ബാംഗ്ലൂര്‍: ബന്ദിപ്പുര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധന സമയം കൂട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.
തകര്‍ന്നുകിടക്കുന്ന ബദല്‍പാതയായ ഗുണ്ടല്‍പ്പേട്ട്-ഹുല്‍സൂര്‍-കുട്ട-മാനന്തവാടി റോഡ് ഏപ്രിലോടെ ഗതാഗത യോഗ്യമാക്കുമെന്നും ബൈരക്കുപ്പ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണത്തിനായി ഊര്‍ജിത പ്രവര്‍ത്തനം നടത്തുമെന്നും മുഖ്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞതായും ഉമ്മന്‍ചാണ്ടി അറിയിച്ചു.
രാത്രിയാത്രാ നിരോധനം മൂലമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സദാനന്ദ ഗൗഡയുടെ ഔദ്യോഗിക വസതിയായ 'കൃഷ്ണ'യിലാണ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്. ഇതിനുശേഷം ഉമ്മന്‍ചാണ്ടിയാണ് പത്രലേഖകരെ കണ്ടത്.
രാത്രി ഒമ്പത് മുതല്‍ രാവിലെ ആറുവരെയാണ് ഇപ്പോഴത്തെ രാത്രിയാത്രാ നിരോധനം. ഈ സമയം ദീര്‍ഘിപ്പിച്ച് വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ ആക്കാനുള്ള നീക്കം ഉണ്ടായിരുന്നു. എന്നാല്‍, സമയം ദീര്‍ഘിപ്പിക്കില്ലെന്ന് സദാനന്ദ ഗൗഡ കേരളാ സംഘത്തിന് ഉറപ്പുനല്‍കി.
പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ കര്‍ണാടക സര്‍ക്കാറിന് ഇപ്പോള്‍ തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയില്ലെന്ന് സദാനന്ദ ഗൗഡ വിശദീകരിച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സുപ്രീംകോടതിയിലെ നിയമനടപടികള്‍ തീര്‍ന്നാല്‍ ഈ കാര്യത്തില്‍ അനുഭാവത്തോടെയുള്ള സമീപനം എടുക്കുമെന്നും ഗൗഡ അറിയിച്ചിട്ടുണ്ട്.
ബൈരക്കുപ്പ പാലത്തിനും അനുബന്ധ റോഡിനുമായി കര്‍ണാടകത്തിലെയും കേരളത്തിലെയും വനം-പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ജനവരി ആറിന് സ്ഥല പരിശോധന നടത്തും. കാര്യങ്ങള്‍ വിശദമായി പഠിച്ച ശേഷം ഇവരുടെ നിര്‍ദേശങ്ങള്‍ ജനപ്രതിനിധികള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യും. കേരളത്തില്‍ കെ.കരുണാകരനും കര്‍ണാടകത്തില്‍ വീരപ്പമൊയ്‌ലിയും മുഖ്യമന്ത്രിമാരായിരുന്ന സമയത്ത് ബൈരക്കുപ്പ പാലത്തിനായി തറക്കല്ലിട്ടിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.
മൈസൂര്‍ -അരീക്കോട് 400 കെ.വി.ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ നിര്‍മാണം കുടക് ജില്ലയിലെ പ്രതിഷേധം മൂലം നിലച്ചിരിക്കുകയാണ്. ഇവിടത്തെ കര്‍ഷകരുമായും പ്ലാന്‍േറഷന്‍ ഉടമകളുമായും ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി ഗൗഡയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മന്ത്രി പി.കെ.ജയലക്ഷ്മി, എം.പി.മാരായ എം.ഐ.ഷാനവാസ്, എം.കെ.രാഘവന്‍, എം.എല്‍.എ.മാരായ എം.വി.ശ്രേയാംസ്‌കുമാര്‍, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
2011, ഡിസംബർ 19, തിങ്കളാഴ്‌ച
Home »
ഉമ്മന്‍ചാണ്ടി
» രാത്രിയാത്രാ നിരോധന സമയം കൂട്ടില്ല-ഉമ്മന്‍ചാണ്ടി
രാത്രിയാത്രാ നിരോധന സമയം കൂട്ടില്ല-ഉമ്മന്‍ചാണ്ടി
