UDF

2011, ഡിസംബർ 10, ശനിയാഴ്‌ച

തമിഴ്നാട്ടിലും കേരളത്തിലും സ്ഥിതി നിയന്ത്രണത്തില്‍ -ഉമ്മന്‍ചാണ്ടി

തമിഴ്നാട്ടിലും കേരളത്തിലും സ്ഥിതി നിയന്ത്രണത്തില്‍ -ഉമ്മന്‍ചാണ്ടി



പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും സംഘര്‍ഷസ്ഥിതി പൂര്‍ണമായി നിയന്ത്രണത്തിലായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാലക്കാട് ജില്ലയിലെ പൊതുജന സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍െറ സുരക്ഷ ഉറപ്പാക്കുകയെന്നത് സംസ്ഥാനത്തിന്‍െറ യോജിച്ച ശബ്ദമാണ്. ഇതോടൊപ്പം, തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്താനാണ് ശ്രമം. എന്നാല്‍, ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലുമുണ്ടായി. കേരളത്തില്‍ ഇതു സംബന്ധിച്ച് സംഘര്‍ഷഭരിതമായ സാഹചര്യം സൃഷ്ടിക്കുന്നതിനെ ഒരു പാര്‍ട്ടിയും അനുകൂലിക്കുന്നില്ല.
പ്രശ്നങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചു. തമിഴ്നാട്ടിലും അധികൃതര്‍ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സമാധാനത്തോടു കൂടിത്തന്നെ പുതിയ ഡാം പണിയണം.

ജനസമ്പര്‍ക്ക പരിപാടിയില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്ന് ആരും കരുതുന്നില്ല. പക്ഷേ, ഒരു പ്രശ്നവും പരിഗണിക്കപ്പെടാതെ പോകരുത്.

സഹായിക്കാന്‍ സാധിച്ചില്ളെങ്കില്‍ അത് പരാതിക്കാരനെ കാരണസഹിതം അറിയിക്കണം. ജനസമ്പര്‍ക്ക പരിപാടിയിലെ ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ നൂറു ശതമാനം സന്തോഷമുണ്ട്. കാര്യങ്ങള്‍ നടക്കാതിരിക്കുന്നതിന് ഉദ്യോഗസ്ഥരെ മാത്രം കുറ്റം പറയരുത്.

നിയമങ്ങളിലും വ്യവസ്ഥകളിലും കാതലമായ മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ന്യായമായ കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുള്ള കുരുക്കുകള്‍ അഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പട്ടികജാതി ക്ഷേമമന്ത്രി എ.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.