്തും -മുഖ്യമന്ത്രി




കാസര്‍കോട്: ജനസമ്പര്‍ക്ക പരിപാടിക്ക് സോഷ്യല്‍ ഓഡിറ്റിങ് (സാമൂഹിക പരിശോധന) ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടായ്മയാണ് ജനസമ്പര്‍ക്കപരിപാടി. പരിപാടിയില്‍ ലഭിക്കുന്ന എല്ലാ പരാതികള്‍ക്കും തീര്‍പ്പ് കല്പിക്കാന്‍ കഴിയില്ല. എന്നാല്‍ ബാക്കിവന്ന പരാതികള്‍ പിന്നീട് പരിഗണിക്കും -അദ്ദേഹം പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജനസമ്പര്‍ക്കപരിപാടിയില്‍നിന്ന് ലഭിച്ച പരാതികളില്‍ തുടര്‍ച്ചയായ പ്രവര്‍ത്തനമുണ്ടാകും. ഉദ്യോഗസ്ഥസംഘത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതത് മണ്ഡലത്തിലെ എം.എല്‍.എ.മാരും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരും ഇതിന് നേതൃത്വം നല്കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ മാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ല. രാഷ്ട്രീയനേതാക്കളും ജനങ്ങളുടെ സഹകരണത്തിന് എത്തണം. ജനകീയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിയമങ്ങള്‍ തടസ്സമാകുന്നുണ്ടെങ്കില്‍ അത് മാറ്റണം. ജനസമ്പര്‍ക്കത്തിന്റെ അവലോകനം നടത്താന്‍ വിവിധ ജില്ലകളില്‍ വീണ്ടുമെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (ഉദുമ), പി.ബി.അബ്ദുള്‍റസാഖ് എന്നിവര്‍ പ്രസംഗിച്ചു. കള്ളാര്‍ കെ.എന്‍.സതീഷ് സ്വാഗതം പറഞ്ഞു.